മക്ക - പുണ്യറമദാനിലെ അവസാന വെള്ളിയാഴ്ച മക്കയിലെ വിശുദ്ധ ഹറമും മദീനയിലെ പ്രവാചക പള്ളിയും മനുഷ്യക്കടലായി. വിശുദ്ധ ഹറമില്‍ ഹറംകാര്യ വകുപ്പ് മേധാവി കൂടിയായ ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് ജുമുഅ നമസ്‌കാരത്തിന് നേതൃത്വം നല്‍കി. രാവിലെ മുതല്‍ ജിദ്ദ, തായിഫ് അടക്കമുള്ള മക്കയുടെ പരിസര നഗരങ്ങളില്‍ നിന്ന് വിശ്വാസികള്‍ ഹറമിലേക്ക് ഒഴുകിത്തുടങ്ങിയിരുന്നു.
ദൂരദിക്കുകളില്‍ നിന്നുള്ളവര്‍ വ്യാഴാഴ്ച രാത്രി തന്നെ യാത്ര തിരിച്ചിരുന്നു. ഈ വര്‍ഷം ഇതുവരെ 70 ലക്ഷത്തോളം ഉംറ തീര്‍ഥാടകര്‍ വിദേശങ്ങളില്‍ നിന്നെത്തിയിട്ടുണ്ട്. ഗള്‍ഫ് പൗരന്മാര്‍ക്ക് പുറമെയാണിത്. ഗള്‍ഫ് പൗരന്മാര്‍ക്ക് സൗദിയില്‍ പ്രവേശിക്കുന്നതിന് വിസയും പാസ്‌പോര്‍ട്ടും ആവശ്യമില്ല.
ഒരു വര്‍ഷമായി സൗദി അറേബ്യ നയതന്ത്രബന്ധം വിച്ഛേദിച്ച ഖത്തറില്‍ നിന്നും തീര്‍ഥാടകര്‍ എത്തിയിട്ടുണ്ട്. വിദേശങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്കു പുറമെ പതിനായിരക്കണക്കിന് സ്വദേശി കുടുംബങ്ങള്‍ മക്കയിലും മദീനയിലും എത്തിയിരുന്നു.
കടുത്ത തിരക്ക് മുന്‍കൂട്ടി സുരക്ഷാ വകുപ്പുകളും ഹറംകാര്യ വകുപ്പും ആരോഗ്യ വകുപ്പും റെഡ് ക്രസന്റും സിവില്‍ ഡിഫന്‍സും വിപുലമായ ക്രമീകരണങ്ങളും തയാറെടുപ്പുകളും നടത്തിയിരുന്നു.
മക്കയിലും മദീനയിലും ഹറമുകള്‍ക്കടുത്ത പ്രദേശങ്ങളില്‍ കടുത്ത ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്വന്തം വാഹനങ്ങളിലെത്തുന്ന തീര്‍ഥാടകരെ ഹറമുകള്‍ക്കു സമീപത്തേക്ക് കടത്തിവിടുന്നില്ല. വാഹനങ്ങള്‍ പാര്‍ക്കിംഗുകളിലേക്ക് തിരിച്ചുവിടുകയാണ് ചെയ്യുന്നത്. പാര്‍ക്കിംഗുകളില്‍ നിന്ന് ഹറമുകളിലേക്കും തിരിച്ചും ഇടതടവില്ലാതെ ബസുകള്‍ ഷട്ടില്‍ സര്‍വീസുകള്‍ നടത്തുന്നുണ്ട്.
ഹറമില്‍ അത്താഴ വിതരണം ആരംഭിച്ചത് ദൂരദിക്കുകളില്‍ നിന്ന് എത്തുന്ന തീര്‍ഥാടകര്‍ക്ക് ഏറെ ആശ്വസമാവുകയാണ്. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണറുമായ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരനാണ് റമദാന്‍ അവസാന പത്തില്‍ ഹറമില്‍ സൗജന്യ അത്താഴ വിതരണത്തിന് നിര്‍ദേശം നല്‍കിയത്. കഴിഞ്ഞ വര്‍ഷവും ഹറമില്‍ അത്താഴ വിതരണമുണ്ടായിരുന്നു.
ഈ വര്‍ഷം പ്രതിദിനം രണ്ടര ലക്ഷത്തിലേറെ പേക്കറ്റ് അത്താഴമാണ് വിതരണം ചെയ്യുന്നത്. സന്നദ്ധ സംഘടനകളും ഉദാരമതികളും അടക്കം 57 വകുപ്പുകളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പാതിരാ (തഹജ്ജുദ്), സുബ്ഹി നമസ്‌കാരങ്ങള്‍ക്കിടയിലെ സമയക്കുറവ് കണക്കിലെടുത്താണ് തീര്‍ഥാടകരുടെയും ഹറമില്‍ എത്തുന്ന വിശ്വാസികളുടെയും സൗകര്യം മുന്‍നിര്‍ത്തി സൗജന്യ അത്താഴം വിതരണം ചെയ്യുന്നത്. വിശുദ്ധ ഹറമിനു ചുറ്റും ഹറമിന്റെ മുറ്റത്തും ബസ് സ്റ്റേഷനുകളിലും അത്താഴ വിതരണമുണ്ട്.