കോഴിക്കോട്: മുസ്‌ലീം ലീഗ് എം.എല്‍.എ ആര്‍.എസ് എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന ആര്‍.എസ്.എസ് നേതാക്കളുടെ വെളിപ്പെടുത്തല്‍ ശരിയാണെന്ന് മുസ്‌ലീം ലീഗില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ സംസ്ഥാന സെക്രട്ടറി കെ.എസ്.ഹംസ. പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതിനിധിയായ ഒരു എം.എല്‍.എയാണ് ചര്‍ച്ച നടത്തിയത്. ജമാഅത്തെ ഇസ്ലാമി നേതാക്കളുമായി ആര്‍.എസ്.എസ് ദേശീയ നേതാക്കള്‍ ചര്‍ച്ച നടത്തിയ അതേ സമയത്ത് തന്നെയാണ് മുസ്‌ലീം ലീഗ് എം.എല്‍.എയുമായി മലപ്പുറത്ത് ചര്‍ച്ച നടത്തിയതെന്നും കെ.എസ് .ഹംസ പറഞ്ഞു. മുസ്‌ലീം ലീഗിനെ ഇടതു പാളയത്തില്‍ എത്തിക്കുകയാണ് ആര്‍.എസ്.എസിന്റെ ലക്ഷ്യം. അതുകൊണ്ട് അവര്‍ക്ക് രാഷ്ട്രീയമായ നേട്ടമുണ്ട്. ബി.ജെ.പിയും സി പി എമ്മുമായി കുഞ്ഞാലിക്കുട്ടി ഒത്തു തീര്‍പ്പുണ്ടാക്കുകയാണ്. സോളാര്‍, ഐസ്‌ക്രീം പാര്‍ലര്‍ എന്നിവ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ തുറന്നു പറഞ്ഞതിനാണ് തന്നെ ലീഗില്‍ നിന്നും പുറത്താക്കിയതെന്നും കെ എസ് ഹംസ ആരോപിച്ചു. ചന്ദ്രിക പണമിടപാട് കേസില്‍ ഇ ഡി യെ കുഞ്ഞാലിക്കുട്ടി സെറ്റില്‍ ചെയ്തു. ലീഗിനെ ഇടതു മുന്നണിയിലേക്ക് കൊണ്ടു പോകാന്‍ കുഞ്ഞാലിക്കുട്ടി ശ്രമിക്കുന്നത് എ ആര്‍ നഗര്‍ ബാങ്ക് തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടാനാണ്. ഈ വിഷയത്തില്‍ നിരന്തരം കുഞ്ഞാലിക്കുട്ടിക്കെതിരെ രംഗത്ത് വന്ന കെ.ടി ജലീലുമായി പിന്നീട് കുഞ്ഞാലിക്കുട്ടി ഒത്തു തീര്‍പ്പിലെത്തുകയാണുണ്ടായത്. എ.ആര്‍. നഗര്‍ ബാങ്ക് ആരോപണം വന്നതോടെ ഒറ്റ ദിവസം കൊണ്ട് ജലീലിന്റെ കാലുപിടിച്ചു. ഇതോടെ ജലീല്‍ നിശബ്ദനായി.
നോട്ട് നിരോധനത്തിന് പിന്നാലെ ചന്ദ്രികയുടെ അക്കൗണ്ടില്‍ പത്ത് കോടി രൂപ വന്നു. ഇത് ആദായ നികുതി വകുപ്പ് കണ്ടെത്തിയതിന് പിന്നാലെ പിഴയടച്ചു. ഇ.ഡി. ചോദ്യം ചെയ്യുമെന്നായപ്പോള്‍ കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസില്‍ ഹൈദരലി ശിഹാബ് തങ്ങളെ പെടുത്താന്‍ കുഞ്ഞാലിക്കുട്ടി ശ്രമിച്ചു. ആ ഭയവുമായാണ് അദ്ദേഹം മരണപ്പെട്ടത്.
കുഞ്ഞാലിക്കുട്ടി സാഹിബ് ഇരിക്കുമ്പോള്‍ പിണറായി വിജയനെക്കുറിച്ചും ബി.ജെ.പിയെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ തന്നെ പേടിയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നോട് പറഞ്ഞിട്ടുണ്ട്. ചര്‍ച്ച ചെയ്യുന്നത് അവിടെ എത്തുമെന്നാണ് അവര്‍ പറയുന്നത്. സോളാര്‍ കേസില്‍ സരിതയെ ബഷീറലി തങ്ങളുടെ അടുത്തേക്ക് പറഞ്ഞുവിട്ടത് കുഞ്ഞാലിക്കുട്ടിയാണ്. ഇക്കാര്യം അന്വേഷണ റിപ്പോര്‍ട്ടിലെ 116 ാമത്തെ പേജിലുണ്ടെന്നും കെ എസ് ഹംസ ആരോപിച്ചു.
അതിന് ശേഷം കുറച്ച് കാര്യങ്ങള്‍ അതില്‍ പറയുന്നുണ്ട്, അത് താന്‍ ഇപ്പോള്‍ പറയുന്നില്ല. ഇതില്‍ നിന്ന് മനസ്സിലാക്കേണ്ട കുറച്ചുകാര്യങ്ങളുണ്ട്. അത് എല്ലാവര്‍ക്കും പാഠമാണെന്നും കെ.എസ്.ഹംസ പറഞ്ഞു