Sorry, you need to enable JavaScript to visit this website.

ആര്‍.എസ്.എസുമായി ചര്‍ച്ച നടത്തിയ മുസ്‌ലീം ലീഗ് എം.എല്‍.എ ആര് ? ചര്‍ച്ചകള്‍ മുറുകുന്നു

കോഴിക്കോട് :  മുസ്‌ലീം ലീഗ് എം.എല്‍.എയുമായി മലപ്പുറത്ത് ചര്‍ച്ചകള്‍ നടത്തിയെന്ന ആര്‍.എസ്.എസ് നേതാക്കളുടെ വെളിപ്പെടുത്തല്‍ വിവാദത്തില്‍. ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ഇടതുമുന്നണി തയ്യാറെടുക്കുകയാണ്. അതേ സമയം ആര്‍.എസ്.എസ് നേതാക്കളുടെ വെളിപ്പെടുത്തലിനെ മുസ്‌ലീം ലീഗ് നേതൃത്വം പൂര്‍ണ്ണമായും തള്ളുകയാണ്. അത്തരത്തിലുള്ള ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും ആര്‍ എസ് എസിനോടുള്ള നിലപാടില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നുമാണ് മുസ്‌ലീം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം വ്യക്തമാക്കിയത്. എന്നിട്ടും ഇത് സംബന്ധിച്ച സംശയങ്ങള്‍ പൂര്‍ണ്ണമായും നീക്കാന്‍ കഴിയുന്നില്ല. ഏത് എം.എല്‍.എയാണ് ആര്‍.എസ്.എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയതെന്നതിനെപ്പറ്റി അഭ്യൂഹങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ആര്‍.എസ്.എസിന്റെ വെളിപ്പെടുത്തലിനെ മുസ്‌ലീം ലീഗ് നേതൃത്വം ഒറ്റയടിക്ക് നിഷേധിച്ചെങ്കിലും ഇത് സംബന്ധിച്ച് ഉയര്‍ന്നു വരാന്‍ സാധ്യതയുള്ള വിവാദങ്ങളില്‍ അവര്‍ ജാഗരൂകരാണ്. ഏത് എം.എല്‍.എയാണ് ചര്‍ച്ച നടത്തിയതെന്ന സംശയങ്ങള്‍ മുസ്‌ലീം ലീഗ് അണികള്‍ക്കിടയിലും ഉയര്‍ന്നിരിക്കുകയാണ്. 
ഹരിയാനയിലെ പാനിപ്പത്തില്‍ നടന്ന ആര്‍.എസ്.എസ് അഖില ഭാരതീയ പ്രതിനിധി സഭയുടെ വിശദാംശങ്ങള്‍ അറിയിക്കാനായി കൊച്ചിയില്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് മലപ്പുറത്ത് മുസ്‌ലീം ലീഗ് എം.എല്‍.എയുമായി ആര്‍.എസ് എസ് നേതാക്കള്‍ ചര്‍ച്ച നടത്തിയ കാര്യം ആര്‍.എസ്.എസ് പ്രാന്തപ്രചാരക് പി.എന്‍.ഈശ്വരന്‍ വെളിപ്പെടുത്തിയത്.  സംഘടനയുടെ ബഹുജന സമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി എം.എല്‍.എയുടെ ഓഫീസില്‍ പോയാണ് ചര്‍ച്ച നടത്തിയതെന്നും അദ്ദേഹം പറയുന്നു.  എന്നാല്‍ എം എല്‍ എയുടെ പേര് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായിട്ടില്ല. മതരാഷ്ട്ര വാദം മുന്നോട്ട് വയ്ക്കുന്ന ജമാഅത്തെ ഇസ്‌ലാമിയുടെ ഗണത്തിലല്ല ലീഗിനെ കാണുന്നതെന്നും വര്‍ഗ്ഗീയ താല്‍പര്യങ്ങളുണ്ടെങ്കിലും തീവ്രവാദ നിലപാടല്ല ലീഗിന്റേതെന്നുമാണ് അദ്ദേഹം പറഞ്ഞത്. 
ജമാഅത്തെ ഇസ്‌ലാമി നേതാക്കള്‍ ആര്‍.എസ്.എസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെയ്ക്കുകയും വിവാദങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നു. ചര്‍ച്ച നടന്ന കാര്യം ആര്‍.എസ്. നേതാക്കള്‍ തന്നെ പരസ്യമായി സമ്മതിച്ചിരുന്നു. ഇതിനെ ജമാഅത്തെ എതിരാളികള്‍ വലിയ തോതില്‍ തന്നെ ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു. മുസ്‌ലീം സമുദായത്തിനിടയിലും ന്യൂനപക്ഷങ്ങളെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ കക്ഷികള്‍ക്കിടയിലും ചേരി തിരുവുകള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് ആര്‍.എസ്.എസ് ഇത്തരം വിവാദങ്ങള്‍ എടുത്തിടുന്നതെന്നാണ് മുസ്‌ലീം ലീഗിന്റെ നിലപാട്. 

 

Latest News