പക്ഷികളുടെ ഇന്ത്യൻ തോഴനായിരുന്ന, പദ്മവിഭൂഷൺ സാലിം അലിയ്‌ക്കൊരു പിൻഗാമി ഇതാ ജിദ്ദയിൽ. മാനും മുയലും മയിലും മനുഷ്യനും സ്‌നേഹം പങ്കിട്ട് വസിക്കുന്ന, ഹുസൈൻ കരിങ്കറയെന്ന പ്രവാസിയുടെ വിസ്മയലോകത്തേക്ക് വരൂ. ഒരുമയുടെ ചിറകടി കേൾക്കാം. കിളിയൊച്ചകളുടെ സിംഫണി കേൾക്കാം. പീലി വിരിക്കുന്ന മയൂരങ്ങളെ കാണാം. മൽസ്യങ്ങളെ കാണാം. പേരറിയാത്ത നിരവധി പക്ഷിമൃഗാദികളോട് അരുമയോടെ കിന്നരിക്കാം...
പക്ഷികളോടും വൃക്ഷലതാദികളോടും മൃഗങ്ങളോടും ചങ്ങാത്തം കൂടി പ്രവാസം സാർത്ഥകമാക്കുകയാണ് ന്‌ല്ലൊരു കർഷകൻ കൂടിയായ ജിദ്ദാ പ്രവാസി ഹുസൈൻ കരിങ്കറ. മലപ്പുറം - പാലക്കാട് ജില്ലകൾ അതിരിടുന്ന തൂതപ്പുഴയോരത്താണ് ഹുസൈന്റെ ജന്മദേശം.
രണ്ടുപതിറ്റാണ്ടിലധികമായി ഹുസൈൻ പ്രവാസം തുടങ്ങിയിട്ട്. മുഖം മനസ്സിന്റെ കണ്ണാടിയെന്ന പോലെ സദാ സുസ്‌മേര വദനരായി കാണുന്നവർ ചുരുക്കമാണ്. സദാ ഉള്ളുതുറന്ന ചിരിയിലൂടെ ഹുസൈൻ കരിങ്കറ എല്ലാവരുടേയും ഹൃദയത്തിലേക്കാണ് തന്നെ പ്രതിഷ്ഠിക്കുന്നത്.
കൂട്ടുകാരെപ്പോലെ തന്റെ വാസസ്ഥലത്ത് കുറെയേറെ പക്ഷിമൃഗാദികളെ കൂടെ കൂട്ടിയിട്ടുണ്ട് ഹുസൈൻ. പ്രമുഖ ടിക് ടോക്കറായ കണ്ണൂരാൻ തന്റെ (ദമാമിൽ പ്രവാസിയായ നിതിൻ കണ്ടമ്പേത്ത്) ടിക് ടോക്കിലൂടെ പങ്കുവെച്ച ഒരു പേടമാന്റെ വീഡിയോ ചിത്രം ഹുസൈനെ ഹഠാദാകർഷിച്ചു. അന്നു തന്നെ നിതിൻ കണ്ടമ്പേത്തിനെ ബന്ധപ്പെടുകയും ആയിരത്തിലധികം കിലോമീറ്റർ ദൂരെയുള്ള സ്ഥലത്തു പോയി ആ പേടമാനെ വിലയ്ക്കു വാങ്ങി തന്റെ വണ്ടിയിൽ ജിദ്ദയിലെ താമസ സ്ഥലത്തേക്കു കൊണ്ടുവരികയും ചെയ്തു. നിതിനുമായി ഇന്നും നല്ല ആത്മബന്ധം പുലർത്തുന്നു. ഒരു ജീവി നൽകിയ മനുഷ്യ ബന്ധം.
തന്റെ ശേഖരത്തിലുള്ള നൂറിലധികം വിവിധയിനം പക്ഷിമൃഗാദികളിൽ കോഴികൾ, ഗിനിക്കോഴി, കാട, അലങ്കാര കോഴികൾ, വിവിധയിനം തത്തകളായ ആഫ്രിക്കൻ ചാര തത്ത, മക്കാവു, കുനൂർ, കറുവാൻ, റോസ്, ഫിഷർ എന്നീ ഇനങ്ങളിൽ പെട്ട - വിപണിയിൽ വലിയ വിലയുള്ള തത്തകൾ, വിവിധ തരത്തിലുള്ള ലവ് ബേഡ്സ്, പ്രാവുകൾ, മത്സര പ്രാവുകൾ, താറാവ്, മയിൽ, മുയൽ, പൂച്ച എന്നിവ ഉൾപ്പെടുന്നു. ഇവയോടൊപ്പം നാമൊരു കുടുംബം എന്ന മട്ടിൽ പരസ്പരം കളിച്ചും സഹകരിച്ചും കഴിയുന്നു. സാധാരണ കാഴ്ച്ച ബംഗ്ലാവുകളിൽ സജ്ജീകരിച്ചിട്ടുള്ളതുപോലെ സുരക്ഷിതവും ഒപ്പം പ്രകൃതിയുമായി ചേർന്ന വാസവുമാണ് പക്ഷി മൃഗാദികൾക്കായി ഒരുക്കിയിട്ടുള്ളത്.
ഭൂമിയുടെ അവകാശികളായ അവയോടുള്ള ചങ്ങാത്തം ഏത് മാനസിക പിരിമുറക്കങ്ങളേയും ലഘുവാക്കും. നമ്മുടെ ആവാസ വ്യവസ്ഥയിലെ ഓരോന്നും നമ്മുടെ മനസ്സിനു സന്തോഷം പകരാൻ തമ്പുരാൻ സൃഷ്ടിച്ചതാണെന്നാണ് ഹുസൈന്റെ വാദം.
ഹുസൈന്റെ കൗതുകമാർന്ന പക്ഷികളോടും മൃഗങ്ങളോടും അധിവസിച്ചുള്ള ജീവിതം കാണാൻ പ്രവാസി സുഹൃത്തുക്കളും സ്വദേശികളും ദിനേന എത്താറുണ്ടെന്നും ഹുസൈൻ പറഞ്ഞു. ഇവയൊന്നും വിൽപ്പനയ്ക്കുള്ളതല്ലെങ്കിലും മറ്റു പക്ഷിമൃഗാദികൾ വളർത്തുന്നവർക്ക് വെച്ചുമാറ്റം നടത്താറുണ്ട്. തന്റെ ശേഖരത്തിലുള്ള പല പൂച്ചകൾക്കും പക്ഷികൾക്കും പാസ്‌പോർട്ട് എടുത്തിട്ടുണ്ട്. അവയ്‌ക്കെടുത്ത വാക്‌സിനേഷൻ രേഖകൾ ഡി.എൻ.എ റിപ്പോർട്ടുകൾ എന്നിവയും സൂക്ഷിക്കുന്നുണ്ട്. ഇവയെ നാട്ടിൽ കൂടെ കൊണ്ടുപോകാൻ അത്യാവശ്യ രേഖകളാണ് അതൊക്കെ.
പക്ഷിമൃഗാദികളെ വളർത്തുന്നത്, വന്യജീവി നിയമങ്ങൾ, ആരോഗ്യ പരിപാലന വ്യവസ്ഥകൾ എന്നിവ അനുസരിച്ചു മാത്രമേ വളർത്താവൂ എന്ന് ഹുസൈൻ അടിവരയിടുന്നു. ഇവയുടെ പരിപാലനത്തിനായി നല്ലൊരു തുക എല്ലാ മാസവും ചെലവഴിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർഷവും നിശ്ചിത സമയങ്ങളിൽ വിരുന്നുകാരായെത്തുന്ന മൈനകളും തേനീച്ചകളും.
'ഒരു ദിവസം അതിരാവിലെ ചാരുകസാലയിൽ ഇരുന്ന് പത്രം വായിച്ചു കൊണ്ടിരുന്നപ്പോൾ എവിടെ നിന്നോ ഒരു മൈന സദാ ചിലച്ചു കൊണ്ട് എനിക്ക് അഭിമുഖമായി വന്നിരുന്നു. സാധാരണ പക്ഷികളോടു പറയാറുള്ള പോലെ 'ചങ്ങാതീ, ആ മൂലയിൽ പാത്രങ്ങളിൽ വെള്ളമുണ്ട് , പോയി കുടിക്കുകയോ കുളിക്കുകയോ ആവാം. ഇവിടെ കഴിക്കാൻ തീറ്റയുമുണ്ട്. ഇഷ്ടം പോലെ ചെയ്‌തോളൂ. ഇഷ്ടമുണ്ടെങ്കിൽ ഇഷ്ടമുള്ളിടത്തോളം ഇവിടെ കഴിഞ്ഞോളൂ. അവരു രണ്ടാളും നമ്മടെ ചങ്ങാതിമാരായി ഒന്നു രണ്ടു മാസം ഇവിടെ കഴിഞ്ഞു. പിന്നീട് ഏകദേശം ഒരു വർഷത്തോളം അവരെ കാണാനില്ല. വീണ്ടും ആ രണ്ടു മൈനകളും വന്നു കൂടെ പാർപ്പായി, രണ്ടു മാസത്തോളം. വീണ്ടും പറന്നുപോയി. അതവരുടെ സ്വാതന്ത്ര്യം. ദേശാടനക്കിളികളെ പോലെ വന്നു ചങ്ങാതിമാർ ആയതാണെന്ന് പിന്നെ ചിന്തിച്ചപ്പോൾ തനിക്ക് പിടികിട്ടി. വർഷങ്ങളായി ഇത് തുടരുന്നു. ഇപ്പം അവരിലൊരാളേ വരുന്നുള്ളൂ. മറ്റേ ആളിന്റെ കാര്യം ചോദിച്ചാൽ പിണങ്ങുമോയെന്ന് കരുതി ചോദിച്ചില്ല'.
തേനീച്ചകളും ചങ്ങാതിമാർ
ചൂടുകാലം തുടങ്ങുന്നതോടെ അഭയം തേടിയെത്തുന്ന അഞ്ചോളം തേനീച്ച കൂട്ടങ്ങളുണ്ട്. അവയ്ക്കായി അഞ്ചോളം തേനീച്ചക്കൂടുകൾ ഒരുക്കിയിട്ടുണ്ട്. വേനൽക്കാലങ്ങളിൽ പൂവുകളിൽ നിന്ന് തേൻ ശേഖരിയ്ക്കാൻ തേനീച്ചകൾക്ക് മാർഗ്ഗമില്ലാത്തതിനാൽ അവയ്ക്കായി തടിയിൽ നിർമ്മിച്ച പാത്രങ്ങളിൽ പഞ്ചസാര വെള്ളം നിറച്ചുവെക്കും. അതിനു മുകളിൽ ചാക്കുകഷ്ണം വെള്ളത്തിന്റെ ഉപരിതലത്തിൽ വിരിച്ചിട്ട് അവയുടെ സുരക്ഷിതമായ ജലപാനം ഉറപ്പാക്കും. വസന്ത കാലം തുടങ്ങിക്കഴിയുന്നതോടെ അവയും ഉദ്യാനങ്ങൾ തേടി തിരിച്ചു യാത്രയാകും. വർഷങ്ങളായി തേനീച്ചകളുടെ വരവും പോക്കും ഇങ്ങനെ തുടരുന്നു. ജന്തുജാലങ്ങൾക്കായാലും മനുഷ്യർക്കായാലും ക്ഷാമകാലത്താണല്ലോ ക്ഷേമ പ്രവർത്തനങ്ങൾ നാം ചെയ്യേണ്ടത്.
പൂച്ചയ്ക്കും അന്നം നൽകണം
നഗര നവീകരണത്തിന്റെ ഭാഗമായി താമസ സ്ഥലങ്ങൾ വിട്ടൊഴിഞ്ഞു പോയ ഭാഗങ്ങളിൽ വീട്ടുകാർ കൂടെ കൂട്ടാത്ത പൂച്ചകൾ ഇപ്പോഴും വസിക്കുന്നുണ്ട്. അവയ്ക്ക് ഭക്ഷണമെത്തിക്കാൻ പല ഹോട്ടലുകളിൽ നിന്നും ആഹാരവസ്തുക്കൾ ശേഖരിച്ച് പൂച്ചകൾ അധികമുള്ള സ്ഥലങ്ങളിൽ ഇട്ടു കൊടുക്കാറുണ്ട്. ഒപ്പം അവയ്ക്ക് കുടിക്കാനുള്ള വെള്ളവും വെച്ചു കൊടുക്കും. താൻ ജിദ്ദയിലുള്ളപ്പോൾ ഈ ഭക്ഷണമെത്തിക്കലിന് എന്തു തിരക്കുണ്ടായാലും എത്ര താമസിച്ചാലും മുടക്കാറില്ല. ഭക്ഷണം ശേഖരിക്കുന്നതിനും അവ പൂച്ചകൾക്കു വിളമ്പി കൊടുക്കുന്നതിനുമുള്ള സാമഗ്രികൾ തന്റെ വണ്ടിയിൽ എപ്പോഴുമുണ്ടാവും.
ഹുസൈന്റെ ഭാഷയിൽ 'ജീവിത സന്തോഷങ്ങൾ ഒത്തിരി നൽകാൻ നമ്മുടെ ആവാസ വ്യവസ്ഥയിൽ ഭൂമിയുടെ അവകാശികളായ വൃക്ഷലതാദികൾക്കും പക്ഷിമൃഗാദികൾക്കും കഴിയും. അവയെ അസ്വസ്ഥരാക്കരുതെന്നു മാത്രം.'
പ്രവാസിയാകുന്നതിനു മുൻപ് സ്വദേശത്തു നിന്നേ തുടങ്ങിയതാണ് ഈ സഹജീവി കമ്പം. പാലക്കാട് ജില്ലയിലെ തൂത വീട്ടിക്കാടാണ് സ്വദേശം. അധ്യാപിക കൂടിയായ ഭാര്യ സബിതയും മക്കളായ അഹിയാനും സൻഹയും ഹാനിയയും നല്ല കട്ട സപ്പോർട്ടാണെന്നും സഹജീവി കരുതലിൽ അവർ തനിക്ക് പ്രചോദനമേകുന്നുവെന്നും ഹുസൈൻ വ്യക്തമാക്കി. തന്റെ ഹോബിയ്ക്കു വീട്ടിൽ നിന്നുള്ള പിന്തുണയ്ക്കു പുറമേ സുഹൃദ് വലയങ്ങളിൽ നിന്നു ലഭ്യമാകുന്ന പ്രചോദനങ്ങൾ വാക്കുകൾക്ക് അതീതമാണെന്നും പറഞ്ഞു.
സഞ്ചാരമൊരു ഹരം
നമ്മുടെ ചുറ്റും കാണുന്ന മലകളും പുഴകളും പാടങ്ങളും മണ്ണും വിണ്ണും അതിന്റെ നൈസർഗ്ഗിക മനോഹാരിത കാണാൻ നമ്മൾ യാത്രകൾ നടത്തണം. കേരളമെന്നു തന്നെ തോന്നിപ്പിക്കുന്ന കൃഷിപാടങ്ങളും നാട്ടിലെ തോടുകളിലെ പോലെ മത്സ്യങ്ങൾ ഓടിക്കളിക്കുന്ന മീനുകളുമുള്ള പുഴയുമുണ്ട് സൗദിയിലെ ജിദ്ദക്കരികെ. യാത്രകൾ ഗൃഹാതുരത്വവും ബോറടികൾ പേറുകയും ചെയ്യുന്ന പ്രവാസ ജീവിതത്തിന് ഊഷ്മളത പകരുന്ന അനുഭവമാണെന്നാണ് ഹുസൈൻ ചങ്ങാതിമാരെ ഉപദേശിക്കുന്നത്.
സൗദിയുടെ വിവിധ ഭാഗങ്ങളിലുള്ള കൃഷിയിടങ്ങൾ, മരുഭൂമികൾ, മലകൾ എന്നിവയുള്ള പ്രദേശങ്ങളിലേക്ക് കാഴ്ച്ചകൾ ആസ്വദിക്കാൻ ഹുസൈൻ തുടർച്ചയായി കൂട്ടുകാരെയും കൂടെ കൂട്ടി യാത്ര ചെയ്യാറുണ്ട്. ഈ യാത്രകളിലൊക്കെ കഴിവതും ആഹാരം സ്വയം പാചകം ചെയ്യാറാണ് പതിവ്. വിവിധ കൃഷിരീതികൾ സ്വയം കണ്ടും കർഷകരിൽ നിന്നും നേരിട്ടറിയുകയും അവർക്കൊപ്പം കാഴ്ച്ചകൾ കണ്ടും ഭക്ഷണം കഴിച്ചും തന്റെ യാത്ര ആസ്വാദ്യകരമായ അനുഭവവേദ്യമാക്കുകയാണ് ഹുസൈൻ.
പ്രവിശാലമായ സൗദി ഭൂപ്രകൃതിയുടെ അവാച്യ സൗന്ദര്യം, നൂറുമേനി വിളയുന്ന കൃഷി പാടങ്ങൾ, യന്ത്ര സാമഗ്രികളുയോഗിച്ചുള്ള ആധുനിക കൃഷിരീതികൾ, അത്യധ്വാനം ചെയ്യുന്ന കർഷക തൊഴിലാളികൾ പകർന്നു നൽകുന്ന അനുഭവത്തിലധിഷ്ഠിതമായ വിജ്ഞാനീയങ്ങൾ എന്നിവ തന്റെ യാത്രയെ ധന്യവും സംതൃപ്തവുമാക്കുന്ന ഏടുകളാണ്.
വസ്ത്രധാരണത്തിലും വ്യതിരിക്തത
പ്രവാസ ജീവിതത്തിലും കേരളീയ വേഷത്തോടു തന്നെ പ്രതിപത്തി. കടും നിറങ്ങളിലുള്ള നീളമുള്ള ജൂബയും വീതിയേറിയ കരകളുള്ള വേഷ്ടിയുമാണ് ഔദ്യോഗിക സന്ദർഭങ്ങളൊഴികെയുള്ള എല്ലാ അവസരങ്ങളിലും ധരിക്കുക. ചില ഇഷ്ടക്കാർ പാലക്കാടൻ ജൂബാക്കാരൻ എന്നു വിളിക്കാറുണ്ടെന്നും സന്തോഷത്തോടെ പറയുന്നു.
ദാർശനിക ഭാവത്തോടെ ഹുസൈൻ പറയുന്നു: ജീവിതത്തെ സാർത്ഥകമാക്കുന്നത് എന്തെന്ന ചോദ്യത്തിന് പല മാനങ്ങളുണ്ട്. ജീവിതം നമുക്കുവേണ്ടി മാത്രമല്ല മറ്റുള്ളവർക്കു കൂടി ഉപകാരപ്രദമാക്കുക എന്നതിന് വിശാലമായ മനുഷ്യത്വം നിറഞ്ഞ ഒരർത്ഥമുണ്ട്. മഹാകവി പാടിയതു പോലെ 'അന്യ ജീവനുതകീ സ്വജീവിതം ധന്യമാക്കുമമലേ വിവേകികൾ'.
ഹുസൈൻ കരിങ്കത്തറ തേടുന്ന ജീവിത സാഫല്യവും ഇങ്ങനെ. നല്ലൊരു വായനക്കാരനും, സഞ്ചാരിയും, പ്രകൃതി സ്‌നേഹിയും, ദേശ, ഭാഷ, രാഷ്ട്രീയ അതിരുകളില്ലാതെ വിശാലമായ സൗഹൃദത്തിനുടമയുമാണ് ഹുസൈൻ കരിങ്കറ.
ജീവകാരുണ്യ മേഖലകളിലും ഹജ്ജ് സേവന പ്രവർത്തനങ്ങളിലും സജീവമായ ഹുസൈൻ മനുഷ്യാവകാശ സംഘടനയിലെ അംഗമാണ്. പ്രവാസി ഇന്ത്യക്കാരുടെ നിയമപ്രശ്‌നങ്ങൾ, മരണം എന്നീ സന്ദിഗ്ധഘട്ടങ്ങളിൽ ആപത്തു കാലത്തു സഹായിക്കുവാനെത്തുന്ന ഉറ്റമിത്രവും കെ.എം.സി.സി ജീവകാരുണ്യ വിഭാഗം നേതാവും കൂടിയാണ്.