Sorry, you need to enable JavaScript to visit this website.

സൗദിയിൽ ജൂലൈ മുതൽ മലയാളം എഫ്എം പ്രക്ഷേപണം

കാപിറ്റൽ റേഡിയോ നെറ്റ്‌വർക് പ്രതിനിധികൾ ജിദ്ദയിൽ വാർത്ത സമ്മേളനത്തിൽ
ലോഗോ പ്രകാശനം മാനേജ്‌മെന്റ് പ്രതിനിധികൾ ചേർന്ന് നിർവഹിക്കുന്നു.


സൗദി അറേബ്യയിലെ മലയാളികൾക്കും ഇനി മുതൽ മലയാളം എഫ്.എം റേഡിയോ ശ്രവിക്കാം. നാട്ടിലെയും യു.എ.ഇയിലെയുമെല്ലാം മലയാളികൾകൾക്ക് എഫ്.എം മലയാളം പരിപാടികൾ സുപരിചിതമാണ്. തിരക്കേറിയ ജീവിതത്തിനിടയിൽ എഫ്എം റേഡിയോയിലൂടെ എത്തുന്ന അറിയിപ്പുകളും വാർത്തകളും എന്റർടെയിൻമെന്റ് പരിപാടികളും നൽകുന്ന ആശ്വാസം ചെറുതല്ല. അധിക പേരും രാവിലെയുള്ള യാത്രാ വേളകളിലാണ് എഫ്എം റേഡിയോ കേൾക്കാറുള്ളത്. വീടുകളിൽ കഴിയുന്ന വീട്ടമ്മമാരും എഫ്എം റേഡിയോയുടെ പ്രധാന ശ്രോതാക്കളാണ്. ഇനി മുതൽ സൗദിയിലെ മലയാളികൾക്കും അതിനുള്ള അവസരം കൈവരികയാണ്. ക്ലസ്റ്റർ അറേബ്യ ഗ്രൂപ്പിന്റെ  കാപിറ്റൽ റേഡിയോ നെറ്റ്‌വർക് ആണ് മലയാളത്തിനു പുറമെ ഹിന്ദി, ഇംഗ്ലീഷ്, തഗാലോഗ് ഭാഷകളിൽ എഫ്എം പ്രക്ഷേപണം ആരംഭിക്കുന്നത്.
ഈ വർഷം ജൂലൈ മുതൽ സൗദിയിലെ മെട്രോ നഗരങ്ങളായ ജിദ്ദ, റിയാദ്, ദമാം എന്നിവിടങ്ങളിൽ കാപിറ്റൽ റേഡിയോ നെറ്റ്‌വർക് എഫ്എം ലഭിക്കാൻ തുടങ്ങും. പ്രക്ഷേപണത്തിനാവശ്യമായ എല്ലാ അനുമതിയും സൗദി സർക്കാരിന്റെ ഭാഗത്തുനിന്ന് ലഭിച്ചു കഴിഞ്ഞതായി ക്ലസ്റ്റർ ഗ്രൂപ്പ് സി.ഇ.ഒയും കാപിറ്റൽ റേഡിയോ നെറ്റ്‌വർക് സ്ഥാപകനുമായ റഹീം പട്ടർകടവൻ  ജിദ്ദ പാർക്ഹയാത് ഹോട്ടലിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സൗദിയിൽ ഇതാദ്യായാണ് പ്രാദേശിക ഭാഷ റേഡിയോ പ്രക്ഷേപണം ആരംഭിക്കുന്നത്. വാർത്ത സമ്മേളനത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ എഫ്എം റേഡിയോയുടെ ലോഗോ പ്രകാശനവും നടന്നു.
കാപിറ്റൽ റേഡിയോ നെറ്റ്‌വർകിനു കീഴിൽ വിവിധ ഫ്രീക്വൻസി നമ്പറുകളിലായിരിക്കും എഫ്എം പരിപാടികൾ ലഭിക്കുക. ജൂലൈ മുതൽ മലയാളം, ഹിന്ദി ഭാഷകളിൽ ജിദ്ദ, റിയാദ് നഗരങ്ങളിലെ ശ്രോതാക്കൾക്ക് റേഡിയോ പരിപാടികൾ ലഭിക്കാൻ തുടങ്ങും. റിയാദിലും ജിദ്ദയിലും ഹിന്ദി ഭാഷയിലുള്ള പ്രക്ഷേപണം 101.5 എന്ന ഫ്രീക്വൻസി നമ്പറിലായിരിക്കും ലഭിക്കുക.  മലയാളത്തിലുള്ള പരിപാടികൾ റിയാദിൽ 101.7 എന്ന ഫ്രീക്വൻസിയിലും ജിദ്ദയിൽ 104.5 എന്ന ഫ്രീക്വൻസിയിലുമായിരിക്കും 24 മണിക്കൂറും ലഭിക്കുകയെന്ന് റഹീം പട്ടർകടവൻ പറഞ്ഞു. അധികം വൈകാതെ ദമാമിലും ഈ ഭാഷകളിലുള്ള പരിപാടികൾ ലഭ്യമാക്കും. അതിനു ശേഷമായിരിക്കും ഇംഗ്ലീഷിലും ഫിലിപ്പൈൻസുകാരുടെ മാതൃഭാഷയായ തഗാലോഗിലും പ്രക്ഷേപണം ആരംഭിക്കുക. തുടക്കത്തിൽ മൂന്നു മെട്രോ നഗരങ്ങളിലായിരിക്കും എഫ്എം ലഭിക്കുകയെങ്കിലും പിന്നീട് സൗദിയുടെ മറ്റിടങ്ങളിലേക്കും അതു വ്യാപിക്കും. വാർത്ത ഉൾപ്പെടെയുള്ള പരിപാടികൾക്ക് സർക്കാരിന്റെ അനുമതി ലഭ്യമായിട്ടുണ്ട്. വാർത്തക്കു പുറമെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട അറിയിപ്പുകൾക്കും അഭിമുഖം, സംഗീതം തുടങ്ങി ശ്രോതാക്കളുടെ മാനസികോല്ലാസത്തിനു സഹായകമായ മറ്റു പരിപാടികൾക്കുമായിരിക്കും പ്രമുഖ്യം നൽകുക.  പ്രക്ഷേപണം  ആകർഷകമാക്കുന്നതിന് പരിചസമ്പന്നരായ റേഡിയോ ജോക്കികളെയും പ്രോഗ്രാം നിർമാതാക്കളെയുമെല്ലാം കണ്ടെത്താനുള്ള പരിശ്രമം ആരംഭിച്ചു. സൗദിയിൽ അനുയോജ്യവരായവരുണ്ടെങ്കിൽ അവർക്കായിരിക്കും മുൻഗണന നൽകുക. എല്ലാ നിലക്കും പുതിയൊരു അനുഭവമായിരിക്കും കാപിറ്റൽ റേഡിയോ നെറ്റ്‌വർക് സമ്മാനിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി.
വിഷൻ 2030 ന്റെ ഭാഗമായി വാർത്താവിതരണ, സാംസ്‌കാരിക വിനിമയ പരിപാടികൾ ശക്തിപ്പെടുത്തുന്നതിൽ ഭാഗഭാക്കാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. അതിനു അവസരമൊരുക്കിയ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനോടും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനോടും ഏറെ കടപ്പാടും നന്ദിയും അറിയിക്കുന്നതായി റഹീം പറഞ്ഞു. നിക്ഷേപ, വാണിജ്യ, മാധ്യമ വാർത്താവിതരണ മന്ത്രാലയങ്ങളുടെയും സ്‌പെയ്‌സ് ആന്റ് ടെക്‌നോളജി കമ്മീഷൻ, ജനറൽ കമ്മീഷൻ ഫോർ ഓഡിയോ വിഷ്വൽ മീഡിയുടെയുമെല്ലാം സഹകരണം തങ്ങളുടെ ദൗത്യത്തിനു ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പത്രസമ്മേളനത്തിലും ലോഗോ പ്രകാശന ചടങ്ങിലും റഹീം പട്ടർകടവനു പുറമെ കമ്പനി സ്ഥാപക ചെയർമാൻ അബ്ദുൽ റഹ്മാൻ പട്ടർകടവൻ, പ്രോജക്ട് മേധാവി ഡോ. അഹമ്മദ് ഒട്ടർജി, മായ് മൊഹസിൻ (കോർപറേറ്റ് കമ്യൂണിക്കേഷൻ) എന്നിവരും പങ്കെടുത്തു.

Latest News