റിയാദ്- തലസ്ഥാന നഗരിയിലെ ഡിപ്ലോമാറ്റിക് ഡിസ്ട്രിക്റ്റിൽ നടന്ന പ്രഥമ യൂറോപ്യൻ പാചകമേള സമാപിച്ചു. വിവിധ യൂറോപ്യൻ രാജ്യങ്ങളെ പ്രതിനിധീകരിച്ചെത്തിയ ഷെഫുകൾ തങ്ങളുടെ പ്രത്യേക ഭക്ഷണ വിഭവങ്ങൾ തയ്യാറാക്കുന്നതിൽ മത്സരിച്ചു. രാജ്യത്തെ പരമ്പരാഗത ഭക്ഷണ വിഭവങ്ങൾ മത്സരത്തിനെത്തിയവർക്കു മുന്നിൽ അവതരിപ്പിക്കാൻ സൗദി ഷെഫുകൾക്കു ലഭിച്ച സുവർണാവസരം കൂടിയായിരുന്നു ഇത്. മത്സരത്തിലെ സമ്മതി പത്രങ്ങളെക്കാൾ പാചകവൈഭവം ഒരു ഹോബിയാണെന്ന് സൗദി ഷെഫ് ഫൽവ അൽ ബുനയ്യാൻ പറഞ്ഞു. അടുക്കളയിലെ പാചകത്തിലേറെ ഷെഫുമാർക്ക് പാചക വൈദഗ്ധ്യം തെളിയിക്കാനുള്ള അവസരമാണ് ഇത്തരം മത്സരങ്ങളെന്ന് സൗദി ഷെഫ് അസോസിയേഷൻ പ്രസിഡണ്ട് യാസിർ ജാദ് അഭിപ്രായപ്പെട്ടു., മേളയോടനുബന്ധിച്ച് സൗദി ഷെഫ് അസോസിയേഷന്റെ നേതൃത്വത്തിൽ ഏറ്റവും നല്ല സൗദി ഫുഡ് ഡിഷിനുള്ള മത്സരവും നടന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ റിയാദിലെത്തിയ സന്ദർശകരുടെയും വിദേശ ടൂറിസ്റ്റുകളുടെയും പ്രധാന സന്ദർശന പോയന്റ് കൂടിയായിരുന്നു വിവിധസംസ്‌കാരങ്ങളെ അടുത്തറിയാൻ കൂടി അവസരമൊരുക്കിയ പാചമേള.