കേരളത്തിലെ ഒരു കൊച്ചുഗ്രാമത്തിൽനിന്നും സംഗീതത്തിന്റെ അനന്തവിഹായസ്സിൽ പാടിപ്പറന്നു നടക്കുന്ന പെൺകുട്ടി. നാട്ടിടവഴികളിൽനിന്നും സംഗീതമെന്ന അനന്തസാഗരത്തിൽ നീന്തിത്തുടിക്കുന്നവൾ. കോഴിക്കോട് ജില്ലയിലെ വടകരക്കടുത്ത് പുറമേരി ഗ്രാമക്കാരിയായ സൂര്യഗായത്രിയെ വാഴ്ത്തിപ്പാടാൻ വാക്കുകൾ മതിയാകില്ല. കടത്തനാട് രാജാസ് ഹൈസ്‌കൂളിലെ പ്‌ളസ് ടു വിദ്യാർഥിനിയാണവൾ. മൃദംഗവിദ്വാൻ അനിൽകുമാറിന്റെയും കവയിത്രിയായ പി.കെ. ദിവ്യയുടെയും മകൾ. എം.എസ്. സുബ്ബലക്ഷ്മിയുടെ പിൻമുറക്കാരിയെന്നാണ് ആരാധകർ ഈ കൊച്ചുമിടുക്കിയെ വിശേഷിപ്പിക്കുന്നത്.
ദക്ഷിണേന്ത്യയിലെ പ്രധാന സംഗീത സഭകളിലെല്ലാം പാടിയ പാട്ടുകൾ യൂട്യൂബിൽ തരംഗമായി മുന്നേറുകയാണ്. ഓരോ പാട്ടും കോടിക്കണക്കിനായ ആസ്വാദകരാണ് കണ്ടുകഴിഞ്ഞത്. കലോത്സവങ്ങളിൽനിന്നും റിയാലിറ്റി ഷോകളിൽനിന്നും അകന്നുകഴിയുന്ന ഈ കലാകാരിക്ക് എം.എസ്. അമ്മ എന്നു സ്‌നേഹപൂർവ്വം വിളിക്കുന്ന എം.എസ്. സുബ്ബലക്ഷ്മിയാണ് പ്രചോദനവും വഴിവിളക്കും.
ഭക്തകവിയായ തുളസിദാസിന്റെ ഹനുമാൻ ചാലിസ എന്ന സ്‌തോത്രഗീതം എം.എസ്. സുബ്ബലക്ഷ്മി പാടി ഹിറ്റാക്കിയപ്പോൾ ആറുലക്ഷം പേരാണ് യൂട്യൂബിൽ കണ്ടതെങ്കിൽ സൂര്യഗായത്രിയുടെ കുട്ടിശബ്ദത്തിൽ അത് കണ്ടവർ രണ്ടര കോടിയാണ്. എട്ടുവർഷം മുൻപായിരുന്നു സൂര്യഗായത്രി ഈ ഗാനം യൂട്യൂബിൽ പോസ്റ്റ് ചെയ്തത്. പിന്നീട് നിരവധി പുതിയ പാട്ടു വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി. അവയെല്ലാം കോടിക്കണക്കായ ആരാധകരാണ് കണ്ടത്. സൂര്യഗായത്രി പാടുമ്പോൾ ചിലർക്ക് സംഗീതത്തിന്റെ മാസ്മരികതയാണ് ഇഷ്ടമെങ്കിൽ മറ്റു ചിലർ സങ്കടങ്ങൾ കഴുകിക്കളയുന്ന പ്രവാഹമായാണ് അതിനെ കാണുന്നത്. വേറെയും ചിലരാകട്ടെ ഭക്തിയുടെ ആനന്ദമാണ് ആ ഗാനങ്ങളിലൂടെ അനുഭവിക്കുന്നത്.
കേരളത്തിനു പുറത്ത് ലക്ഷക്കണക്കായ ഭക്തിസംഗീതാസ്വാദകർക്ക് സൂര്യഗായത്രി സുപരിചിതയാണ്. ഇന്ത്യയിൽതന്നെ പല സംസ്ഥാനങ്ങളിലായി അഞ്ഞൂറോളം ഭജനസന്ധ്യകളാണ് ഈ ചെറുപ്രായത്തിനിടയിൽ നടത്തിയിട്ടുള്ളത്. ഓസ്‌ട്രേലിയയിലും ഖത്തറിലും കുവൈത്തിലും ബഹ്‌റൈനിലും ദുബായിലും സിംഗപ്പൂരിലും ദക്ഷിണാഫ്രിക്കയിലും ട്രിനിഡാഡിലുമെല്ലാമായി നിരവധി സംഗീതവേദികളിൽ ആ മാസ്മരികശബ്ദം അലയടിച്ചെത്തി. ഭജൻസിനും ഭക്തിഗാനങ്ങൾക്കും മാർക്കറ്റ് കുറവാണെന്നു പറയുന്ന കേരളത്തിലെ മണ്ണിൽനിന്നാണ് ഈ രംഗത്ത് ചിരപ്രതിഷ്ഠ നേടാനുള്ള ആഗ്രഹവുമായി ഈ കൊച്ചുകലാകാരിയെത്തുന്നത്. മലയാളിയുടെ ആസ്വാദന അഭിരുചിയെ മാറ്റിപ്പണിയുകയായിരുന്നു ഈ കടത്തനാട്ടുകാരി.
പുറമേരിയിലെ സൂര്യകാന്തമെന്ന വീട്ടിൽ കുഞ്ഞനുജൻ ശിവസൂര്യയുമൊത്ത് കളിചിരി തമാശകളുമായി കഴിയുമ്പോഴും പാട്ടിന്റെ മൂളൽ ആ ചുണ്ടിൽ എപ്പോഴുമുണ്ടാകും. എൽ.കെ.ജി ക്ലാസിലെ അധ്യാപികയാണ് ഈ പാട്ടുമൂളൽ ആദ്യം കണ്ടെത്തിയത്. കഌസിലിരുന്ന് പാട്ടു പാടുന്ന കുട്ടിയെ പ്രോത്സാഹിപ്പിക്കുകയായിരുന്നു ആ ഗുരുനാഥ. പാട്ട് ഇഷ്ടമാണെന്ന് മാതാപിതാക്കളും തിരിച്ചറിഞ്ഞിരുന്നു. അച്ഛനായിരുന്നു എപ്പോഴും പാട്ടുപാടാൻ പ്രോത്സാഹിപ്പിച്ചിരുന്നത്. പാട്ടിന്റെയും കലയുടെയും പാരമ്പര്യത്തിൽ ജനിച്ചുവളർന്ന കുട്ടിയും ആ രംഗത്തു തുടരുകയായിരുന്നു. മൃദംഗവിദ്വാനായ അച്ഛൻ. നിരവധി കവിതകളെഴുതിയ കവയിത്രിയായ അമ്മ. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കവിതാരചനയിൽ ഒന്നാം സ്ഥാനം നേടിയ ചരിത്രവുമുണ്ട് ദിവ്യക്ക്. അഛച്ഛൻ നൃത്താധ്യാപകൻ. ഇളയഛൻ വയലിനിസ്റ്റ്. അനുജൻ ശിവസൂര്യയും പാട്ടിന്റെ ലോകത്തുണ്ട്. സൂര്യയ്ക്കായി അമ്മ ഒട്ടേറെ കവിതകൾ എഴുതിയിട്ടുണ്ട്. നരിക്കുന്ന് യു.പി. സ്‌കൂളിൽ ഇന്നും ആലപിക്കുന്ന പ്രാർഥനാഗാനം ദിവ്യയുടേതാണ്. സൂര്യഗായത്രിയുടെ യൂട്യൂബ് ചാനലിലുള്ള മിക്ക ഭക്തിഗാനങ്ങളും ദിവ്യയുടെ രചനയിൽ സൂര്യഗായത്രിയോ അച്ഛൻ അനിലോ ചിട്ടപ്പെടുത്തിയവയാണ്. കൃഷ്ണാനന്ദം എന്ന ഗാനം അമ്മ എഴുതി അച്ഛൻ താളമിട്ട് ഞാനും അനുജനും ചേർന്ന് പാടിയ പാട്ടാണ് എന്നു പറയുമ്പോൾ സൂര്യയുടെ മുഖത്ത് അഭിമാനം പൂത്തുവിരിയുകയാണ്.
അച്ഛൻ അനിലിന്റെ സുഹൃത്തായ നിഷാദ് നാദാപുരം എന്ന സംഗീതാധ്യാപകനാണ് സൂര്യഗായത്രിയുടെ ആദ്യഗുരു. പിന്നീട് എസ്. ആനന്ദിയുടെ ശിക്ഷണത്തിലും സംഗീതസാധന തുടർന്നു. വോക്കൽ പരിശീലനത്തിനായി ചെന്നൈയിൽ ശ്യാമള വിനോദിനെയും സമീപിച്ചിരുന്നു. സൂര്യഗായത്രി എന്ന ഗായികയെ പുറംലോകം അറിയുന്നത് കുൽദീപ് പൈ എന്ന സംഗീതജ്ഞനെ പരിചയപ്പെടുന്നതോടെയാണ്. ഒരു മൊബൈൽ കമ്പനിയുടെ റിങ് ടോണായി ഹനുമാൻ ചാലിസ പാടാൻ വേണ്ടിയാണ് സൂര്യഗായത്രിയെ ക്ഷണിച്ചത്. അന്നവൾക്ക് എട്ടു വയസ്സായിരുന്നു പ്രായം. 108 ദിവസം തുടർച്ചയായി സാധകം ചെയ്തതിനുശേഷമായിരുന്നു ആലാപനം. കാണാനും കേൾക്കാനും ഇമ്പം തോന്നുന്ന രീതിയിലുള്ള ആലാപനം കൊച്ചുവീഡിയോയാക്കി ഫെയ്‌സ് ബുക്കിലും യൂട്യൂബിലും ഷെയർ ചെയ്തതോടെ വൻഹിറ്റായി. ഒരു ഇന്ത്യൻ ഗായികയുടെ ഉദയമായിരുന്നു അവിടെ കണ്ടത്. തുടർന്നു പാടിയ ഗണേശപഞ്ചരത്‌നവും നിരവധി പേരുടെ ഹൃദയം കവർന്നു. ഇപ്പോഴും സൂര്യഗായത്രിയുടെ പാട്ടുകൾ ആളുകൾ യൂട്യൂബിൽ തേടിക്കൊണ്ടിരിക്കുന്നു എന്നതാണ് സത്യം.
പത്താം വയസ്സിൽ എം.എസ്. സുബ്ബലക്ഷ്മി ഫെലോഷിപ്പ് സൂര്യഗായത്രിയെ തേടിയെത്തി. കലാനിധി സംഗീതരത്‌ന പുരസ്‌കാരം, സമാജ് ശക്തി പുരസ്‌കാരം എന്നിവയും ഈ കൊച്ചുഗായികയ്ക്കു ലഭിച്ചു. നിരവധി പേരാണ് ഈ ഗായികയെ കാണാൻ പുറമേരിയിലെത്തുന്നത്. സുബ്ബലക്ഷ്മിയുടെ പുനർജന്മമായി അവളെ കാണുന്നവരും നിരവധിയാണ്. സൂര്യഗായത്രി പാടുന്നത് നേരിൽ കാണാനാണ് പലരുടെയും വരവ്. നേരിട്ട് അഭിനന്ദിക്കാനും സമ്മാനങ്ങൾ നൽകാനും എത്തുന്നവരുമുണ്ട്.
ചെന്നൈയിൽനിന്നും എന്തിനേറെ അമേരിക്കയിൽനിന്നുപോലും അവളെ കാണുവാൻ ആളുകളെത്തുന്നു. വീടിന്റെ സ്വകാര്യതയോർത്ത് ഇത്തരം സന്ദർശനങ്ങൾ കൂടുതൽ പ്രോത്സാഹിപ്പിക്കാറില്ലെന്ന് അച്ഛൻ അനിൽ പറയുന്നു.
ആറാം ക്ലാസുവരെ സ്‌കൂൾ കലോത്സവങ്ങളിൽ സമ്മാനങ്ങൾ വാരിക്കൂട്ടിയിരുന്നു ഈ കലാകാരി. വീട്ടുകാരുടെയും അധ്യാപകരുടെയും പ്രോത്സാഹനവും ഏറെയുണ്ടായിരുന്നു. എന്നാൽ പൊടുന്നനെയായിരുന്നു മത്സരങ്ങളിൽനിന്നും വിട്ടുനിൽക്കാൻ അവൾ തീരുമാനിച്ചത്. അതിനു കാരണമുണ്ടായിരുന്നു. ഒരിക്കൽ തിരുവണ്ണാമലയിൽ രമണാശ്രമത്തിൽ പാടാൻ പോയി. അവിടെവച്ച് പരിചയപ്പെട്ട ഒരു സ്വാമി വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. സ്‌കൂൾ കലോത്സവത്തിൽ ഒൻപതിനങ്ങളിൽ മത്സരിച്ചതും സമ്മാനങ്ങൾ നേടിയതും പറഞ്ഞു. കൂട്ടുകാർക്ക് സമ്മാനം കിട്ടാനുള്ള അവസരം കളയാൻ വേണ്ടിയാണോ കലോത്സവത്തിൽ പങ്കെടുക്കുന്നതെന്നായിരുന്നു ചോദ്യം. ഒരുപാട് അവസരങ്ങളും ലോകം മുഴുവൻ അറിയപ്പെടുന്ന ഗായികയുമായി. ഇനി സമ്മാനത്തിനായല്ല പാടേണ്ടത് എന്ന സ്വാമിയുടെ വചനമാണ് സൂര്യഗായത്രിയെ മാറ്റിചിന്തിപ്പിച്ചത്.
ശങ്കരാചാര്യരുടെ കൃതികൾ ഈണമിട്ട് പാടി ജനങ്ങളിലെത്തിക്കണമെന്നതാണ് സൂര്യഗായത്രിയുടെ ഇനിയുള്ള സ്വപ്‌നം. അതിനുള്ള ശ്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ഓരോ സ്‌തോത്രങ്ങളും കാണുമ്പോൾ തന്നെ താളം മനസ്സിലേയ്ക്ക് കടന്നുവരികയാണ്. അദ്ദേഹത്തിന്റെ നർമദാഷ്ടകം എന്ന സ്തുതി നർമദാ തീരത്ത് വച്ച് ചിത്രീകരിക്കണം എന്ന് കരുതിയിരിക്കുമ്പോഴാണ് ജബൽപൂരിൽ നർമദയുടെ അടുത്തുനിന്നും ഒരു പ്രോഗ്രാമിന് ക്ഷണം ലഭിക്കുന്നത്. യാത്രയിൽ ക്യാമറാ ടീമിനെയും കൊണ്ടുപോയി അവിടെനിന്ന് ചിത്രീകരിക്കുകയും ചെയ്തു.
സൂര്യഗായത്രിയുടെ മനസ്സിനെ സ്വാധീനിച്ച ഒട്ടേറെ സംഗീതജ്ഞരുണ്ട്. അവരിൽ ഏറ്റവും പ്രാധാന്യം നൽകുന്നത് എം. എസ്. സുബ്ബലക്ഷ്മിക്കാണ്. പെർഫെക്ഷൻ രീതിയിൽ ഏറെ സഹായിച്ചത് കുൽദീപാണ്. കർണാട്ടിക് സംഗീതലോകത്തെ ആചാര്യന്മാരായ മധുരൈ എസ്. സോമസുന്ദരം, ജി. എൻ. ബാലസുബ്രഹ്മണ്യം, രഞ്ജിനി ഗായത്രിമാർ, അഭിഷേക് രഘുറാം എന്നിവരെയെല്ലാം ഇഷ്ടമാണ്. ഒരിക്കൽ ചെന്നൈയിൽ ഒരു പരിപാടിക്കെത്തിയപ്പോൾ യേശുദാസ് സാറിനെ നേരിട്ടു കാണാനും അനുഗ്രഹം വാങ്ങാനും കഴിഞ്ഞത് ഇപ്പോഴും സൂര്യഗായത്രിയുടെ മനസ്സിലുണ്ട്.
സംഗീതരംഗത്ത് ലൈവ് കൺസേർട്ട് ചെയ്യാനാണ് കൂടുതൽ ഇഷ്ടം. പാട്ടു പഠിപ്പിക്കാനും താൽപര്യമുണ്ട്. ശുദ്ധമായ കർണാട്ടിക് സംഗീതത്തോടാണ് കൂടുതൽ അടുപ്പമെന്ന് സൂര്യഗായത്രി പറയുന്നു. ഒരു ഗായികയെന്നതിലുപരി ഒരു പെർഫോമിങ് ആർട്ടിസ്റ്റാക്കി സൂര്യഗായത്രിയെ മാറ്റിയെടുത്തത് അച്ഛൻ അനിൽകുമാറാണ്. പുതിയൊരു കൃതി പഠിക്കുമ്പോൾ ദിവസങ്ങൾ നീളുന്ന സാധനയിലൂടെ ഓരോ ചുവടും ഉറപ്പിച്ചുകൊടുക്കാൻ അദ്ദേഹം മുൻപന്തിയിലുണ്ടാകും. സംഗീത പരിപാടികളിൽ മൃദംഗം വായിക്കാൻ അച്ഛൻ തൊട്ടടുത്തിരിക്കുന്നതാണ് ഏറ്റവും വലിയ ആത്മബലമെന്നും സൂര്യഗായത്രി സമ്മതിക്കുന്നു. താളമിടറാതെ വായിക്കുന്ന അച്ഛനും പാട്ടിലലിഞ്ഞ് പാടുന്ന മകളും. മഴ കഴിഞ്ഞ നീലാകാശംപോലെ മനസ്സാകെ കുളിർക്കുന്ന അനുഭവം.