കോഴിക്കോട് - ഭക്ഷണവുമായി പോകുന്നതിനിടെ സ്‌കൂട്ടർ മറിഞ്ഞ് റോഡിലേക്കു വീണ യുവാവിന്റെ തലയിലൂടെ ലോറി കയറിയിറങ്ങി ദാരുണാന്ത്യം. കോഴിക്കോട് തൊണ്ടയാട്‌രാമനാട്ടുകര ദേശീയപാതയിൽ മെട്രോ ആശുപത്രിക്കും ലാൻഡ് മാർക്ക് ഫഌറ്റിനും സമീപത്തു വച്ചാണ് അപകടം. ഭക്ഷണവിതരണ കമ്പനിയിലെ ജീവനക്കാരനായ മലപ്പുറം മുന്നിയൂരിലെ ഹസ്‌ന മൻസിലിൽ പി ഹുസൈ(31)നാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.
യുവാവ് സഞ്ചരിച്ച സ്‌കൂട്ടർ മറിഞ്ഞ് റോഡിലേക്കു വീണപ്പോൾ പിന്നാലെ വന്ന കോൺക്രീറ്റ് മിക്‌സ്ചർ ലോറി തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. യുവാവ് സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചതായി പോലീസ് പറഞ്ഞു. സംസ്‌കാരം (നാളെ) തിങ്കളാഴ്ച. ഭാര്യ: ഷാനിബ. മക്കൾ: ഫാത്തിമ നുസൈബ, പേരിടാത്ത 10 ദിവസം പ്രായമായ പെൺകുഞ്ഞുമുണ്ട്.