Sorry, you need to enable JavaScript to visit this website.

കൊച്ചിയില്‍  ലഹരി മരുന്നുമായി നടി പിടിയില്‍ 

കൊച്ചി-ലഹരി വില്‍പ്പന കേസില്‍ എറണാകുളത്ത് നടി പിടിയില്‍. നാടക നടിയായ കഴക്കൂട്ടം സ്വദേശിനി അഞ്ജു കൃഷ്ണയാണ് മാരക ലഹരി മരുന്നായ എംഡിഎംഎയുമായി പിടിയിലായത്. 56 ഗ്രാം എംഡിഎംഎയാണ് ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്തത്. ഇവര്‍ക്ക് ഒപ്പം താമസിച്ചിരുന്ന കാസര്‍ഗോഡ് സ്വദേശി ഷമീര്‍ പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു.തൃക്കാക്കരയില്‍ വീട് വാടകയ്ക്ക് എടുത്ത് അഞ്ജു കൃഷ്ണയും ഷമീറും ലഹരി  വില്‍പ്പന നടത്തി വരികയായിരുന്നു. കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ ദമ്പതികളെന്ന വ്യാജേനയാണ് ഇവര്‍ താമസിച്ചിരുന്നത്. സിറ്റി പോലീസ് കമ്മീഷണറുടെ കീഴിലുള്ള യോദ്ധാവ് സ്‌ക്വാഡ് അംഗങ്ങളുടെ പരിശോധനയിലാണ് യുവതി പിടിയിലായത്. ഉണിച്ചിറ തോപ്പില്‍ ജംഗ്ഷനിലെ കെട്ടിടത്തില്‍ പതിവ് പരിശോധനയ്ക്ക് എത്തിയതായിരുന്നു പോലീസ് സംഘം. പോലീസിനെ കണ്ടതോടെ ഓടിയ ഷമീര്‍ മതിലും ചാടിക്കടന്ന് രക്ഷപ്പെടുകയായിരുന്നു. കെട്ടിടത്തിന്റെ പിന്‍ഭാഗത്ത് കൂടിയാണ് ഷമീര്‍ രക്ഷപ്പെട്ടത്. 
ഷമീര്‍ ഓടി രക്ഷപ്പെട്ടതോടെയാണ് പോലീസിന് സംശയം തോന്നിയത്. ഇതോടെ നടിയുടെ വീട്ടില്‍ പോലീസ് പരിശോധന നടത്തി. ഈ പരിശോധനയിലാണ് എംഡിഎംഎ കണ്ടെടുത്തത്. ബംഗളൂരുവില്‍ നിന്ന് വലിയ അളവില്‍ എത്തിക്കുന്ന ലഹരി വസ്തുക്കള്‍ വീട് വാടകയ്ക്ക് എടുത്ത് സൂക്ഷിച്ചാണ് ഇവര്‍ വില്‍പ്പന നടത്തിയിരുന്നത്. ഷമീറിനെ മൂന്ന് വര്‍ഷം മുമ്പാണ് അഞ്ജു കൃഷ്ണ പരിചയപ്പെട്ടത്. ഒരു മാസം മുമ്പാണ് ഇരുവരും ഉണിച്ചിറയില്‍ വീട് വാടകയ്ക്ക് എടുത്തത്.  
തൃക്കാക്കര കേന്ദ്രീകരിച്ച് സമാനമായ സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന് പൊതുപ്രവര്‍ത്തകയായ ലത ഗോപിനാഥ് പറഞ്ഞു. കുറച്ച് സ്ത്രീകള്‍ മാത്രം കൂടിച്ചേര്‍ന്ന് വീട് വാടകയ്ക്ക് എടുക്കുന്നതും ദമ്പതികളായി വീട് വാടകയ്ക്ക് എടുക്കുന്നതുമായ സംഭവങ്ങള്‍ നേരത്തെ തന്നെ പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ലത ഗോപിനാഥ് കൂട്ടിച്ചേര്‍ത്തു. രക്ഷപ്പെട്ട ഷമീറിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. 

Latest News