Sorry, you need to enable JavaScript to visit this website.

പ്രണബിന്റെ കണ്ണാടിയും ആർ.എസ്.എസും

ചോദ്യം ഉയർത്തിയവർക്കും ആശങ്കപ്പെട്ടവർക്കും താൽക്കാലികമായെങ്കിലും ആശ്വാസം നൽകി മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയുടെ ആർ.എസ്.എസ് ആസ്ഥാന സന്ദർശനം അവസാനിച്ചത് നന്നായി. എന്നാൽ ആർ.എസ്.എസിന്റെ നാഗ്പൂർ ആസ്ഥാനത്തെ ആർ.എസ്.എസ് തൃതീയ വർഷ പരിപാടിയുടെ സമാപനത്തിൽ അതിഥിയായി ചെന്ന പ്രണബും അദ്ദേഹത്തിന്റെ ആതിഥേയരും മറുപടി പറയേണ്ട ചോദ്യങ്ങൾ തുടങ്ങുന്നേയുള്ളൂ.
ദേശം, ദേശീയത, ദേശസ്‌നേഹം എന്നീ വിഷയങ്ങളെക്കുറിച്ചാണ് മുൻ രാഷ്ട്രപതി പ്രണബ് മുഖർജി നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനത്ത് അര മണിക്കൂർ സംസാരിച്ചത്. ഈ വിഷയം നിശ്ചയിച്ചത് ആർ.എസ്.എസോ സ്വയം പ്രണബ് മുഖർജിതന്നെയോ - വ്യക്തമല്ല. രണ്ടായാലും ഒരു രാഷ്ട്രീയ പാർട്ടിയിലും ഇപ്പോൾ അംഗമല്ലെന്ന് വിശദീകരിച്ച് സ്വന്തം മകളുടെ എതിർപ്പു പോലും പരിഗണിക്കാതെയാണ് പ്രണബ് ചടങ്ങിനെത്തിയത്. 
പോകുന്നു എന്നതല്ല അവിടെ എന്തു പറയുന്നു എന്നാണ് നോക്കേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായീകരണം. അതിനൊത്ത ഒരു പ്രസംഗം തയാറാക്കിയത് സ്വാഭാവികം. പക്ഷേ, അവിടെ വന്നതോ ഒരു ദിവസം മുൻകൂട്ടിയെത്തി നിർവ്വഹിച്ചതോ ആയ കാര്യങ്ങൾ നാഗ്പൂർ പരിപാടിയുടെ യഥാർത്ഥ ലക്ഷ്യം വെളിപ്പെടുത്തുന്നു.  ആർ.എസ്.എസിനും പ്രണബിനും പരസ്പരം നേട്ടമുണ്ടാക്കുന്ന ഒരു ഉള്ളടക്കം അതിനുണ്ടെന്ന്.
അര നൂറ്റാണ്ടിന്റെ പൊതുജീവിതത്തിൽനിന്ന് സ്വായത്തമാക്കിയ ചില സത്യങ്ങൾ  പങ്കുവെക്കുകയാണെന്നാണ് പ്രസംഗമധ്യേ അദ്ദേഹം പ്രത്യേകം വെളിപ്പെടുത്തിയത്. മുൻ രാഷ്ട്രപതി അബ്ദുൽ കലാം കാണിച്ച ആ മാതൃക പ്രണബ് പിന്തുടർന്നിട്ടില്ല. 
ആർ.എസ്.എസിന്റെ ഭടന്മാരായി മൂന്നു വർഷത്തെ പരിശീലനം നേടി പുറത്തിറങ്ങുന്ന യുവപ്രവർത്തകരോട് സംസാരിക്കാനാണ് പ്രണബ് ചെന്നത്.  ആർ.എസ്.എസ് സ്ഥാപകനായ ഡോ. കേശവ ബലിറാം   ഹെഡ്‌ഗേവാറിന്റെ വസതിയും സ്മാരകവും ഗുരുജി ഗോൾവൾക്കറുടെ സ്മൃതിമന്ദിരവും സന്ദർശിച്ച്   ആദരാഞ്ജലി അർപ്പിച്ച ശേഷം.  ആർ.എസ്.എസ് പതാക ഉയർത്തൽ ചടങ്ങിലും  സംഘ പ്രാർത്ഥനയിലും അദ്ദേഹം പങ്കെടുത്തു. പരിശീലനം പൂർത്തിയാക്കിപ്പോകുന്ന ശിക്ഷകരുടെ ദണ്ഡ, നിയുദ്ധ, വ്യായാംയോഗ് തുടങ്ങിയ ശാരീരികാഭ്യാസങ്ങളും ഇന്ത്യൻ സൈനിക വിഭാഗങ്ങളുടെ കമാന്ററായിരുന്ന   അദ്ദേഹം വീക്ഷിച്ചു. പരിശീലനം പൂർത്തിയാക്കിയ വിദേശത്തുനിന്നുള്ളവരടക്കം ഉൾപ്പെട്ട അർദ്ധസൈനിക വിഭാഗത്തോടുള്ള സർസംഘ് ചാലകിന്റെ പതിവ് ആഹ്വാന ഭാഷണവും അദ്ദേഹം കേട്ടു. ഒടുവിലാണ് പ്രണബ് സംസാരിച്ചത്. 
ദേശമോ ദേശസ്‌നേഹമോ ഒരു തർക്കവിഷയമല്ല. ഇന്ത്യയിൽ ദേശീയത തീർത്തും ഇന്നത്തെ  സാഹചര്യത്തിൽ വിവാദ വിഷയമാണ്. പ്രണബ് പ്രസംഗത്തിൽ പരാമർശിച്ച ഗാന്ധിജിയും നെഹ്‌റുവും നിർവ്വചിച്ച ദേശീയതയല്ല ആർ.എസ്.എസിന്റേത്. ഇന്ത്യൻ ജനാധിപത്യം അപകടത്തിലാണെന്ന മുന്നറിയിപ്പ് സുപ്രീം കോടതിയിൽനിന്നും രാഷ്ട്രപതി ഭവനിലും മുന്നറിയിപ്പായെത്തുന്ന ഉൽക്കണ്ഠാകുലമായ സാഹചര്യമാണ് രാജ്യത്തുള്ളത്. ഈയിടെ മാത്രം രാഷ്ട്രപതി ഭവനിൽനിന്നു ഔദ്യോഗികമായി പടിയിറങ്ങിയ പ്രണബ് മുഖർജി ജനാധിപത്യത്തെപ്പറ്റി എന്തേ പരാമർശിക്കാതെ പോയത്. 
ഒരു ഭാഷയോ ഒരു മതമോ ഒരു പൊതുശത്രുവോ അല്ല ഇന്ത്യയുടെ ദേശീയതയെന്ന് പ്രണബ് പറഞ്ഞത് ശരി തന്നെ. വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകുന്നതിനെ നിഷേധിക്കാനാകില്ലെന്നതും.  പക്ഷേ, മറിച്ചാണ് ചുറ്റും നടക്കുന്നത് എന്ന് അദ്ദേഹത്തിന് അറിയാഞ്ഞിട്ടല്ല.   മതനിരപേക്ഷതയുടെ കാര്യത്തിൽ രാജ്യത്ത് നടക്കുന്നതും മനസ്സിലാകാത്ത ആളല്ല. എന്നിരിക്കേ  ജനാധിപത്യവും മതനിരപേക്ഷതയും പ്രസംഗ വിഷയമാകാതിരുന്നത് ആരുടെ തീരുമാനം കൊണ്ടാണെന്ന് ചോദിക്കേണ്ടിവരുന്നു.
ആർ.എസ്.എസിന്റെ ഹിന്ദുത്വ വർഗീയതയുടെ ചരിത്രവും രാഷ്ട്രീയവും പഠിച്ചവരോടാണ് സഹവർത്തിത്വത്തിന്റെയും ഐക്യത്തിന്റെയും ആധുനിക ഇന്ത്യയെക്കുറിച്ച് പ്രണബ് പ്രസംഗിക്കുന്നത്.   ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളെകുറിച്ച് പറയുന്നത്.  
കോൺഗ്രസ് അടക്കമുള്ള ദേശീയ പ്രസ്ഥാനങ്ങൾ മുന്നോട്ടുവെച്ച ഒരു ഇന്ത്യയല്ല ആർ.എസ്.എസിന്റെ ഇന്ത്യ. ഇന്ത്യാ വിഭജനത്തിന്റെ വർഗീയ ഭ്രാന്തൊഴുക്കിയ ചോരച്ചാലുകളിൽനിന്ന് ഇന്നത്തെ ഇന്ത്യയെ അവസാനം പുനർജീവിപ്പിച്ചെടുത്തത് ഗാന്ധിജി സ്വന്തം ജീവൻ   ബലി നൽകിയാണ്. ബഹുസ്വരതയുടെ ഇന്ത്യയെ ഹിന്ദുത്വം അംഗീകരിക്കുന്നില്ല. ഹെഡ്‌ഗേവാറിന്റെ ഇന്ത്യൻ ദേശീയത മതനിരപേക്ഷതയുടെ ബലിക്കല്ലാണ്. ആർ.എസ്.എസിന്റെ ചിന്താധാരയായ 'വിചാരധാര'യിൽ ഭാരതത്തിന്റെ ദേശീയത എന്നാൽ ഹിന്ദു ജനതയുടേതാണെന്ന് ഹെഡ്‌ഗേവാർ സ്ഥാപിക്കുന്നു.  'ചുരുക്കിപ്പറഞ്ഞാൽ ഇന്ത്യ ഹിന്ദുരാഷ്ട്രമാണെ'ന്നും. 
ഈ മണ്ണിന്റെ മക്കളാണെന്ന് അവകാശപ്പെടുന്ന ഹിന്ദുക്കളും മുസ്ലിംകളും ഉണ്ടെന്നും ഹെഡ്‌ഗേവാർ ചൂണ്ടിക്കാട്ടുന്നു. ഈ നാട്ടിൽ ജനിച്ച അവർ ഈ നാടിനോട് കൂറും കൃതജ്ഞതയുമുള്ളവരാണോ എന്ന് തെളിയിക്കേണ്ടതുണ്ട്. മതവിശ്വാസത്തിൽ മാറ്റം വരുത്തുന്നതോടൊപ്പം രാഷ്ട്രത്തോടുള്ള അവരുടെ സ്‌നേഹവും ഭക്തഭാവവും വേറിട്ടുപോകും. ആ ദർശനമാണ് ആർ.എസ്.എസ് ശിക്ഷാപരിശീലനത്തിലൂടെ പ്രണബ് കണ്ട പരിശീലകർക്ക് നൽകിയത്. പ്രണബിന്റെ അര മണിക്കൂർ പ്രസംഗം ഉറപ്പിച്ചെടുത്ത ധാരണ തുടച്ചുനീക്കിയോ. അതോ, ആർ.എസ്.എസ് നേതൃത്വത്തെ തന്നെ പരിവർത്തനം ചെയ്‌തോ.
മുസ്ലിംകളും ക്രിസ്ത്യാനികളും പുണ്യസ്ഥലമായി കാണുന്നത് വിദേശ രാജ്യങ്ങളെയാണെന്ന് ഹെഡ്‌ഗേവാർ പറയുന്നു. അക്രമികളായി വരുന്നവരോട് ചേർന്നുനിൽക്കുന്നവരാണ് അവർ. വേറിട്ട മതം ദേശീയതയിലും മാറ്റം വരുത്തും. മാതൃരാഷ്ട്രത്തെ ഉപേക്ഷിച്ച് ശത്രുവിന്റെ പാളയത്തോട് ചേരാൻ സ്വാധീനിക്കും.  അത് രാജ്യദ്രോഹമല്ലെങ്കിൽ മറ്റെന്താണ് എന്നാണ് ആർ.എസ്.എസ് തത്വശാസ്ത്രം ചോദിക്കുന്നത്.  
ഈ ഹിന്ദുത്വ രാഷ്ട്രീയം സൃഷ്ടിക്കുന്ന വർഗീയ ധ്രുവീകരണത്തിന്റെയും വിഘടനത്തിന്റെയും ഭീതിയിലാണ് ഇന്ത്യ ഇന്ന്. ആ വേളയിലാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും കസ്റ്റോഡിയനായിരുന്ന മുൻ രാഷ്ട്രപതി പ്രണബ് മുഖർജി നാഗ്പൂരിലെ ആർ.എസ്.എസ് കേന്ദ്രത്തിലെത്തുന്നത്. ആർ.എസ്.എസുകാർ പറയുന്നതൊന്നും പ്രവർത്തിക്കുന്നത് മറ്റൊന്നുമാണെന്ന് ആവർത്തിച്ച് കോൺഗ്രസുകാരെ ബോധ്യപ്പെടുത്താൻ ശ്രമിച്ച നെഹ്‌റുവിന്റെ വാക്കുകളാണ് അവിടെച്ചെന്ന് ഉദ്ധരിക്കുന്നത്. എന്തു കാര്യം!
ഹെഡ്‌ഗേവാർ കോൺഗ്രസിൽ പ്രവർത്തിച്ചു കാണും. ആർ.എസ്.എസും അതിന്റെ തത്വശാസ്ത്രവും രൂപപ്പെടുത്തിയ ഹെഡ്‌ഗേവാറിന്റെ സ്മാരകത്തിനു മുമ്പിൽ ഭാരതാംബയുടെ പുത്രന് ആദരാഞ്ജലി അർപ്പിച്ചാണ് മുൻ കോൺഗ്രസ് നേതാവ് കൂടിയായ പ്രണബ് ആർ.എസ്.എസ് ആസ്ഥാനത്തെത്തിയത്. അര നൂറ്റാണ്ടു കാലത്തെ ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്രം അവിടെ ഓർത്തെടുക്കാൻ ശ്രമിച്ചത്.  എന്നാൽ അതുമായി ബന്ധപ്പെട്ട നാഗ്പൂരിന്റെ ചരിത്രം പക്ഷേ ഓർക്കാൻ പ്രണബിന് കഴിയാതെ പോയി. 
1920 സെപ്റ്റംബറിൽ കൊൽക്കത്തയിൽ ചേർന്ന കോൺഗ്രസിന്റെ പ്രത്യേക സമ്മേളനം അംഗീകരിച്ച സ്വരാജിനു വേണ്ടിയുള്ള കരട് പ്രമേയവും  നിസ്സഹകരണ പ്രസ്ഥാനം തുടങ്ങാനുള്ള തീരുമാനത്തിനും കോൺഗ്രസ് ഭരണഘടനയ്ക്കും അംഗീകാരം നൽകാനാണ്  എ.ഐ.സി.സി സമ്മേളനം തുടർന്ന്  നാഗ്പൂരിൽ നടന്നത്. അതിന്റെ ചരിത്ര പ്രാധാന്യം വിശദീകരിച്ചാണ് ആത്മകഥയായ 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങ'ൾ ഗാന്ധിജി അവസാനിപ്പിക്കുന്നത്. ഹിന്ദു - മുസ്ലിം ഐക്യത്തിന്റെയും അയിത്ത നിർമ്മാർജ്ജനത്തിന്റെയും പ്രമേയങ്ങൾകൂടി അംഗീകരിക്കുന്നത്.  
ഗാന്ധിജിയെ വധിച്ച് സ്വതന്ത്ര ഇന്ത്യയുടെ വെളിച്ചം കെടുത്തിയതിന് നിരോധനം ഏറ്റുവാങ്ങേണ്ടിവന്നത് ആർ.എസ്.എസാണ്.  ഇന്ത്യയിലെ ഏറ്റവും മഹാനും ഈ യുഗത്തിലെ ഏറ്റവും വലിയ ഹിന്ദുവുമായ ഗാന്ധിജിയോട് ഇത് ചെയ്തത് ഒരു ഹിന്ദുവാണെന്നത് ഹിന്ദുവായ എന്നെ  നാണിപ്പിക്കുന്നു എന്നാണ് പ്രധാനമന്ത്രി നെഹ്‌റു പറഞ്ഞത്.  ആ മതഭ്രാന്തന്റെ മനസ്സിൽ വിഷം കുത്തിവെച്ചത് ഹിന്ദുത്വ വർഗീയ ശക്തികളാണെന്നാണ് വിശദീകരിച്ചത്. ഇതിന്റെ പേരിലായിരുന്നു ആർ.എസ്.എസ് നിരോധനം.  
 രാഷ്ട്രീയത്തിൽ ഇടപെടില്ലെന്നതടക്കമുള്ള ആഭ്യന്തര മന്ത്രി പട്ടേൽ മുന്നോട്ടുവെച്ച കരാർ  നിബന്ധനകൾ സമ്മതിച്ചാണ് നിരോധം പിന്നീട് പിൻവലിച്ചത്. ആ ഉറപ്പിൽ തടവറയിൽനിന്നു മോചിതരായ ആർ.എസ്.എസിന്റെ ആസ്ഥാനത്താണ് പ്രണബ് ചെന്നത്. ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തേയും അതിന് ഉത്തരവാദികളായവരുടെ രാഷ്ട്രീയ ചരിത്രത്തെയും  പ്രണബ് പരാമർശിക്കാതെ പോകുന്നത് യാദൃഛികമല്ല.  
ഗാന്ധിജിയെ വധിച്ചതിന്റെ ന്യായീകരണമായി നാഥുറാം വിനായക ഗോഡ്‌സെയും ഇതേ തത്വശാസ്ത്രം തന്നെയാണ് അന്ന് കോടതിയിൽ അവതരിപ്പിച്ചത്:
'ദേശീയ പ്രസ്ഥാനങ്ങളോടുള്ള മുസ്ലിംകളുടെ  ശത്രുതയായിരുന്നു പാക്കിസ്ഥാൻ രൂപീകരണത്തിന്റെ കാരണം... എന്റെ മനസ്സിൽ ഗാന്ധിജിയാണ് പാക്കിസ്ഥാന്റെ വലിയ വക്താവും പ്രേരകനും.  ഒരു ശക്തിക്കും അദ്ദേഹത്തിന്റെ ഈ മനോഭാവത്തെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല.  എന്നെ സംബന്ധിച്ചിടത്തോളം ഗാന്ധിജിയെ ഈ ലോകത്തുനിന്ന് ഒഴിവാക്കുക എന്നതാണ് മുസ്ലിം അതിക്രമങ്ങളിൽനിന്നും ഹിന്ദുക്കളെ മോചിപ്പിക്കാൻ ഏറ്റവും ഫലപ്രദമായ വഴി....
..അഹിംസാവാദം രാജ്യത്തെ നശിപ്പിക്കും.  മുസ്ലിംകൾക്ക് ബാക്കിയുള്ള ഇന്ത്യയിലേക്കു കൂടി കടന്നുകയറാനും കൈവശപ്പെടുത്താനും അവസരമുണ്ടാക്കും... ലക്ഷക്കണക്കിന് ഹിന്ദുക്കളുടെ നാശത്തിനും കഷ്ടപ്പാടിനും കാരണമാകുന്ന പ്രവൃത്തിയും പദ്ധതിയും ആരുടെയാണോ ആ വ്യക്തിക്കു നേരെയാണ് ഞാൻ നിറയൊഴിച്ചത്.'     രാഷ്ട്രപതി പ്രണബ് മുഖർജിയാണ് ആർ.എസ്.എസിന്റെ വിശ്വസ്തനായ നരേന്ദ്ര മോഡിക്ക് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്.  അത് ഭരണഘടനാ ചുമതലയായിരുന്നു. മോഡിയുടെ ഭരണത്തിലാണ് നാഥുറാം ഗോഡ്‌സെയുടെ പ്രതിമകളും ഛായാചിത്രങ്ങളും ആർ.എസ്.എസും ഹിന്ദു മഹാസഭയും രാജ്യത്ത് ഉയർത്തുന്നത്. ഇതിനിടയിലാണ് സമ്പർക്ക പരിപാടിയുടെ ഭാഗമായി ആർ.എസ്.എസ് സർസംഘ് ചാലക് മോഹൻ ഭഗവത് രാഷ്ട്രപതി ഭവനിൽ ചെല്ലുന്നത്. ആർ.എസ്.എസ് ആസ്ഥാനത്തേക്ക് കാലേക്കൂട്ടി പ്രണബിനെ ക്ഷണിച്ചതും.  അതിന്റെ ഭാഗമായി നടന്ന ചടങ്ങിൽ ഗാന്ധി വധമോ ആർ.എസ്.എസിന്റെ പേരു പോലുമോ പ്രണബ് മുഖർജിയെപ്പോലെ കൗശലക്കാരനും ബുദ്ധിരാക്ഷസനുമായ ഒരു രാഷ്ട്രീയക്കാരൻ പരാമർശിക്കാതെ പോയത് ബോധപൂർവ്വമാണ്.
ആർ.എസ്.എസ് തിരുത്തിയെഴുതുന്ന പുതിയ ഇന്ത്യാ ചരിത്രത്തിന്റെ അടിത്തറയായ ഹിന്ദുത്വ ദേശീയത രാജ്യത്താകെ ചർച്ചയാക്കണമെന്നതാണ് അവരുടെ യഥാർത്ഥ അജണ്ട. 
സുതാര്യമല്ലാതെ നടത്താറുള്ള നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനത്തെ തൃതീയ ശിക്ഷാവർഗ് പരിപാടി തത്സമയ സംപ്രേഷണത്തിലൂടെ രാജ്യത്താകെ അവതരിപ്പിച്ചത് ആസൂത്രിതമാണ്.   ഇന്ത്യൻ ബഹുസ്വരതയും മതനിരപേക്ഷതയും ജനാധിപത്യവുമാണ് ഇന്ത്യൻ ദേശീയതയുടെ അടിസ്ഥാനമെന്നാണ് പ്രണബ് പ്രസംഗിച്ചത്. അതിനെതിരാണ് ആർ.എസ്.എസിന്റെ ഏകമത - ഹിന്ദുത്വ അജണ്ടയെന്ന് പറയാതെ. അതുകൊണ്ട് പ്രണബ് മതനിരപേക്ഷതയും ദേശീയതയും ഉയർത്തിപ്പിടിച്ചെന്ന് ന്യായീകരിക്കുന്നതിന് അർത്ഥമില്ല.
 കാരണം. ഹെഡ്‌ഗേവാർക്കും ആർ.എസ്.എസിനും സാഷ്ടാംഗം പ്രണാമമർപ്പിക്കുന്ന പ്രണബ് മുഖർജി ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും ഇന്ത്യയുടെയും ചരിത്രവും തത്വശാസ്ത്രവും സ്വയം തള്ളിപ്പറയുകയാണ്. ബി.ജെ.പിക്കും ആർ.എസ്.എസിനും എതിരെ രാജ്യത്തെ മതേതര വിശ്വാസികൾ ജാതി- മത - രാഷ്ട്രീയ വ്യത്യാസം മറന്ന് ഒന്നിക്കുന്ന മുഹൂർത്തത്തിലാണിത്.  പ്രണബ് ബോധപൂർവ്വം ആർ.എസ്.എസിനെ വെള്ളപൂശുകയാണ്.  
ഇല്ല, പ്രണബ് താങ്കളോടും താങ്കൾക്ക്  ആതിഥ്യം നൽകിയ ആർ.എസ്.എസ് നേതൃത്വത്തോടുമുള്ള ചോദ്യങ്ങൾ ഇവിടെ അവസാനിച്ചിട്ടില്ല.  തുടങ്ങിയിട്ടേയുള്ളൂ. അത് രാജ്യത്തിന്റെ നാനാ കോണുകളിൽനിന്നും നിങ്ങൾക്കു നേരെ ഇനിയും ഉയരാൻ പോകുന്നതേയുള്ളൂ.


 

Latest News