Sorry, you need to enable JavaScript to visit this website.

ഹറമിൽ ഇഅ്തികാഫ് സ്ഥലങ്ങൾ സജ്ജീകരിച്ചു

മക്ക - വിശുദ്ധ റമദാനിലെ അവസാന പത്തിൽ ഹറമിൽ ഇഅ്തികാഫ് ഇരിക്കുന്നവർക്കുള്ള (ഭജനമിരിക്കൽ) സ്ഥലങ്ങൾ ഹറംകാര്യ വകുപ്പ് സജ്ജീകരിച്ചു. ഈ വർഷത്തെ ഹറംകാര്യ വകുപ്പ് റമദാൻ പദ്ധതി അനുസരിച്ച് 2,500 പേർക്കാണ് ഇഅ്തികാഫിന് അവസരമൊരുക്കുകയെന്ന് ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു. പുരുഷന്മാർക്ക് ഇഅ്തികാഫ് ഇരിക്കാൻ കിംഗ് ഫഹദ് വികസന ഭാഗത്തെ അണ്ടർ ഗ്രൗണ്ട് സജ്ജീകരിച്ചിട്ടുണ്ട്. ഇതുകൂടാതെ മൂന്നാമത് സൗദി വികസന ഭാഗത്തെ പിൻഭാഗത്തെയും മധ്യഭാഗത്തെയും നമസ്‌കാര സ്ഥലങ്ങൾ സ്ത്രീകൾക്കും പുരുഷന്മാർക്കും ഇഅ്തികാഫ് ഇരിക്കാൻ വേണ്ടി ഒരുക്കിയിട്ടുണ്ട്. വിശുദ്ധ ഹറമിൽ പ്രവേശിക്കുന്നതു മുതൽ പുറത്തുപോകുന്നതു വരെ ഇഅ്തികാഫ് ഇരിക്കുന്നവർക്ക് ആവശ്യമായ മുഴുവൻ സേവനങ്ങളും നൽകുമെന്നും ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു. ഇഅ്തികാഫ് ഇരിക്കുന്നവരുടെ വ്യക്തിപരമായ വസ്തുക്കൾ സൂക്ഷിക്കാൻ ഹറംകാര്യ വകുപ്പ് ലോക്കറുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. 
അതേസമയം, വിശുദ്ധ റമദാനിൽ തീർഥാടകരെയും വിശ്വാസികളെയും സ്വീകരിക്കാൻ ഹറമിന്റെ ടെറസ്സ് സജ്ജീകരിച്ചതായി ഹറംകാര്യ വകുപ്പ് അറിയിച്ചു. ഇവിടെ കാർപെറ്റുകൾ വിരിക്കുകയും സാങ്കേതിക സജ്ജീകരണങ്ങൾ ഒരുക്കുകയും മറ്റു സേവനങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. റമദാൻ പ്രവർത്തന പദ്ധതി അനുസരിച്ച് ടെറസ്സിൽ ആൾക്കൂട്ട നിയന്ത്രണത്തിന് ഹറംകാര്യ വകുപ്പ് ജീവനക്കാരെ നിയോഗിച്ചതായും ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു.
 

Latest News