റിയാദ് - സൗദി വാണിജ്യ മന്ത്രി ഡോ. മാജിദ് അൽഖസബിയുമായും മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രി മാജിദ് അൽഹുഖൈലുമായും തുർക്കി വാണിജ്യ മന്ത്രി മെഹ്മത് മൂശ് ചർച്ചകൾ നടത്തി. റിയാദിൽ പ്രഥമ തുർക്ക് എക്‌സ്‌പോ സംഘടിപ്പിക്കുന്നതോടനുബന്ധിച്ചും സൗദി, തുർക്കി ബിസിനസ് മീറ്റിൽ പങ്കെടുക്കാനുമാണ് തുർക്കി വാണിജ്യ മന്ത്രി സൗദിയിലെത്തിയത്. സൗദി, തുർക്കി ബിസിനസ് മീറ്റിൽ സൗദിയിലെയും തുർക്കിയിലെയും 450 വൻകിട കമ്പനികൾ പങ്കെടുത്തു. ഇതിനിടെ മൂന്നു വ്യവസായ കരാറുകൾ ഒപ്പുവെച്ചു.
ഈ മാസം 19 മുതൽ 21 വരെ നീണ്ടുനിൽക്കുന്ന തുർക്ക് എക്‌സ്‌പോ സൗദി വാണിജ്യ മന്ത്രി ഡോ. മാജിദ് അൽഖസബി ഉദ്ഘാടനം ചെയ്തു. തുർക്കി കമ്പനികളുടെ ഉൽപന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്താൻ സംഘടിപ്പിക്കുന്ന തുർക്ക് എക്‌സ്‌പോയിൽ 150 തുർക്കി കമ്പനികൾ പങ്കെടുക്കുന്നുണ്ട്. ഇരു രാജ്യങ്ങളിലെയും കയറ്റുമതിക്കാർക്കും ഇറക്കുമതിക്കാർക്കും കൂടിക്കാഴ്ച നടത്താനുമുള്ള അവസരമാണ് എക്‌സ്‌പോ. കഴിഞ്ഞ വർഷം സൗദി, തുർക്കി വ്യാപാരം 2,190 കോടി റിയാലായി ഉയർന്നിരുന്നു.
തുർക്കി വാണിജ്യ മന്ത്രിയും സൗദി മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ തുർക്കിയിൽ കോൺട്രാക്ടിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന വൻകിട കമ്പനികളുടെ പ്രതിനിധികളും പങ്കെടുത്തു. മുനിസിപ്പൽ, പാർപ്പിട മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിനെയും പരിചയസമ്പത്ത് പരസ്പരം കൈമാറുന്നതിനെയും കുറിച്ച് കൂടിക്കാഴ്ചക്കിടെ വിശകലനം ചെയ്തു. തുർക്കി കമ്പനികളെ കുറിച്ച് ചടങ്ങിൽ പരിചയപ്പെടുത്തി.
മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയ അണ്ടർ സെക്രട്ടറിമാരായ അബ്ദുറഹ്മാൻ അൽത്വവീൽ, ഹാശിം അൽഫവാസ് എന്നിവരും നാഷണൽ ഹൗസിംഗ് കമ്പനി സി.ഇ.ഒ എൻജിനീയർ മുഹമ്മദ് അൽബതിയും മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.