മക്ക- വിശുദ്ധ ഹറമിൽ ബഹുനില മതാഫ് കോംപ്ലക്‌സിന്റെ ടെറസിൽ നിന്ന് മതാഫിലേക്ക് ചാടി ജീവനൊടുക്കിയത് അൾജീരിയൻ വംശജനായ ഫ്രഞ്ച് യുവാവ്. റമദാൻ 18 ന് മദീന എയർപോർട്ടിൽ എത്തിയ 26 കാരൻ ഒരു ദിവസം മദീനയിൽ ചെലവഴിച്ച ശേഷം മക്കയിലേക്ക് തിരിക്കുകയായിരുന്നു. മക്ക അസീസിയയിലെ ഹോട്ടലിലാണ് യുവാവ് താമസിച്ചിരുന്നത്. മൃതദേഹം മക്ക കിംഗ് ഫൈസൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച രാത്രി 9.20 ന് തറാവീഹ് നമസ്‌കാരം നടന്നുകൊണ്ടിരിക്കേയാണ് തീർഥാടകൻ ടെറസിൽ നിന്ന് ചാടി മരിച്ചത്. ടെറസിൽ ഇരുമ്പ് കൈവരിയുണ്ടായിട്ടും തീർഥാടൻ താഴേക്ക് ചാടുന്നതിനുള്ള കാരണം അറിയുന്നതിന് സുരക്ഷാ വകുപ്പുകൾ ശ്രമം തുടരുകയാണെന്ന് മക്ക പോലീസ് അറിയിച്ചു.
കൈവരിയിൽ കയറി യുവാവ് താഴേക്ക് ചാടുകയായിരുന്നു. തലയിടിച്ചാണ് ഇയാൾ താഴേക്ക് വീണത്. രക്ഷാപ്രവർത്തകർ കുതിച്ചെത്തി പ്രാഥമിക ശുശ്രൂഷകൾ നൽകിയിരുന്നു. ഉടൻ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ അജ്‌യാദ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.