ഡ്രൈവിംഗ് ടെസ്റ്റിന് ഇനി ഓട്ടോമാറ്റിക്,  ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കാം

കൊച്ചി-ഡ്രൈവിംഗ് ലൈസന്‍സിനായുള്ള എച്ച്, റോഡ് ടെസ്റ്റ് എന്നിവയ്ക്ക് ഇനി മുതല്‍ ഓട്ടോമാറ്റിക്, ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കാം. ടെസ്റ്റില്‍ ഇലക്ട്രിക് വാഹനങ്ങളും ഓട്ടോമാറ്റിക് വാഹനങ്ങളും ഡ്രൈവ് ചെയ്ത് കാണിച്ചാലും ലൈസന്‍സ് നല്‍കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഉത്തരവിട്ടു.
ലൈസന്‍സിന് എന്‍ജിന്‍ ട്രാന്‍സ്മിഷന്‍ പരിഗണിക്കേണ്ടതില്ലെന്ന കേന്ദ്രനിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം. 2019ല്‍ സുപ്രീം കോടതി നിര്‍ദേശപ്രകാരം കേന്ദ്രം ഇക്കാര്യത്തില്‍ നിയമം മാറ്റിയെങ്കിലും കേരളം ഇതുവരെയും ഇത് നടപ്പാക്കിയിരുന്നില്ല. ടെസ്റ്റില്‍ ഓട്ടോമാറ്റിക്, ഇലക്ട്രിക് വാഹനങ്ങള്‍ ഓടിക്കാനാവില്ലെന്ന നിലപാടാണ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചിരുന്നത്. ഇതോടെ ലൈസന്‍സ് ടെസ്റ്റുകള്‍ ഇനി കൂടുതല്‍ എളുപ്പത്തിലാകും. കാറുകള്‍ മുതല്‍ ട്രാവലര്‍ വരെ 7,500 കിലോയില്‍ താഴെ വരെയുള്ള ലെയിറ്റ് മോട്ടോര്‍ വാഹനങ്ങളുടെ ലൈസന്‍സിനാണ് വ്യവസ്ഥ.

Latest News