അൽ അഹ്സ കോടതിയിൽ എത്തിയ ഒരു കേസിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തുകയാണ് ദമാമിലെ പ്രബോധകൻ നാസര്‍ മദനി. ഫെയ്‌സ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് നാസർ മദനി ഇക്കാര്യം പങ്കുവെച്ചത്. മലയാളികൾ അടക്കമുള്ള പ്രവാസികൾ ശ്രദ്ധിക്കുക
പരിസരം നോക്കാതെ മൂത്രം ഒഴിക്കരുത്. പൊതുസ്ഥലത്ത് പാന്റ് താഴ്ത്തുന്നതും സിബ്ബ് ഊരുന്നതും ഇടുന്നതും ശ്രദ്ധിക്കുക.
അൽ അഹ്സ കോടതിയിൽ ഒരു കേസ്. ജോലി കഴിഞ്ഞു പോകുന്ന വഴിയിൽ കലശലായ മൂത്രശങ്ക വന്നപ്പോൾ അയാൾ പെട്ടെന്ന് പബ്ലിക് റോഡിന്റെ സൈഡിലേക്ക് നീങ്ങി തന്റെ പാന്റിന്റെ സിബ്ബ് അഴിച്ചു പാന്റ് താഴ്ത്തി മൂത്രമൊഴിച്ചു. ആശ്വാസമായി. പിന്നീടാണ് കാര്യം കേസായിരിക്കുന്നു എന്നറിയുന്നത്. ലൈംഗികാതിക്രമം എന്നതാണ് കേസ്. അയാൾ പലതും പറഞ്ഞു നോക്കി. പക്ഷെ മറുഭാഗത്തുള്ള പരാതിക്കാരിയുടെ വാദം ഇയാളുടെ വാദത്തേക്കാൾ ശക്തമായിരുന്നു. പൊതു സ്ഥലത്ത് പരാതിക്കാരിയുടെ നേരെ നിന്ന് പാന്റ് താഴ്ത്തിയതും തന്റെ ലൈംഗികാവയവം പിടിച്ചതും ആണ് കേസിലെ മുഖ്യ ഭാഗമായി ജഡ്ജിമെന്റിൽ രേഖപ്പെടുത്തിയിട്ടുള്ളത്. തന്റെ പ്രാഥമിക ആവശ്യം നിർവ്വഹിക്കുക മാത്രമാണ് താൻ ചെയ്തത് എന്നും മറ്റൊരു ഉദ്ദേശവും ഇല്ലായിരുന്നു എന്നും ഞാൻ അവരെ കണ്ടിട്ടേയില്ല എന്നുമുള്ള അയാളുടെ ഭാഗത്തുള്ള വിശദീകരണം കോടതി തള്ളിക്കളഞ്ഞു. അയാൾ കാർപാർക്കിങ് ഏരിയയിലാണ് മൂത്രമൊഴിച്ചത്. അതിന്റെ മുന്നിൽ ഉണ്ടായിരുന്ന കാറിൽ ഒരു സ്വദേശി വനിത ഇരിക്കുന്നുണ്ടായിരുന്നു. അവരാണ് പരാതിക്കാരി. അയാൾ പറയുന്നു താൻ അവരെ കണ്ടിട്ടില്ല, ഞാൻ അതൊന്നും ശ്രദ്ധിച്ചില്ല. തന്റേത് പ്രാഥമിക ആവശ്യ നിർവഹണമായിരുന്നു എന്ന അയാളുടെ വാദത്തെ പരാതിക്കാരി ഖണ്ഡിച്ചത് അങ്ങനെയെങ്കിൽ ജനങ്ങൾ നടന്നുപോകുന്ന പൊതു സ്ഥലത്ത് കാർ പാർക്കിങ്ങിൽ ആയിരുന്നില്ല മൂത്രമൊഴിക്കേണ്ടത് എന്നും ലൈംഗികാതിക്രമം കാണിച്ച അയാളുടെ ഫോട്ടോ എടുക്കാൻ താൻ ശ്രമിച്ചപ്പോൾ പെട്ടെന്ന് അയാൾ സ്ഥലം വിട്ടു എന്നുമായിരുന്നു. ഇതിനെ കോടതി ശക്തമായ വാദമായി പരിഗണിച്ചു. പൊതു സ്ഥലത്തു വെച്ച് നടത്തിയ കുറ്റകൃത്യത്തിൽ കോടതി ആറു മാസം തടവിന് വിധിക്കുകയും ലൈംഗീകാതിക്രമത്തിനു ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാൻ വിധി മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തണം എന്നത് അടക്കമുള്ള പബ്ലിക് പ്രോസിക്ക്യൂട്ടർ ആവശ്യപ്പെട്ട മറ്റു ശിക്ഷാ നടപടികളും കോടതി അംഗീകരിച്ചു വിധി പുറപ്പെടുവിച്ചു. വിധിയിൽ അപ്പീലിന് പോയെങ്കിലും ഹസ കോടതിയുടെ വിധി കഴിഞ്ഞ ദിവസം അപ്പീൽ കോടതി ശരിവെക്കുകയാണുണ്ടായത്. പ്രതിയായ മലയാളി ആറു മാസം തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും. നമ്മുടെ ഉദ്ദേശം എന്തായിരുന്നു എന്നതല്ല സാഹചര്യ തെളിവുകളാണ് കോടതി പരിഗണിക്കുക എന്നത് ഓർക്കണം. മറുഭാഗത്തിന്റെ വാദത്തെ മറികടക്കാൻ നമുക്ക് കഴിയാതെ വന്നാൽ നിയമത്തിനു മുമ്പിൽ കുറ്റവാളി നമ്മളായിത്തീരും.
അയാളുടെ വാദപ്രകാരം മൂത്രമൊഴിക്കാൻ മുട്ടിയപ്പോൾ താൻ മൂത്രമൊഴിച്ചു എന്നത് അംഗീകരിച്ചു കൊണ്ട്തന്നെ പറയട്ടെ, പരിസരം നോക്കാതെ മൂത്രമൊഴിക്കരുത്. ആളുകൾ നടന്നുപോകുന്ന പൊതു സ്ഥലത്ത് മൂത്രമൊഴിക്കരുത്. പാർക്കിങ് ഏരിയയിൽ മൂത്രമൊഴിക്കരുത്. നിങ്ങൾ നിൽക്കുന്ന സ്ഥലത്ത് പാർക്ക് ചെയ്തിട്ടുള്ള വാഹനത്തിൽ ആരെങ്കിലും ഇരിക്കുന്നുണ്ടാകാം. ഒരു വേള അവരുടെ നേരെ നിന്നായിരിക്കും നിങ്ങൾ പാന്റിന്റെ സിബ്ബ് ഊരുന്നതും പാന്റ് താഴ്ത്തുന്നതും ലൈംഗീകാവയവം പുറത്തെടുക്കുന്നതും. ഇതാണ് ഈ കേസിലും ഉണ്ടായത്. സാഹചര്യത്തെളിവുകൾ ഇയാൾക്ക് എതിരായിരുന്നു. മുമ്പ് ഒരു വീടിന്റെ മതിലിനു പുറത്തിരുന്നിരുന്ന ആളുടെ പാന്റിന്റെ സിബ്ബ് ഇടാൻ മറന്നുപോയത് (അയാൾ പറഞ്ഞത്), കോടതിക്ക് മുന്നിൽ വീടിന്റെ മുന്നിൽ ഇരുന്നു അസഭ്യമായ കാര്യം ചെയ്തു എന്ന കേസിൽ തടവിന് വിധിച്ച ഒരാളെ ജയിലിൽ വെച്ച് കണ്ടിരുന്നു. അതിനാൽ സൂക്ഷിക്കുക. പൊതു സ്ഥലത്തു പൊതു മര്യാദക്ക് വിരുദ്ധമായ കാര്യങ്ങൾ ചെയ്യാതിരിക്കുക.
(നാസർ മദനി)