തിരുവനന്തപുരം- യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും എംഎല്‍എയുമായ ഷാഫി പറമ്പിലിനെതിരായ വിവാദ പരാമര്‍ശം സ്പീക്കര്‍ എഎന്‍ ഷംസീര്‍ പിന്‍വലിച്ചു. അടുത്ത തെരഞ്ഞെടുപ്പില്‍ ഷാഫി പാലക്കാട് തോല്‍ക്കുമെന്ന പരാമര്‍ശമാണ് സ്പീക്കര്‍ പിന്‍വലിച്ചത്. പരാമര്‍ശം അനുചിതമായിപ്പോയി. പരാമര്‍ശം അംഗത്തെ വിഷമിപ്പിച്ചതായി മനസിലാക്കുന്നു. ബോധപൂര്‍വമല്ലാതെ നടത്തിയ പരാമര്‍ശം പിന്‍വലിക്കുന്നു. പരാമര്‍ശം സഭാ രേഖകളില്‍നിന്ന് നീക്കുന്നുവെന്നും ഷംസീര്‍ വ്യക്തമാക്കി.
ഈ മാസം 14,15 തീയതികളില്‍ സഭയില്‍ ഉണ്ടായ സംഭവങ്ങള്‍ ഒഴിവാക്കപ്പെടേണ്ടതായിരുന്നു. പ്രതിപക്ഷത്തിന് വിയോജിപ്പുകളുണ്ടെങ്കിലും ഇത്തരം സംഭവങ്ങളുണ്ടാകാന്‍ പാടില്ലായിരുന്നുവെന്ന് സ്പീക്കര്‍ റൂളിംഗില്‍ വ്യക്തമാക്കി. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമല്ല സ്പീക്കര്‍ അടിയന്തര പ്രമേയ നോട്ടീസില്‍ തീരുമാനം എടുക്കുന്നത്. ഇത് ചെയറിന്റെ നിക്ഷ്പക്ഷതയെ ചോദ്യം ചെയ്യുന്നതാണ്. പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ ഹനിക്കാന്‍ സ്പീക്കര്‍ എന്ന നിലയില്‍ ശ്രമിച്ചിട്ടില്ല. മുന്‍ഗാമികളുടെ മാതൃക പിന്തുടര്‍ന്ന് ചട്ടപ്രകാരമാണ് തീരുമാനങ്ങളെടുത്തതെന്നും ഷംസീര്‍ പറഞ്ഞു.
പ്രതിപക്ഷ അംഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കും. പാര്‍ലമെന്ററി മര്യാദകള്‍ ഇരുപക്ഷവും പാലിക്കണം. പ്രതിപക്ഷം നിയമസഭയ്ക്കുള്ളില്‍ സമാന്തര സമ്മേളനം ചേര്‍ന്നതും അതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടതും ഗുരുതരമായ വീഴ്ചയാണ്. ഭാവിയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്നും സ്പീക്കര്‍ വ്യക്തമാക്കി. എംഎല്‍എമാര്‍ക്കെതിരായ കേസില്‍ തുടര്‍നടപടി പരിശോധനയ്ക്ക് ശേഷം തീരുമാനിക്കുമെന്നും ഷംസീര്‍ പറഞ്ഞു.
മാര്‍ച്ച് 14ന് പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തില്‍ ബാനറുമായി പ്രതിഷേധിച്ചപ്പോഴാണ് ഷാഫി പറമ്പില്‍ അടുത്ത തവണ തോല്‍ക്കുമെന്ന പരാമര്‍ശം സ്പീക്കര്‍ നടത്തിയത്. പ്രതിപക്ഷ അംഗങ്ങളില്‍ പലരും നേരിയ ഭൂരിപക്ഷത്തില്‍ ജയിച്ചവരാണ്. ഇതെല്ലാം ജനങ്ങള്‍ കാണുന്നുണ്ട്. ഷാഫി പറമ്പില്‍ അടുത്ത തവണത്തെ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നും പറഞ്ഞിരുന്നു. ബ്രഹ്മപുരം മാലിന്യ വിഷയത്തില്‍ പ്രതിഷേധിച്ച കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍മാരെ പൊലീസ് മര്‍ദിച്ച സംഭവത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്.
നിര്‍ത്തിവെച്ച നിയമസഭ വീണ്ടും ചേര്‍ന്നപ്പോഴും പ്രതിപക്ഷം പ്രതിഷേധം തുടര്‍ന്നു. അടിയന്തരപ്രമേയത്തിലെ നിയന്ത്രണമാണ് വലിയ പ്രശ്‌നമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. തുടര്‍ന്ന് ചര്‍ച്ചയില്ലാതെ ധനാഭ്യര്‍ത്ഥനകള്‍ പാസ്സാക്കി നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കേണ്ടതില്ലെന്ന് കാര്യോപദേശക സമിതി യോഗം തീരുമാനിച്ചു. ഈ മാസം 30 വരെയുള്ള നടപടികള്‍ ഷെഡ്യൂള്‍ ചെയ്തു. നടപടിക്രമങ്ങള്‍ വെട്ടിച്ചുരുക്കി സഭ അനിശ്ചിതകാലത്തേക്ക് പിരിയുന്നതില്‍ സ്പീക്കര്‍ക്ക് വിയോജിപ്പ് അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.