Sorry, you need to enable JavaScript to visit this website.

കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്നായി ഒന്നേകാല്‍ കോടി രൂപയുടെ സ്വര്‍ണ്ണം പിടികൂടി

കോഴിക്കോട് / കണ്ണൂര്‍ :  കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ വന്‍ സ്വര്‍ണ്ണ വേട്ട. ഒന്നേകാല്‍ കോടിയോളം രൂപ വില വരുന്ന സ്വര്‍ണ്ണമാണ് രണ്ട് വിമാനത്താവളങ്ങളില്‍ നാലു പേരില്‍ നിന്നായി പിടികൂടിയത്.  70 ലക്ഷം രൂപ വിലമതിക്കുന്ന 1.3 കിലോ സ്വര്‍ണ്ണമാണ് വ്യത്യസ്ത സംഭവങ്ങളിലായി കരിപ്പൂരില്‍ കസ്റ്റംസ് പിടികൂടിയത്. ദുബായില്‍നിന്നും ജിദ്ദയില്‍ നിന്നും എത്തിയ മൂന്നു യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. പേനയുടെ റീഫിലിലും ശരീരത്തിനുള്ളിലും വസ്ത്രത്തിലും ഒളിപ്പിച്ചാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. മലപ്പുറം സ്വദേശി വെള്ളാടത്ത് ഷിഹാബ്, കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്വദേശി ഷാനവാസ്, കോഴിക്കോട് ശിവപുരം സ്വദേശി കുന്നുമ്മേല്‍ അന്‍സില്‍ എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്.
കണ്ണൂര്‍ വിമാനത്താവളത്തില്‍ മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച  930 ഗ്രാം സ്വര്‍ണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. ഇതിന് 53,59,590 രൂപ വില വരും. ദോഹയില്‍ നിന്നെത്തിയ കാസര്‍കോട് കുമ്പള സ്വദേശി മുഹമ്മദില്‍ നിന്നാണ് സ്വര്‍ണ്ണം പിടിച്ചെടുത്തത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഇ വി ശിവരാമന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. 

 

Latest News