റിയാദ്- വ്രതമാസമായ റമദാനിലെ പകലുകളിലും ഹോട്ടലുകൾ തുറന്നു പ്രവർത്തിപ്പിക്കുന്നതിനെ കുറിച്ച് പഠിക്കണമെന്ന് സൗദി എഴുത്തുകാരൻ അലി ശുഅയ്ബി അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെയാണ് അലി ശുഅയ്ബി തന്റെ നിർദേശം പൊതു സമൂഹത്തിനു മുന്നിൽ വെച്ചത്. റിയാദ് നഗരം പോലെ അറുപതു ലക്ഷം ജനങ്ങൾ താമസിക്കുന്ന ഒരു നഗരത്തിൽ നോമ്പെടുക്കൽ നിർബന്ധമില്ലാത്ത രോഗികളും കുട്ടികളും സ്ത്രീകളുമായി നിരവധി വിശ്വാസികളുണ്ടാകും. തൊഴിലാളികളും യാത്രക്കാരുമായ വിദേശികളും അന്യമതസ്ഥരായ നോമ്പെടുക്കാത്തവരും ചേർന്നാൽ വലിയൊരു ജനവിഭാഗത്തിനു ആവശ്യമായി വരുന്ന ഭക്ഷണ വിഭാഗങ്ങൾ ലഭ്യമാക്കൽ എന്ത് കൊണ്ടും ആലോചിക്കപ്പെടേണ്ടതാണ്. നോമ്പു പിടിച്ചവരുടെ മാനസികാവസ്ഥ പരിഗണിച്ച് മറ്റുള്ളവരും കഴിയണമെന്ന പരമ്പരാഗത ചിന്തക്കു മാറിയ സാമൂഹിക സാഹചര്യത്തിൽ പ്രസക്തിയില്ല. ദൈവ പ്രീതി ആഗ്രഹിച്ച് നോമ്പെടുക്കുന്നവർക്ക് മറ്റുള്ളവരുടെ ഭക്ഷണത്തിൽ പ്രയാസമുണ്ടാകില്ലെന്നും അലി കുറിച്ചു.