പാലക്കാട് - കാണാതായ മൂന്നു പവന്റെ സ്വര്‍ണമാല പട്ടിക്കുട്ടിയുടെ വയറ്റില്‍നിന്ന് കണ്ടെടുത്തു. ഒലവക്കോട് ആണ്ടിമഠം സ്വദേശി കെ.പി. കൃഷ്ണദാസിന്റെ കുടുംബത്തിലെ പ്രിയപ്പെട്ട ഡെയ്‌സി എന്ന നായ്ക്കുട്ടിയാണ് സ്വര്‍ണം വിഴുങ്ങിയത്.
മാല നഷ്ടമായി കുടുംബം എല്ലായിടത്തും തിരക്കി. ഭാര്യ ബേബി കൃഷ്ണയുടെ കഴുത്തിലെ സ്വര്‍ണമാലയാണ് കാണാതായത്. വീടും പരിസരവും വ്യാപകമായി പരതിയെങ്കിലും കിട്ടിയില്ല. നഷ്ടപ്പെട്ടതിന്റെ സങ്കടത്തില്‍ ഇരിക്കുമ്പോഴാണു പെണ്‍നായ ഡെയ്‌സി വീടിന്റെ മൂലയ്ക്കിരുന്നു പെന്‍സില്‍ കടിക്കുന്നതു ശ്രദ്ധയില്‍പെട്ടത്. അപ്പോഴാണ് സംശയം തോന്നിയത്.
ഉടനെ തന്നെ ഡെയ്‌സിയുടെ എക്‌സ്‌റേ എടുത്തു. വയറ്റില്‍ മാല ഉണ്ടെന്നു മനസ്സിലാക്കിയ ശേഷം ജില്ലാ മൃഗാശുപത്രിയില്‍ എത്തി ഡോക്ടറെ കാണിച്ചു. മാല പുറത്തു വന്നില്ലെങ്കില്‍ ശസ്ത്രക്രിയ വേണമെന്നായി. അതിനുള്ള തീയതിയും നിശ്ചയിച്ചു.
ശസ്ത്രക്രിയ ഇല്ലാതെ മാല പുറത്തു വരാനായി ബ്രെഡും പഴവുമെല്ലാം ധാരാളം നല്‍കിയെങ്കിലും മാല മാത്രം വന്നില്ല. അകത്തിരുന്നാല്‍ ഡെയ്‌സിക്കും കുഴപ്പമായാലോ എന്നു കരുതി ശസ്ത്രക്രിയ ചെയ്യാമെന്ന് ഉറപ്പിച്ച് ആശുപത്രിയില്‍ പോയി. വീണ്ടും എക്‌സ്‌റേ എടുത്തു. മാല പുറത്തേക്കു വരാനുള്ള സാഹചര്യത്തിലാണെന്നു ഡോക്ടര്‍ പറഞ്ഞു. മൂന്നാംദിവസം പുറത്തേക്കു വന്ന മാല ഡെയ്‌സി തന്നെയാണു വീട്ടുകാരെ കാണിച്ചു കൊടുത്തത്. ഏതാനും ദിവസം നായ്ക്കുട്ടിയുടെ വയറ്റില്‍ കിടന്നതിനാല്‍ ചെറിയ നിറവ്യത്യാസം ഉണ്ടെന്നതല്ലാതെ മറ്റൊരു കുഴപ്പവും മാലയ്ക്കില്ല.