ഇനി അന്തർസംസ്ഥാന യാത്രകൾ വേറെ ലെവൽ. കർണാടക സർക്കാരാണ് അത്യാധുനിക സൗകര്യങ്ങളോടെ ആഡംബര ബസുകൾ ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് ആരംഭിച്ചത്. ഹൈദരാബാദ്, സെക്കന്തരാബാദ്, പനാജി, മുംബൈ, ചെന്നൈ, മംഗളൂരു എന്നിവിടങ്ങളിലേക്കും സർവീസുണ്ടെങ്കിലും കേരളമാണ് ലക്ഷുറിയുടെ കൊടുമുടിയായ ഈ രാത്രിയാത്ര വാഹനങ്ങളുടെ ലക്ഷ്യം. യൂറോപ്യൻ രാജ്യങ്ങളിലേതിന് സമാനമാണ് ഈ നൂതന ബസുകൾ. സ്‌കാൻഡിനേവിയൻ സ്റ്റൈലിൽ ഡിസൈൻ ചെയ്തു. ഓരോന്നിനും രണ്ടു കോടി രൂപയോളമാണ് മുടക്കിയത്. കൂടുതൽ ബസുകൾ യാത്രയുടെ ആഘോഷമാക്കി (അംബാരി ഉത്സവ്) മാറ്റാനുള്ള തിരക്കിലാണ് അയൽ സംസ്ഥാനത്തെ അധികൃതർ.
കർണാടക കെ.എസ്.ആർ.ടി.സി യാത്രക്കാർക്ക് സൗകര്യമൊരുക്കുന്ന കാര്യത്തിൽ എന്നും ഒരു പടി മുന്നിലാണ്. ഏതാനും വർഷങ്ങൾക്കപ്പുറം ഐരാവത് ബസുകളിറക്കിയാണ് മനം കവർന്നു തുടങ്ങിയത്. ഒരു ബേബിയെ പോലെ കിടന്നുറങ്ങാം എന്നതായിരുന്നു പരസ്യ വാചകം. മാന്യമായി പെരുമാറുന്ന ക്രൂ മാത്രമായിരുന്നില്ല ഇതിന്റെ ആകർഷകത്വം. സ്‌റ്റോപ്പില്ലാത്ത സർവീസിന് യാത്ര സമയം വളരെ കുറവായിരുന്നു. ഇപ്പോഴിതാ ഉറങ്ങിപ്പോകാനുള്ള സൗകര്യമൊരുക്കി കർണാടക അംബാരി ഉത്സവ് രംഗത്തിറക്കിയിരിക്കുന്നു.
അത്യാഡംബരവും സുഖപ്രദവുമായ 20 എസി മൾട്ടി ആക്‌സിൽ സ്ലീപ്പർ ബസുകളാണ് കർണാടക ആർ.ടി.സി ഇറക്കിയത്. 'അംബാരി ഉത്സവ്' എന്ന പേരുള്ള ബസിൽ ഒരേ സമയം 40 പേർക്ക് കിടന്നു യാത്ര ചെയ്യാനുള്ള സൗകര്യമാണുള്ളത്. കഴിഞ്ഞ മാസം 21 ന് വിധാൻ സൗധയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയാണ് അംബാരി ഉത്സവ് ഫ്ലാഗ് ഓഫ് നിർവഹിച്ചത്.
ഇരുപത് ബസുകൾ റോഡിലിറക്കാൻ ആലോചിച്ചപ്പോൾ തന്നെ പതിനാലും കേരളത്തിലേക്കായിക്കോട്ടെയെന്ന് തീരുമാനിച്ചവരാണ് അയൽ സംസ്ഥാനത്തെ അധികൃതർ. കാരണം അവർക്കറിയാം മലയാളികളുടേതാണ് ട്രാഫിക് ഏറെയും. കേരളത്തിന്റെ തലസ്ഥാനത്തെയും കൊച്ചിയെയും പ്രത്യേകം പരിഗണിച്ചിട്ടുണ്ട്.
എറണാകുളത്തേക്ക് രണ്ടും തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഓരോ ബസും സർവീസ് നടത്തും. എറണാകുളത്തേക്ക് 1700 രൂപയും തൃശൂരിലേക്ക് 1500 രൂപയും തിരുവനന്തപുരത്തേക്ക് 1700 രൂപയുമാകും ടിക്കറ്റ് നിരക്ക്. തിരുവനന്തപുരം, എറണാകുളം, തൃശൂർ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ് ആദ്യ സർവീസുകൾ.
വോൾവോയുടെ ബി.എസ് 6 -9600 ശ്രേണിയിൽപെട്ട ബസാണിത്. ഐ ഷിഫ്റ്റ് ഓട്ടോമാറ്റിക് ഗിയർ, സുരക്ഷക്കായി ഹൈഡ്രോ ഡൈനാമിക് റിട്ടാർഡർ, എ.ബി.എസ് ബ്രേക്ക്, 8 എയർ സസ്‌പെൻഷൻ സിസ്റ്റം, ട്യൂബ്‌ലസ് ടയറുകൾ എന്നിവയുള്ള ബസുകൾ ക്ഷീണമില്ലാത്ത യാത്രയാണ് പ്രദാനം ചെയ്യുക. ഓരോ ബർത്തിലും റീഡിങ് എൽ.ഇ.ഡി ലൈറ്റുകൾ, മൊബൈൽ ചാർജിങ് പോയന്റ്, വിൻഡോ കർട്ടൻ എന്നിവയും ഒരുക്കിയിട്ടുണ്ട്.
കൂടുതൽ ബസുകൾ വരുന്നതോടെ മൈസൂരു, മംഗളൂരു എന്നിവിടങ്ങളിൽനിന്ന് എറണാകുളത്തേക്കും അംബാരി ഉത്സവ് സർവീസുകൾ ആരംഭിക്കുമെന്ന് കർണാടക ആർ.ടി.സി കേരള മേഖല ലെയ്‌സൺ ഓഫീസർ ജി. പ്രശാന്ത് പറഞ്ഞു. കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്ക് നോൺ എ.സി സ്ലീപ്പർ സർവീസും തുടങ്ങും. ചുരം പാതകളിലൂടെ പരീക്ഷണ ഓട്ടം വിജയിച്ചാൽ മലബാർ മേഖലയിലേക്കും മൾട്ടി ആക്‌സിൽ സ്ലീപ്പർ ബസുകൾ ആരംഭിക്കും. താമരശ്ശേരി ചുരത്തിലൂടെയും പേര്യ ചുരത്തിലൂടെയും ഈ വലിയ ബസുകൾ കടന്നു പോകേണ്ടതുണ്ട്.
കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്ന് രാത്രികാലങ്ങളിൽ ഡസൻ കണക്കിന് സ്വകാര്യ ബസുകളാണ് ബംഗളൂരുവിലേക്ക് സർവീസ് നടത്തുന്നത്.
ഇത്രയൊക്കെയുണ്ടെങ്കിലും കേരളത്തിൽ ഏതെങ്കിലും ഉത്സവ സീസൺ സമാഗതമായാൽ അങ്ങോട്ട് അടുക്കാൻ പറ്റാത്ത തിരക്കായിരിക്കും. പെരുന്നാൾ, ഓണം, ക്രിസ്മസ് സീസണുകളൊക്കെ സ്വകാര്യ ബസുകാർ കഴുത്തറുപ്പൻ നിരക്ക് ഈടാക്കാറാണ് പതിവ്. ട്രെയിൻ സർവീസുകൾ കുറഞ്ഞതും തിരക്കേറാൻ കാരണമാണ്. കണ്ണൂരിൽ നിന്ന് യശ്വന്ത്പുരയിലേക്ക് (ബംഗളൂരുവിന്റെ സാറ്റലൈറ്റ് ടൗൺ) രണ്ടു ട്രെയിൻ സർവീസുണ്ട്. ഇതിലൊരെണ്ണം മംഗളൂരു വഴിയും മറ്റേത് പാലക്കാട്, സേലം വഴിയും.
കോഴിക്കോട്ട് നിന്ന് ബംഗളൂരുവിലെത്താൻ ഒറ്റ ട്രെയിൻ സർവീസേയുള്ളൂ. ഇതിലാണെങ്കിൽ എല്ലാ കാലത്തും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കൊച്ചി ഭാഗത്തേക്ക് കൂടുതൽ ട്രെയിനുകളുള്ളതിനാൽ ബെർത്ത് ലഭ്യത കൂടും. കോയമ്പത്തൂർ-ബംഗളൂരു റൂട്ടിൽ ഒരു ഡബിൾ ഡക്കർ ട്രെയിൻ സർവീസുണ്ട്. ഇതിലാണെങ്കിൽ ആവശ്യത്തിന് യാത്രാക്കാരില്ല. മൂന്നോ, നാലോ മണിക്കൂർ ഓടിയാൽ എത്താവുന്ന കോഴിക്കോട്ടേക്ക് ഇതിന്റെ സർവീസ് ദീർഘിപ്പിക്കണമെന്ന് പതിവ് യാത്രക്കാർ ആവശ്യപ്പെടാറുണ്ട്. ഇക്കാര്യം നേടിയെടുക്കാൻ ശേഷിയുള്ള ജനപ്രതിനിധികളില്ലാത്തതാണ് പ്രശ്‌നം.
കേരള കെ.എസ്.ആർ.ടി.സി അടുത്തിടെ ഇറക്കിയ സ്വിഫ്റ്റ് ബസുകൾ ബംഗളൂരുവിലേക്കും സർവീസ് നടത്തുന്നുണ്ട്. മെയിന്റനൻസ് പ്രശ്‌നം കാരണം തുടക്കത്തിലെ ആകർഷകത്വം ഇതിന് ഇപ്പോഴില്ല. മെയ്തീനെ ആ ചെറിയ സ്പാനർ ഇങ്ങെടുത്തേയെന്നും പറഞ്ഞ് നൂറ് വോൾവോ എ.സി ബസുകളുടെ ശ്മശാനമൊരുക്കിയ സംസ്ഥാനമാണ് കേരളമെന്നത് മറക്കുന്നതെങ്ങനെ?