തിരുവനന്തപുരം സർക്കാർ ലോകോളേജിലെ അധ്യാപകരെ എസ്.എഫ്.ഐക്കാരായ വിദ്യാർഥികൾ പത്ത് മണിക്കൂർ പൂട്ടിയിട്ട സംഭവം ഇന്നലെ നിയമസഭയിൽ കത്തിപ്പടരേണ്ടതായിരുന്നു. അടിയന്തര പ്രമേയ അവതരണത്തോട് സർക്കാർ സ്വീകരിക്കുന്ന പുത്തൻ നിലപാട് കാരണം ഈ വിഷയമുൾപ്പെടെ ഒന്നു പോലും ഇന്നലെ സഭയിലെത്തിയില്ല. സർക്കാർ നിലപാട് മാറ്റിയില്ലെങ്കിൽ ഇനിയൊട്ട് എത്താനും പോകുന്നില്ല. നിയമസഭാ കാലമാണ് അരുതാത്തതൊന്നും നാട്ടിൽ ഉണ്ടാകരുത്, സഭയിൽ പ്രശ്‌നമാകും എന്ന പേടിയും ഇനി ആവശ്യമില്ല എന്ന് ചുരുക്കം.
പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ അംഗീകരിക്കാത്ത മുഖ്യമന്ത്രിയുടെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സഭാ സമ്മേളനത്തിന്റെ തുടക്കത്തിൽ തന്നെ ഇന്നലെയും കട്ടായം പറഞ്ഞിരുന്നു പ്രതിപക്ഷവുമായി ഒരു ചർച്ചയും സ്പീക്കർ നടത്തിയിട്ടില്ല. അടിയന്തര പ്രമേയ ചർച്ചകൾ അനുവദിക്കില്ല എന്ന നിലപാടിനോട് യോജിക്കാനാവില്ല. പൂർവ സ്ഥിതി പുനഃസ്ഥാപിക്കണം. പ്രതിപക്ഷത്തിന്റെ നാല് നോട്ടീസുകൾ അനുവദിച്ചില്ല. എം.എൽ.എമാർക്കെതിരെ കള്ളക്കേസ് എടുത്തിരിക്കുന്നു. എന്തും ചെയ്യാമെന്ന സ്ഥിതിയായിട്ടുണ്ട്. നിയമസഭ സംഘർഷത്തിലെ ശരിയായ പ്രതികൾക്ക് എതിരെ ജാമ്യം കിട്ടാവുന്ന വകുപ്പ്. പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ ജാമ്യമില്ലാ വകുപ്പും ചുമത്തയിരിക്കുന്നു ഇതൊന്നും അനുവദിച്ചു തരാനാകില്ല -പ്രതിപക്ഷ നേതാവിന്റെ നിലപാടിന് മാറ്റമില്ല.
സഭാ ടി.വിയിൽ പ്രതിപക്ഷ പ്രതിഷേധം കാണിക്കാമെന്ന തീരുമാനമെടുത്തതിനെ പ്രതിപക്ഷ നേതാവ് സ്വാഗതം ചെയ്തു. സ്ത്രീസുരക്ഷ വിഷയമാണ് പ്രതിപക്ഷം സഭയിൽ ഉയർത്തിയത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്ത്രീ പീഡനത്തിനിരയായി. തിരുവനന്തപുരത്ത് സ്ത്രീക്ക് എതിരെ ലൈംഗികാതിക്രമം ഉണ്ടായി. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെയുള്ള പോലീസ് സ്റ്റേഷനിലെ സ്ഥിതി ഇതാണ്. ലോ കോളജിൽ എസ്.എഫ്.ഐ അതിക്രമം നടത്തി. എസ്എഫ്‌ഐ ക്രിമിനലുകക്ക് എതിരെ എന്ത് കേസെടുത്തുവെന്ന് വ്യക്തമാക്കാമോ ? -വി.ഡി. സതീശൻ ചോദിച്ചു.
ലോകോളേജിൽ അധ്യാപികയുടെ കൈ പിടിച്ചു തിരിച്ചു പരിക്കേൽപിച്ചവർക്കെതിരെ നിസ്സാര കേസാണെടുത്തത്. ഇതൊന്നും നിയമസഭയിൽ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിക്ക് സൗകര്യമില്ല. ഇതിന് തങ്ങൾ കീഴടങ്ങിയാൽ പ്രതിപക്ഷ അവകാശം മുഴുവൻ കവർന്നെടുക്കും. നടുത്തളത്തിലേക്ക് നീങ്ങിയ പ്രതിപക്ഷത്തിന്റെ കൈകകളിലെ പ്ലക്കാർഡുകളിൽ മുഖ്യമന്ത്രിക്കെതിരെ മുണ്ടുടുത്ത മോഡി എന്ന പരാമർശവുമുണ്ടായിരുന്നു.
സഭാ സമ്മേളനം വെട്ടിച്ചുരുക്കില്ല. ഈ മാസം 30 വരെയുള്ള നടപടികൾ ഷെഡ്യൂൾ ചെയ്തു. നടപടിക്രമങ്ങൾ മുൻനിശ്ചയിച്ച പ്രകാരം തുടരാനും കാര്യോപദേശക സമിതി യോഗം തീരുമാനിച്ചിട്ടുണ്ട്. പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്ന് തുടർച്ചയായി നിയമസഭ സ്തംഭിക്കുന്ന സാഹചര്യത്തിലാണ് സ്പീക്കർ കാര്യോപദേശക സമിതി യോഗം വിളിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന പ്രതിപക്ഷ പ്രതിഷേധം ഇന്നലെയും തുടരുകയായിരുന്നു. സഭ നടപടിക്രമങ്ങൾ വെട്ടിച്ചുരുക്കി അനിശ്ചിതകാലത്തേക്ക് പിരിയുന്നതിൽ സ്പീക്കർക്ക് വിയോജിപ്പായിരുന്നുവെന്നാണ് മനസ്സിലാക്കുന്നത്. അതുകൊണ്ടാകാം സഭാ സമ്മേളനം വെട്ടിച്ചുരുക്കുന്നത് ഇന്നലെ ഒഴിവായത്.
ഷാഫി പറമ്പിൽ എം.എൽ.എ അടുത്ത തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന പരാമർശം സ്പീക്കർ എ.എൻ. ഷംസീർ പിൻവലിച്ചിട്ടുണ്ട്. പരാമർശം അനുചിതമായിരുന്നുവെന്നും സഭാ രേഖകളിൽ നിന്നും നീക്കം ചെയ്യുമെന്നും സ്പീക്കർ റൂളിംഗ് നൽകി. പ്രതിപക്ഷ പ്രതിഷേധം ചിത്രീകരിക്കുന്നില്ലെന്ന സഭാ ടി.വിയുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികൾ പരിശോധിക്കുമെന്ന സ്പീക്കറുടെ പ്രഖ്യാപനവും തെറ്റു തിരുത്തലായി കാണാം.
സ്പീക്കറുടെ റൂളിംഗ് ഇങ്ങനെ- ഈ മാസം 14, 15 തീയതികളിൽ സഭയിൽ ഉണ്ടായ സംഭവങ്ങൾ ഒഴിവാക്കപ്പെടേണ്ടതായിരുന്നു. പ്രതിപക്ഷത്തിന് വിയോജിപ്പികളുണ്ടെങ്കിലും ഇത്തരം സംഭവങ്ങളുണ്ടാകാൻ പാടില്ലായിരുന്നു. അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ തള്ളുന്നുവെന്നതാണ് പ്രതിപക്ഷത്തിന്റ പ്രധാന പരാതി. സർക്കാർ നിർദേശ പ്രകാരമല്ല സ്പീക്കർ നോട്ടീസിൽ തീരുമാനം എടുക്കുന്നത്. ഇത് ചെയറിന്റെ നിക്ഷ്പക്ഷതയെ ചോദ്യം ചെയ്യുന്നതാണ്. പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ ഹനിക്കാൻ സ്പീക്കർ എന്ന നിലയിൽ ശ്രമിച്ചിട്ടില്ല. മുൻഗാമികളുടെ മാതൃക പിന്തുടർന്ന് ചട്ടപ്രകാരമാണ് തീരുമാനങ്ങളെടുത്തത്.
നടപടി ചട്ടപ്രകാരം സഭാസമ്മേളനത്തിലായിരിക്കുമ്പോൾ സമാന്തര സമ്മേളനം എന്ന പേരിൽ ഒരു നീക്കം നടത്തുകയും അതിന്റെ ദൃശ്യങ്ങൾ മൊബൈലിലൂടെ പകർത്തി ചാനലുകൾക്ക് ലഭ്യമാക്കുകയും ചെയ്ത നടപടികളിൽ വളരെ സീനിയറായ അംഗങ്ങൾ വരെ പങ്കെടുത്തു എന്നത് ചെയറിനെ അത്ഭതപ്പെടുത്തുകയുണ്ടായി. അത്തരം പ്രവർത്തനങ്ങൾ നമ്മുടെ സഭാ പൈതൃകത്തെ എത്രമാത്രം ദോഷകരമായി ബാധിക്കുമെന്ന കാര്യം ബഹുമാനപ്പെട്ട അംഗങ്ങൾ സ്വയം ചിന്തിക്കുമെന്നാണ് ചെയർ കരുതുന്നത്. ഭാവിയിൽ ഇത്തരം പ്രവർത്തനങ്ങൾ ആവർത്തിക്കപ്പെട്ടാൽ കർശന നടപടികൾ സ്വീകരിക്കുന്നതാണ് എന്ന മുന്നറിയിപ്പും സ്പീക്കർ നൽകിയിട്ടുണ്ട്.