മക്ക-പരമ്പരാഗതമായി സൗദിയിൽ നടന്നു വരുന്നതു പോലെ 2023-ലെ റമദാൻ മാസപ്പിറവി നിരീക്ഷിക്കാൻ ശഅബാൻ 29 നു ചൊവ്വാഴ്ച വൈകിട്ട് സൗദി സുപ്രീം കോടതി രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തിരിക്കുകയാണ്. നഗ്ന നേത്രങ്ങൾകൊണ്ടോ ടെലസ്കോപ്പുകളുടെ സഹായത്തോടെയോ പിറവി ദർശിക്കുന്നവർക്ക് രാജ്യത്തെ കോടതികൡ നേരിട്ടെത്തിയോ ഓൺലൈനായോ സാക്ഷ്യം രേഖപ്പെടുത്താം. മാസപ്പിറവി നിരീക്ഷണാഹ്വാനം വന്നതോടെ മാസപ്പിറവി ദർശനത്തെ സംബന്ധിച്ചുള്ള ചർച്ചകളും സജീവമായിരിക്കുകയാണ്. അക്കാലത്തെ ഓർത്തെടുക്കുകയാണ് മലയാളം ന്യൂസ് ദിനപത്രം.
സൗദിയിലെ ആദ്യ മാസപ്പിറവി നിരീക്ഷണ കേന്ദ്രം മക്കയിലെ പരിശുദ്ധ ഹറമിനു സമീപത്തെ ജബൽ അബീഖുബൈസിനു മുകളിലായിരുന്നു സ്ഥിതി ചെയ്തിരുന്നത്. മക്കയിൽ ക്ലോക്ക് ടവർ നിർമ്മാണം പൂർത്തിയായതോടെ നാലു വർഷം മുമ്പ് ജബൽ അബീഖുബൈസിൽ നിന്നും നിരീക്ഷണ കേന്ദ്രവും സാമഗ്രികളും ക്ലോക്ക് ടവറിൽ തയ്യാറാക്കിയ വാന നിരീക്ഷണ കേന്ദ്രത്തിലേക്കു മാറ്റുകയായിരുന്നു. ആധുനിക മാധ്യമങ്ങളോ ടെലഫോൺ സൗകര്യങ്ങളോ ലഭ്യമല്ലാതിരുന്ന ആ കാലത്ത് മക്കയിലെ ഏറ്റവും ഉയരം കൂടിയ മലകളിലൊന്നായ അബൂഖുബൈസിനു മുകളിലെ വാനനിരീക്ഷണ കേന്ദ്രത്തിലേക്ക് പിറവി ദർശിക്കാൻ സാധ്യതയുള്ള ദിവസമായാൽ മക്കയിലെ ജഡ്ജിയും ഏതാനും വാന നിരീക്ഷകരും കൂട്ടുകാരും എത്തിച്ചേരും. പിറവി ദൃശ്യമായാൽ മലമുകളിലെ വാനനിരീക്ഷണ കേന്ദ്രത്തിലെ ടവറിൽ കയറി അവരിലൊരാൾ പ്രത്യേക നിറത്തിലുള്ള തുണി വീശിക്കാണിക്കും. മക്കയിലെ കോട്ടകളുടെ മുകളിലും ഉയർന്ന പ്രദേശങ്ങളിലും സ്ഥാനം പിടിച്ചിരിക്കുന്ന ആളുകൾ അതു കാണും. അവരിലെ ചുമതലപ്പെടുത്തപ്പെട്ടവർ അതോടെ പീരങ്കിയിലൂടെ വെടിയുതിർത്ത് പിറവി കണ്ട കാര്യം മക്ക നിവാസികളെയും വിശുദ്ധ ഹറമിലെത്തിയ വിശ്വാസിളെയും അറിയിക്കും.
1948ൽ അബ്ദുൽ അസീസ് രാജാവിന്റെ ഭരണ കാലത്തായിരുന്നു ഈജിപ്തിൽ നിന്നും മക്കയിലേക്കു കുടിയേറിയ ഇമാം അബ്ദുറസാഖ് ഹംസയുടെ നേതൃത്വത്തിൽ അബൂ ഖുബൈസ് മലയുടെ മുകളിൽ വാന നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്. വാനനിരീക്ഷണത്തിലും ഗോളശാസ്ത്രത്തിലും തൽപരനായിരുന്നു ഇമാം അബ്ദുറസാഖ് ഹംസ അന്നത്തെ കിരീടാവകാശിയായിരുന്ന സൗദ് രാജാവിന് വാനനിരീക്ഷ കേന്ദ്രം സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ബോധ്യപ്പെടുത്തി കത്തെഴുതി. മാസങ്ങൾക്കുള്ളിൽ വിമാന മാർഗം നിരീക്ഷണ കേന്ദ്രത്തിനാവശ്യമായ ടെലസ്കോപ്പുകളും തെർമോമീറ്ററുകളും മറ്റു ആധുനിക ഉപകരണങ്ങളും അമേരിക്കയിൽ നിന്നും അമീർ സൗദിന്റെ താൽപര്യ പ്രകാരം ജിദ്ദ വിമാനത്താവളത്തിലെത്തിച്ച് മക്കയിലേക്കു കൊണ്ടു പോയി. ഏറെ പണിപ്പെട്ടു മലമുകളിലേക്കു കയറ്റി വാന നിരീക്ഷണം കേന്ദ്രം സ്ഥാപിക്കുകയായിരുന്നു.