റിയാദ് - വിശുദ്ധ റമദാനിൽ സ്‌കൂളുകൾ ആരംഭിക്കുക രാവിലെ ഒമ്പതു മുതലായിരിക്കുമെന്ന് റിയാദ്, ജിദ്ദ വിദ്യാഭ്യാസ വകുപ്പുകൾ അറിയിച്ചു. സ്‌കൂളുകളിൽ വേനൽക്കാല പ്രവൃത്തി സമയം ശവ്വാൽ ആറു മുതൽ ആരംഭിക്കും. ശൈത്യകാല പ്രവൃത്തി സമയം ശഅ്ബാൻ മാസത്തോടെ അവസാനിക്കും.
റമദാൻ ഒന്നു (മാർച്ച് 23) മുതൽ റമദാൻ 22 (ഏപ്രിൽ 13) വരെ രാവിലെ ഒമ്പതിനാണ് സ്‌കൂളുകൾ ആരംഭിക്കുക. പെരുന്നാൾ അവധി പൂർത്തിയായി സ്‌കൂളുകൾ വീണ്ടും തുറക്കുന്ന ശവ്വാൽ ആറിന് (ഏപ്രിൽ 26) വേനൽക്കാല പ്രവൃത്തി സമയം ആരംഭിക്കുമെന്ന് റിയാദ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ദുൽഹജ് നാലു (ജൂൺ 22) വരെ വേനൽക്കാല പ്രവൃത്തി സമയം തുടരും. വേനൽക്കാല പ്രവൃത്തി സമയം പ്രാബല്യത്തിലുള്ള കാലത്ത് രാവിലെ 6.15 ന് അസംബ്ലിയും 6.30 ആദ്യ പിരീയഡും ആരംഭിക്കും.
2022 ഒക്‌ടോബർ 30 മുതൽ 2023 മാർച്ച് 22 വരെയാണ് റിയാദിലെ സ്‌കൂളുകളിൽ ശൈത്യകാല പ്രവൃത്തി സമയം. ഇക്കാലത്ത് അസംബ്ലി 6.45 നും ആദ്യ പിരീയഡ് 7.00 നും ആണ് ആരംഭിക്കുക. റമദാനിൽ വിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിൽ ജീവനക്കാർക്ക് രാവിലെ പത്തു മുതൽ വൈകീട്ട് മൂന്നു വരെയാണ് ഡ്യൂട്ടി സമയം.