കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ചുവെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ മെഡിക്കല്‍ കോളജ് ആഭ്യന്തര സമിതിയെ നിയോഗിച്ചു. മെഡിക്കള്‍ കോളേജ് അഡീഷണല്‍ സൂപ്രണ്ട്, ആര്‍.എം.ഒ, നേഴ്‌സിങ് സൂപ്രണ്ട് എന്നിവരടങ്ങുന്നതാണ് സമിതി. ഈ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കും. പരാതിയില്‍ അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു.
ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ഐ സി യുവില്‍ മെഡിക്കല്‍ കോളജിലെ ജീവനക്കാരന്‍ പീഡിപ്പിച്ചതായാണ് പരാതി ഉയര്‍ന്നത്. ശസ്ത്രക്രിയക്ക് ശേഷം യുവതിയെ സ്ത്രീകളുടെ സര്‍ജിക്കല്‍ ഐ.സി.യുവില്‍ കൊണ്ടുവന്ന ശേഷമാണ് സംഭവമുണ്ടായതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. യുവതിയെ സര്‍ജിക്കല്‍ ഐ.സി.യുവിലാക്കിയ ശേഷം മടങ്ങിയ അറ്റന്‍ഡര്‍ കുറച്ചു കഴിഞ്ഞു തിരികെ വരികയായിരുന്നു. ഈ സമയത്ത് മറ്റൊരു രോഗിയുടെ സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് ജീവനക്കാരൊന്നും തൊട്ടടുത്തില്ലെന്ന് ഉറപ്പാക്കിയാണ് മയക്കത്തിലായിരുന്ന യുവതിയുടെ പീഡിപ്പിച്ചത്. ബോധം തെളിഞ്ഞ ശേഷം യുവതി ബന്ധുക്കളോടും ഐ.സി.യുവിലെ നഴ്സിനോടും വിവരം പറയുകയായിരുന്നു. തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്‍കി. യുവതിയുടെ ബന്ധുക്കളില്‍നിന്നും ആശുപത്രി അധികൃതരില്‍ നിന്നും പരാതി ലഭിച്ചിട്ടുണ്ടെന്നും ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം തുടരുകയാണെന്നും മെഡിക്കല്‍ കോളജ് പോലീസ് അറിയിച്ചു.