തിരുവനന്തപുരം - കായലുകള്‍ക്കും നദികള്‍ക്കും മീതെ നിര്‍മ്മിക്കുന്ന പാലങ്ങള്‍ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കൂടി ആക്കാന്‍ ലക്ഷ്യമിട്ട് വിദേശ രാജ്യങ്ങളുടെ മാതൃകയിലാക്കാന്‍ പൊതുമരാമത്ത് വകുപ്പ് പദ്ധതി. നിലവിലെ ആര്‍ച്ച്, വോയിഡഡ് സ്ലാബ് ഡിസൈനുകള്‍ക്ക് പകരം കൂറ്റന്‍ സ്റ്റീല്‍ പൈപ്പ് തൂണുകളില്‍ ആകര്‍ഷകമായ രൂപകല്‍പനയോടെയാകും ഇനി പാലങ്ങളുടെ നിര്‍മ്മാണം. ഇത് പാലങ്ങളെ കൂടുതല്‍ ആകര്‍ഷകമാക്കും. പാലത്തിന്റെ ഇരുവശങ്ങളിലും കായല്‍, നദീ സൗന്ദര്യം ആസ്വദിക്കാനും സൗകര്യമൊരുക്കും.
പാലങ്ങളോട് ചേര്‍ന്ന് ഉപയോഗമില്ലാതെ കിടക്കുന്ന പൊതുസ്ഥലങ്ങളില്‍ വയോജന പാര്‍ക്ക്, സ്‌കേറ്റിംഗ്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള ഇടം തുടങ്ങിയവയും ലക്ഷ്യമിടുന്നു. നൂതന ഡിസൈനില്‍ നിര്‍മ്മിച്ച ആലപ്പുഴ വലിയഴീക്കല്‍, കൂട്ടുംവാതുക്കല്‍ കടവ് പാലങ്ങള്‍ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളാണ്. കായലും കടലും പാലത്തിന്റെ നിര്‍മ്മാണഭംഗിയും ആകര്‍ഷിക്കുന്നത് നിരവധി പേരെയാണ്. അഷ്ടമുടിക്കായലിന് കുറുകെ നിര്‍മ്മിക്കുന്ന പെരുമണ്‍ പേഴുംതുരുത്ത് പാലവും കായല്‍സൗന്ദര്യം ആസ്വദിക്കാനുതകുന്ന രീതിയിലാക്കും. ഇരുഭാഗത്തും നിര്‍മ്മാണം പൂര്‍ത്തിയായ പാലത്തിന്റെ മധ്യഭാഗം വീതി കൂട്ടി നിര്‍മ്മിക്കാന്‍ ചെന്നൈ ഐ.ഐ.ടിയുടെ ഉപദേശം തേടിയിട്ടുണ്ട്.
ഗതാഗതത്തിന് ഉപയോഗിക്കാത്ത പഴയ പാലങ്ങളില്‍ ഫുഡ് കോര്‍ട്ടും കഫറ്റീരിയയും സ്ഥാപിച്ച് സഞ്ചാരികളെ ആകര്‍ഷിക്കും. പ്രാദേശിക വിഭവങ്ങളും സംഗീതവും കലാരൂപങ്ങളും ഉണ്ടാകും.
കായലുകള്‍ക്കും നദികള്‍ക്കും മീതേ പണിത 50 പാലങ്ങള്‍ നിശാ ടൂറിസം ഹബ്ബുകളാക്കും. പെയിന്റടിച്ചും എല്‍.ഇ.ഡി ദീപാലങ്കാരത്തിലൂടെയും മനോഹരമാക്കും. പാലങ്ങളില്‍ പ്രദേശത്തിന്റെ ചരിത്രവും പൈതൃകവും എല്‍.ഇ.ഡി സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കും. അനുഷ്ഠാനകലകളുടെ താളവട്ടങ്ങളും ഫ്യൂഷന്‍ സംഗീതവും മുഴങ്ങും.