മദീന - വിശുദ്ധ റമദാനിൽ വിശ്വാസികളുടെ നീക്കവും ഭക്ഷണം പ്രവേശിപ്പിക്കുന്നതും എളുപ്പമാക്കാൻ മസ്ജിദുന്നബിയിലെ മുഴുവൻ കവാടങ്ങളും തുറന്നിടുമെന്ന് സുരക്ഷാ കാര്യങ്ങൾക്കുള്ള മസ്ജിദുന്നബവികാര്യ വകുപ്പ് അണ്ടർ സെക്രട്ടറി സൗദ് അൽസ്വാഇദി പറഞ്ഞു. പ്രവാചക പള്ളിയിൽ 100 കവാടങ്ങളാണുള്ളത്. ഇവ മുഴുവൻ റമദാനിൽ തുറന്നിടും. മസ്ജിദുന്നബവിയുടെ ടെറസ്സിലേക്കുള്ള എസ്‌കലേറ്ററുകളും ചുറ്റുമതിലിലെ 70 ഗെയ്റ്റുകളും റമദാനിൽ തുറന്നിടും.
മറ്റു വിശ്വാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത നിലക്ക് മസ്ജിദുന്നബവിയിലേക്ക് ഇഫ്താർ പ്രവേശിപ്പിക്കുന്നതിന് പ്രത്യേക കവാടങ്ങൾ നിർണയിച്ചിട്ടുണ്ട്. ഭക്ഷ്യവസ്തുക്കൾ പ്രവേശിപ്പിക്കാൻ ഓരോ ഗ്രൂപ്പിനും പ്രത്യേക കവാടങ്ങൾ നിർണയിച്ചിട്ടുണ്ടെന്നും സൗദ് അൽസ്വാഇദി പറഞ്ഞു.