തിരുവനന്തപുരം - ഇടതുപക്ഷ സർക്കാരിന്റെ കീഴിൽ തുടർച്ചയായി സംഭവിച്ച് കൊണ്ടിരിക്കുന്ന ന്യൂനപക്ഷ ക്ഷേമ പദ്ധതി അട്ടിമറികൾക്കും വിവേചനത്തിനുമെതിരെ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംഘടിപ്പിക്കുന്ന ന്യൂനപക്ഷ ഡയറക്ടറേടിലേക്കുള്ള പ്രതിഷേധ മാർച്ച് നാളെ (മാർച്ച് 20).
ന്യൂനപക്ഷ പദ്ധതികൾക്കായി കഴിഞ്ഞ ആറ് വർഷങ്ങളിലായി ബഡ്ജറ്റിൽ അനുവദിച്ച തുക പാഴാക്കൽ, ഈ വർഷത്തെ ന്യൂനപക്ഷ സ്‌കോളർഷിപ്പുകൾ ചിലവഴിക്കാതെ അപേക്ഷ ക്ഷണിക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥ, സച്ചാർ-പാലോളി കമ്മീഷൻ ശുപാർശ ചെയ്ത മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കാനുളള പദ്ധതികളിൽ നടന്ന അട്ടിമറി, മദ്‌റസാ അധ്യാപകർക്കുള്ള ഭവനനിർമാണ പദ്ധതി നടപ്പിൽ വരുത്താൻ കാണിക്കുന്ന അനാസ്ഥ തുടങ്ങിയ ന്യൂനപക്ഷ വിരുദ്ധ നടപടികൾക്കെതിരെയാണ് ന്യൂനപക്ഷ ഡയറക്ടറേറ്റ് മാർച്ച് സംഘടിപ്പിച്ചിട്ടുള്ളത്.
സംസ്ഥാനത്തെ സ്ഥിര താമസക്കാരായ കേന്ദ്രസർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച സമുദായത്തിൽ പെട്ട മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായുള്ള സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിക്കാൻ കാലതാമസം വരുത്തിയത് കാരണം 2022-23 ബഡ്ജറ്റിൽ വകയിരുത്തി തുകയിൽ 2023 മാർച്ച് 20 ആയിട്ടും. ഒരു പൈസ പോലും നിലവിൽ ചിലവഴിച്ചിട്ടില്ല. രണ്ട് പിണറായി സർക്കാറുകളുടെ കാലത്തായി ന്യൂനപക്ഷ പദ്ധതികൾക്കായി ആകെ അനുവദിക്കപ്പെട്ട 632.64 കോടി രൂപയിൽ ചെലവഴിക്കാതെ പാഴാക്കിയത് 193.9 കോടി രൂപയാണ്. വിനിയോഗിക്കാതെ പാഴാക്കിക്കളഞ്ഞത് ആകെ അനുവദിക്കപ്പെട്ടതിൻറെ 30.6 ശതമാനം. വിദ്യാഭ്യാസ സ്‌കോളർഷിപ്പുകൾ, ഭവന പദ്ധതി, സ്വയം തൊഴിൽ തുടങ്ങിയവക്കായി 2022-23 കാലയളവിലേക്കായി ബജറ്റിൽ വകയിരുത്തിയ 76.01 കോടി രൂപയിൽ കേലവം 26.05 കോടി മാത്രമാണ് സാമ്പത്തിക വർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ചെലവഴിക്കാൻ കഴിഞ്ഞിട്ടുള്ളത്.
മാർച്ച് 31 ന് 2022-23 സാമ്പത്തികവർഷം അവസാനിക്കാൻ ഏതാനും ദിനങ്ങൾ മാത്രം ബാക്കി നിൽക്കെ സംസ്ഥാന ന്യൂനപക്ഷ വികസന കോർപ്പറേഷൻ വഴി മദ്രസാ അധ്യാപകർക്കുള്ള ഭവന നിർമ്മാണ പദ്ധതിക്ക് ഇതുവരെ അപേക്ഷ ക്ഷണിച്ചിട്ടുപോലുമില്ല. സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ ഈ ന്യൂനപക്ഷ വഞ്ചനക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകാനാണ് സോളിഡാരിറ്റിയുടെ തീരുമാനം.
നാളെ രാവിലെ 10.30 ന് ആരംഭിക്കുന്ന ന്യൂനപക്ഷ ഡയറക്ടറേറ്റ് മാർച്ചിൽ നജീബ് കാന്തപുരം (എം.എൽ.എ), ബി.ആർ.എം ഷഫീർ (കെ.പി.സി.സി സെക്രട്ടറി), ഷംസുദ്ദീൻ മന്നാനി ഇലവുപാലം (കെ.എം.വൈ.എഫ് സംസ്ഥാന പ്രസിഡന്റ്), പ്രൊഫ. ഇ അബ്ദുൽ റഷീദ് (മെക്ക നാഷണൽ ജനറൽ സെക്രട്ടറി), മൈലക്കാട് ഷാ (പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി), പാട്രിക് മൈക്കൾ (ലത്തീൻ അതിരൂപത പ്രസിഡന്റ് തിരുവനന്തപുരം), മിർസാദ് റഹ് മാൻ (സെക്രട്ടറി, വെൽഫെയർ പാർട്ടി കേരള), അഡ്വ. റഹ് മാൻ ഇരിക്കൂർ (ജനറൽ സെക്രട്ടറി, എസ്.ഐ.ഒ കേരള), ഹവ്വ റാഖിയ (സംസ്ഥാന കൗൺസിൽ അംഗം, ജി.ഐ.ഒ കേരള), തൗഫീഖ് മമ്പാട് (ജനറൽ സെക്രട്ടറി, സോളിഡാരിറ്റി കേരള), തൻസീർ ലത്തീഫ് (സെക്രട്ടറി, സോളിഡാരിറ്റി കേരള) തുടങ്ങിയവർ സംസാരിക്കും.