തിരുവനന്തപുരം - സുഹൃത്തുക്കള്‍ അമിത അളവില്‍ മയക്കുമരുന്ന് കുത്തിവെച്ചതിനെ തുടര്‍ന്നാണ് 17 കാരന്‍ മരിച്ചതെന്ന് ആരോപണമുയര്‍ന്ന സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമാതുറ ഫെഡറല്‍ ബാങ്കിന് സമീപം തെരുവില്‍ വീട്ടില്‍ സുല്‍ഫിക്കറിന്റെയും റജിലയുടെയും മകന്‍ ഇര്‍ഫാന്‍ (17) മരിച്ച കേസില്‍ കൊട്ടാരംതുരുത്ത് സ്വദേശി ഫൈസലാണ് പോലീസിന്റെ പിടിയിലായത്. ഇയാളാണ് ഇര്‍ഫാനെ വീട്ടില്‍നിന്ന് കൂട്ടിക്കൊണ്ടു പോയത്. കഴിഞ്ഞ ദിവസമാണ് ഇര്‍ഫാനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂട്ടുകാര്‍ അമിത തോതില്‍ മയക്കു മരുന്ന് കുത്തിവെച്ചതാണ് ഇര്‍ഫാന്റെ മരണ കാരണമെന്ന് കാണിച്ച് മാതാവ് റജില പോലീസില്‍ പരാതി നല്‍കിയിരുന്നു. തലച്ചോറിലുണ്ടായ അമിത രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു. ഇത് അമിത ലഹരി ഉപയോഗം മൂലമുണ്ടായതാകാമെന്ന നിഗമനമാണ് പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ക്കുള്ളത്.ഇര്‍ഫാന്റെ ആന്തരികാവയവങ്ങളുടെ ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കൂ. തിങ്കളാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് ഇര്‍ഫാനെ സുഹൃത്തുക്കള്‍ വീട്ടില്‍ നിന്ന് വിളിച്ചു കൊണ്ടുപോയത്. രാത്രി ഏഴ് മണിയോടെ വീടിന് സമീപത്ത് ക്ഷീണിതനായ നിലയില്‍ ഇര്‍ഫാനെ ഉപേക്ഷിച്ച് ഇവര്‍ കടന്നു കളയുകയായിരുന്നു. ചില സുഹൃത്തുക്കള്‍ ചേര്‍ന്ന് എന്തോ മയക്കുമരുന്ന് മണപ്പിച്ചെന്ന് ഇര്‍ഫാന്‍ പറഞ്ഞിരുന്നുവെന്നും ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതോടെ മകനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്നും മാതാവ് റജില പറഞ്ഞു.