കോഴിക്കോട് - കൂടത്തായി കൂട്ടക്കൊലപാതകക്കേസിന്റെ വിചാരണ നടക്കുന്നതിനിടെ ശക്തമായ വാദമുഖങ്ങളാണ് വാദി ഭാഗവും പ്രതിഭാഗവും കോടതിയില്‍ ഉന്നയിക്കുന്നത്. കേസിലെ പ്രധാന പ്രതിയായ ജോളിക്കെതിരെ ശക്തമായ തെളിവുകള്‍ കോടതിയില്‍ ഉന്നയിച്ചിരിക്കുകയാണ് ഇരുപത്തൊന്നാം സാക്ഷിയായ ജോണ്‍സണ്‍. ജോളിയുമായി താന്‍ വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്നും കൊലപാതകങ്ങള്‍ നടത്തിയ വിവരം ജോളി തന്നോട് പറഞ്ഞതായും ബി.എസ് എന്‍.എല്‍ ജീവനക്കാരന്‍ കൂടിയായ ജോണ്‍സണ്‍ സാക്ഷി വിസ്താരത്തില്‍ പറഞ്ഞു.
2019 ഒക്ടോബര്‍ നാലിനാണ് അന്വേഷണ സംഘം കൊല്ലപ്പട്ടവരെ അടക്കിയ കല്ലറ പൊളിച്ചത്. ഇതിന് രണ്ട് ദിവസം മുന്‍പ് ജോളി തന്നെ വിളിച്ചു വരുത്തി കല്ലറ പൊളിക്കുന്നത് തടയാനാകുമോയെന്ന് ചോദിച്ചു. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ചോദിച്ചപ്പോഴാണ് ബന്ധുക്കളായ ആറ് പേരുടെ മരണത്തില്‍ അവര്‍ക്കുള്ള പങ്കിനെക്കുറിച്ച് ജോളി പറഞ്ഞതെന്ന് ജോണ്‍സണ്‍ മൊഴി് നല്‍കി. കല്ലറ പൊളിച്ചാല്‍ വലിയ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്നും കൊല്ലപ്പെട്ടവരുടെ ശരീര ഭാഗങ്ങള്‍ ഫോറന്‍സിക് പരിശോധനക്കയച്ചാല്‍ കുടുങ്ങുമെന്നും ജോളി പറഞ്ഞു. കല്ലറ തുറക്കുന്നതിന് മുന്‍പ് ആരെക്കൊണ്ടെങ്കിലും മൃതദേഹാവശിഷ്ടങ്ങള്‍ മാറ്റണമെന്നും അതിന് പണം കണ്ടെത്താനായി കുറേ സ്വര്‍ണ്ണാഭരണങ്ങള്‍ തന്നെ ഏല്‍പ്പിച്ചിരുന്നെന്നും ജോണ്‍സണ്‍ മൊഴി നല്‍കി. തന്റെ ഭാര്യ അറിയാതിരിക്കാനായി മറ്റൊരു ഫോണ്‍ നമ്പറില്‍ നിന്നാണ് ജോളിയുമായി സ്ഥിരമായി ബന്ധപ്പെട്ടിരുന്നത്. അതേസമയം കൊലപാതകം നടത്തിയ വിവരം വെളിപ്പെടുത്താന്‍ തക്ക ബന്ധം ജോളിയുമായി ജോണ്‍സണില്ലെന്ന് ക്രോസ് വിസ്താരത്തില്‍ പ്രതി ഭാഗം അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ജോളിയുമായി തുടര്‍ച്ചയായി ബന്ധപ്പെടാനുള്ള യാതൊരു സാഹചര്യവും ജോണ്‍സണുണ്ടായിരുന്നില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു.