Sorry, you need to enable JavaScript to visit this website.

തന്നെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്കെതിരെ എ.രാജ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കും

ഇടുക്കി :  ദേവികുളം മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയതിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ അയോഗ്യനാക്കപ്പെട്ട എ.രാജ തീരുമാനിച്ചു. ഇതിന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അനുമതി നല്‍കി. യു ഡി എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഡി. കുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി എ.രാജയെ എം.എല്‍.എ സ്ഥാനത്ത്  നിന്ന് അയോഗ്യനാക്കിയത്. സി പി എം എം.എല്‍.എയാണ് രാജ. 7848 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിലെ ഡി.കുമാറിനെ എ.രാജ പരാജയപ്പെടുത്തിയത്. സംവരണ സീറ്റില്‍ മത്സരിക്കാന്‍ എ രാജയ്ക്ക് യോഗ്യതയില്ലെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കണ്ടെത്തുകയായിരുന്നു. പട്ടിക ജാതി, പട്ടിക വര്‍ഗ സംവരണ സീറ്റാണ്  ദേവികുളത്തേത് . ഈ വിഭാഗത്തില്‍ പെട്ടയാളല്ലാത്ത എ.രാജ മത്സരിച്ചതിനെതിരെയാണ് എതിര്‍ സ്ഥാനാര്‍ത്ഥി ഹര്‍ജി നല്‍കിയിരുന്നത്. 
രാജയുടെ മാതാപിതാക്കളായ അന്തോണിയും എസ്തറും ക്രിസ്തുമത വിശ്വാസികളാണെന്നും അതേ വിശ്വാസത്തില്‍ത്തന്നെയാണ് രാജയും ജീവിക്കുന്നതെന്നും ഡി.കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. എ.രാജ മതപരിവര്‍ത്തനം ചെയ്ത ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട ആളാണെന്നാണ് ഹൈക്കോടതി കണ്ടെത്തിയിരിക്കുന്നത്. എ രാജയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ഹൈക്കോടതിയോട് ഡി കുമാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കുക മാത്രമാണ് കോടതി ചെയ്തിട്ടുള്ളത്.

 

 

 

 

Latest News