Sorry, you need to enable JavaScript to visit this website.

ഒഴിവുവേളകളെ ഹരിതാഭമാക്കി ജിസാനിൽ മലയാളി യുവാക്കൾ 

ജിസാൻ സാംതയിലെ മലയാളി യുവ കർഷകർ.
കൃഷിത്തോട്ടം.

ജിസാൻ- മരുഭൂമിയും, ഈത്തപ്പനയും മാത്രം കണ്ടു പരിചയമുള്ള പ്രവാസികൾക്കിടയിൽ തികച്ചും വ്യത്യസ്തരാവുകയാണ് ജിസാൻ ടോയോട്ട സാംതയിലെ ജീവനക്കാരായ ഒരു കൂട്ടം ചെറുപ്പക്കാർ. സാംത ടോയോട്ട ബാബ്ഗി കമ്പനിയിലെ മലയാളി കൂട്ടായ്മയിലൂടെ ഉരുത്തിരിഞ്ഞു വന്ന ആശയമായിരുന്നു ഒരു പച്ചക്കറി തോട്ടം. കൃഷിയിൽ മുൻപരിചയമുള്ള എർവിൻ എനാരിയോ എന്ന ഫിലിപ്പൈൻസുകാരനും ഇവരോടൊത്തു ചേർന്നപ്പോൾ മരുഭൂമിയിൽ വിരിഞ്ഞത് കണ്ണിന് കുളിർമയേകും ഹരിതാഭ പച്ചക്കറിത്തോട്ടം. തക്കാളി, വെണ്ട, വഴുതനങ്ങ, കപ്പ, കപ്പങ്ങ, പാവയ്ക്ക, മത്തൻ, പയർ, ചോളം, മുരിങ്ങ, ചുരയ്ക്ക മധുരക്കിഴങ്ങ് തുടങ്ങി വ്യത്യസ്തങ്ങളായ നിരവധി പച്ചക്കറികളാണ് ഇവർ കൃഷി ചെയ്യുന്നത്. ചീര, പടവലം തുടങ്ങിയവ കൂടി കൃഷി ചെയ്തു തോട്ടം വിപുലമാക്കാനുള്ള തയാറെടുപ്പിലാണ് യുവാക്കൾ. 
ഹാഷിം പെരുമ്പാവൂർ, വിനോദ് ഇടപ്പള്ളി, ആന്റണി തൃശൂർ, സിബി തിരുവല്ല, പ്രിൻസ് കോട്ടയം, ഹരി കായംകുളം  എന്നിവരാണ് ഈ യുവ കൃഷി സംഘത്തിലുള്ളത്. ഇവരോടൊപ്പം എർവിൻ  കൂടി കൈകോർത്തപ്പോൾ മുഭൂമിയിൽ പൊന്നു വിളയിക്കാൻ ഇവർക്കായി. 


ഒഴിവുവേളകളെ പ്രയോജനപ്പെടുത്തുന്നതിന് കൃഷിത്തോട്ടം ഉണ്ടാക്കാമെന്ന ആശയം ഉടലെടുത്തപ്പോൾ  പ്രധാന പ്രശ്‌നം  നാടൻ വിത്തുകളുടെ അഭാവമായിരുന്നു. അതിനു പരിഹാരം സുഹൃത്തുക്കൾ വഴി കണ്ടെത്തി. അവധി കഴിഞ്ഞു  നാട്ടിൽനിന്നു തിരികെ വരുന്ന  സുഹൃത്തുക്കൾ ആവശ്യമായ നാടൻ വിത്തുകൾ ഇവർക്ക് എത്തിച്ചു കൊടുത്തു. വളരെ ചെറിയ രീതിയിൽ തുടങ്ങിയ പച്ചക്കറി തോട്ടം  ഇപ്പോൾ ഏകദേശം അര ഏക്കറോളം വ്യാപിപ്പിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഈ യുവാക്കൾ. ജോലി സമയം കഴിഞ്ഞുള്ള ഒഴിവു സമയങ്ങളിലും അവധി ദിവസങ്ങളിലുമാണ് കൃഷിക്ക് വേണ്ട വളവും മറ്റു പരിപാലനവും നടത്തുന്നത്. കമ്പനിയോട് ചേർന്നു കിടക്കുന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് കൃഷി ചെയ്യുന്നത്. വിദേശികളും സ്വദേശികളും ഇപ്പോൾ നല്ലയിനം പച്ചക്കറികൾക്കായി ഇവരെയാണ് സമീപിക്കുന്നത്. ഇങ്ങനെ വരുന്നവർക്ക് സൗജന്യമായാണ് പച്ചക്കറികൾ നൽകുന്നത്. കൃഷിയോട് താൽപര്യമുള്ള മലയാളികളും സ്വദേശികളും ഇവിടെ വന്നാൽ വിത്തുകളും ഇവർ സൗജന്യമായി നൽകാറുണ്ട്. ആവശ്യക്കാർ ഏറിയതിനാൽ കൃഷിയിടം വിപുലീകരിക്കാനുള്ള തയാറെടുപ്പിലാണിവർ. 


സഹപ്രവർത്തകരും സുഹൃത്തുക്കളുമായ മലയാളികൾ ഇവർക്ക് പിന്തുണയുമായി രംഗത്തുണ്ട്. അവരുടെ സഹകരണമാണ് പച്ചക്കറി കൃഷിയെ കൂടുതൽ ഭംഗിയായി മുന്നോട്ട് കൊണ്ടുപോകാൻ തങ്ങളെ സഹായിക്കുന്നതെന്ന് യുവാക്കൾ പറയുന്നു. സമീപത്തെ  റോഡിലൂടെ യാത്ര ചെയ്യുന്നവർക്ക് ഈ കൃഷിയിടം  ഒരു പുത്തൻ അനുഭവമാണ്.  ശാസ്ത്രീയമായ രീതിയിൽ,  യാതൊരുവിധ കീടനാശിനി പ്രയോഗവുമില്ലാതെയാണ് ഇവരുടെ കൃഷി രീതി. കടകളിൽ നിന്നും കിട്ടുന്ന പച്ചക്കറികൾ വിഷാംശം ഉള്ളതായതിനാൽ വളർന്നു വരുന്ന തലമുറക്ക് മാതൃകയാവുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് യുവാക്കൾ പറയുന്നു. 

Latest News