കൊച്ചി- ബ്രഹ്മപുരം മാലിന്യപ്പുക ബാധിത പ്രദേശങ്ങളിലേക്ക് മമ്മൂട്ടിയുടെ കെയര്‍ ആന്റ് ഷെയറിന്റെ നേതൃത്വത്തില്‍ നടക്കുന്ന മെഡിക്കല്‍ ക്യാംപിന്റെ രണ്ടാംഘട്ടം ചൊവ്വാഴ്ച ആരംഭിക്കും. അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍നിന്നുള്ള നേത്രരോഗ വിദഗ്ധര്‍ ഉള്‍പ്പെടുന്ന സംഘമാണ് രണ്ടാംഘട്ടത്തില്‍ ബ്രഹ്മപുരത്തും പരിസര പ്രദേശങ്ങളിലും എത്തുന്നത്.
മാലിന്യപ്പുകയ്ക്ക് പിന്നാലെ നിരവധി പേര്‍ക്ക് കണ്ണുകള്‍ക്ക് നീറ്റലും ചൊറിച്ചിലും അസ്വസ്ഥതകളുമുണ്ടായെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് നേത്രരോഗ വിദഗ്ധര്‍ സ്ഥലത്തെത്തുന്നത്. വീടുകളില്‍ കഴിയുന്നവരെയാണ് മൊബൈല്‍ നേത്രചികിത്സാ സംഘം ലക്ഷ്യമിടുന്നത്.
പുക കൂടുതല്‍ വ്യാപിച്ച മേഖലകളിലാണ് നേത്ര ചികിത്സാ സംഘവും എത്തുന്നത്. നേത്ര വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. എലിസബത്ത് ജോസഫിന്റെ നേതൃത്വത്തില്‍ ഒപ്‌റ്റോമെട്രിസ്റ്റ്, നേഴ്‌സ്, ആവശ്യമായ മരുന്നുകള്‍ എന്നിവയാണ് മൊബൈല്‍ മെഡിക്കല്‍ സംഘത്തിലുള്ളത്.
ആദ്യദിനം വടവുകോട്- പുത്തന്‍കുരിശ് പഞ്ചായത്തിലെ കരിമുകള്‍ പ്രദേശത്തും രണ്ടാം ദിനം തൃപ്പൂണിത്തുറ മുന്‍സിപ്പാലിറ്റിയിലെ ഇരുമ്പനം പ്രദേശത്തും സംഘം എത്തിച്ചേരും. പരിശോധനയില്‍ തിമിര ശസ്ത്രക്രിയ ആവശ്യമെന്ന് കാണുന്നവര്‍ക്ക് തുടര്‍ ചികിത്സയ്ക്ക് ആവശ്യമായ പരിശോധനയും ശസ്ത്രക്രിയയും സൗജന്യമായി നല്‍കുമെന്ന് അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു.
മമ്മൂട്ടിയുടെ ആദ്യ മെഡിക്കല്‍ സംഘം രാജഗിരി ആശുപത്രിയില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരായിരുന്നു. രോഗികളെ വീട്ടിലെത്തി കണ്ടാണ് മെഡിക്കല്‍ സംഘം മരുന്നുകള്‍ നല്‍കിയത്.
മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിന്റെ യാത്രാ വഴികളുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ 9207131117 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.