കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. വടകര വില്യാപ്പള്ളി മയ്യന്നൂര്‍ കുഴിപ്പുറത്ത് ശശീന്ദ്രനാ(55)ണ് മെഡിക്കല്‍ കോളേജ് പോലീസിന്റെ പിടിയിലായത്. ഇയാള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അറ്റന്‍ഡറാണ്. സംഭവത്തിന് ശേഷം ഇയാള്‍ വിനോദ യാത്ര പോയിരിക്കുകയായിരുന്നു. ഇന്ന് രാവിലെ നഗരത്തില്‍ എത്തിയപ്പോഴാണ് പിടിയിലായത്.
ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ഐ സി യുവില്‍ മെഡിക്കല്‍ കോളജിലെ ജീവനക്കാരന്‍ പീഡിപ്പിച്ചതായാണ് പരാതി ഉയര്‍ന്നത്. ശസ്ത്രക്രിയക്ക് ശേഷം യുവതിയെ സ്ത്രീകളുടെ സര്‍ജിക്കല്‍ ഐ.സി.യുവില്‍ കൊണ്ടുവന്ന ശേഷമാണ് സംഭവമുണ്ടായതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. യുവതിയെ സര്‍ജിക്കല്‍ ഐ.സി.യുവിലാക്കിയ ശേഷം മടങ്ങിയ അറ്റന്‍ഡര്‍ കുറച്ചു കഴിഞ്ഞു തിരികെ വരികയായിരുന്നു. ഈ സമയത്ത് മറ്റൊരു രോഗിയുടെ സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് ജീവനക്കാരൊന്നും തൊട്ടടുത്തില്ലെന്ന് ഉറപ്പാക്കിയാണ് മയക്കത്തിലായിരുന്ന യുവതിയുടെ പീഡിപ്പിച്ചത്. ബോധം തെളിഞ്ഞ ശേഷം യുവതി ബന്ധുക്കളോടും ഐ.സി.യുവിലെ നഴ്‌സിനോടും വിവരം പറയുകയായിരുന്നു. തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.