ഹെല്‍സിങ്കി- ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമെന്ന നേട്ടം ഫിന്‍ലന്റ് തുടര്‍ച്ചയായി ആറാം തവണയും സ്വന്തമാക്കി. യു. എന്‍ സുസ്ഥിര വികസന സൊല്യൂഷന്‍സ് നെറ്റ്വര്‍ക്കിന്റെ പ്രസിദ്ധീകരണമാണ് വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട്. 150-ലധികം രാജ്യങ്ങളിലെ ആളുകളില്‍ നിന്നുള്ള ആഗോള സര്‍വേ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് ഇത് തയ്യാറാക്കുന്നത്.
പ്രതിശീര്‍ഷ ആഭ്യന്തര ഉത്പാദന വളര്‍ച്ച, സാമൂഹിക പിന്തുണ, ആരോഗ്യകരമായ ആയുര്‍ദൈര്‍ഘ്യം, സ്വാതന്ത്ര്യം, ഔദാര്യം, കുറഞ്ഞ അഴിമതി എന്നിവ മാനദണ്ഡമാക്കിയാണ് രാജ്യങ്ങളുടെ റാങ്ക് നിര്‍ണയിക്കുന്നത്. പട്ടികയില്‍ ഡെന്മാര്‍ക്ക് രണ്ടാം റാങ്കും ഐസ്‌ലാന്റ് മൂന്നാം റാങ്കും നിലനിര്‍ത്തി. അന്താരാഷ്ട്ര സന്തോഷ ദിനആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
പട്ടികയില്‍ ഇന്ത്യ സ്വന്തമാക്കിയത് 125-ാം റാങ്കാണ്. രസകരമായ കാര്യം നേപ്പാളിനും ചൈനയ്ക്കും ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും പിന്നിലാണ് സന്തോഷത്തിന്റെ കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം.
റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങളുടേയും റാങ്കിംഗ് താഴ്ന്നിട്ടുണ്ട്. യുദ്ധമുണ്ടായിട്ടു പോലും ഇന്ത്യയേക്കാള്‍ എത്രയോ മുകളിലാണ് റഷ്യയും യുക്രെയ്‌നും ഇടം പിടിച്ചത്. റഷ്യ 72-ാം റാങ്ക് നേടിയപ്പോള്‍ യുക്രെയ്ന്‍ 92-ാം റാങ്കാണ് പട്ടികയില്‍ സ്വന്തമാക്കിയത്.