Sorry, you need to enable JavaScript to visit this website.

ഖുബാ മസ്ജിദ് ചുമതല ഇസ്‌ലാമികകാര്യ മന്ത്രാലയത്തിൽനിന്ന് മാറ്റി മദീന വികസന അതോറിറ്റിക്ക്

മദീന - ഖുബാ മസ്ജിദിന്റെ മേൽനോട്ട, പ്രവർത്തിപ്പിക്കൽ ചുമതല ഇസ്‌ലാമികകാര്യ മന്ത്രാലയത്തിൽ നിന്ന് മദീന വികസന അതോറിറ്റിയിലേക്ക് മാറ്റി. മദീന ഗവർണർ ഫൈസൽ ബിൻ സൽമാൻ രാജകുമാരന്റെയും ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖിന്റെയും മദീന വികസന അതോറിറ്റി സി.ഇ.ഒ എൻജിനീയർ ഫഹദ് അൽബുലൈഹിശിയുടെയും സാന്നിധ്യത്തിൽ ഇതിനുള്ള കരാറിൽ ഇസ്‌ലാമികകാര്യ മന്ത്രാലയ, മദീന വികസന അതോറിറ്റി പ്രതിനിധികൾ ഒപ്പുവെച്ചു. 
കൂടുതൽ ശ്രദ്ധയും പരിചരണവും ഉറപ്പുവരുത്താൻ ലക്ഷ്യമിട്ട് ഖുബാ മസ്ജിദ് മേൽനോട്ട, പ്രവർത്തിപ്പിക്കൽ ചുമതല ഇസ്‌ലാമികകാര്യ മന്ത്രാലയത്തിൽ നിന്ന് മദീന വികസന അതോറിറ്റിയിലേക്ക് മാറ്റാൻ അടുത്തിടെ മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഖുബാ മസ്ജിദിലും പള്ളിക്കു സമീപവും നിലവിൽ വികസന പദ്ധതികൾ നടപ്പാക്കിവരികയാണ്. ഖുബാ മസ്ജിദിനെയും പ്രവാചക പള്ളിയെയും ബന്ധിപ്പിക്കുന്ന ജാദതു ഖുബാ റോഡ് പദ്ധതിയുടെ നാലാം ഘട്ടം നിലവിൽ പൂർത്തീകരിച്ചുവരികയാണ്. ഖുബാ മസ്ജിദിലെ അനുബന്ധ സംവിധാനങ്ങളുടെ കാര്യക്ഷമത ഉയർത്തുന്നുമുണ്ട്. തീർഥാടകരുടെയും സന്ദർശകരുടെയും നീക്കങ്ങൾ സുഗമമാക്കാനും സുരക്ഷ വർധിപ്പിക്കാനും ഖുബാ മസ്ജിദിന്റെ സമീപത്തെ റോഡുകളും പശ്ചാത്തല സൗകര്യങ്ങളും മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഖുബാ മസ്ജിദിനു സമീപത്ത് പ്രവാചക ചരിത്രവുമായി ബന്ധപ്പെട്ട പുരാവസ്തുക്കളും മറ്റു ചരിത്ര കേന്ദ്രങ്ങളും വികസിപ്പിക്കുകയും പുനരുദ്ധരിക്കുന്നുമുണ്ട്. 
കഴിഞ്ഞ റമദാനിൽ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഉത്തരവിട്ട്, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രഖ്യാപിച്ച, ഖുബാ മസ്ജിദിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പദ്ധതി നടപ്പാക്കാൻ മദീന വികസന അതോറിറ്റി ശ്രമിച്ചുവരികയാണ്. ഖുബാ മസ്ജിദിന്റെ ആകെ വിസ്തൃതി പത്തിരട്ടിയായി ഉയർത്താൻ വികസന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ഹിജ്‌റ ഒന്നാം വർഷം നിർമിച്ച ശേഷം ഖുബാ മസ്ജിദിന്റെ ചരിത്രത്തിൽ നടപ്പാക്കുന്ന ഏറ്റവും വലിയ വികസന പദ്ധതിയാണിത്. 
തീർഥാടകരുടെയും സന്ദർശകരുടെയും കടുത്ത തിരക്ക് അനുഭവപ്പെടുന്ന വിശുദ്ധ റമദാൻ സമാഗതമാകാറായതോടനുബന്ധിച്ച് സന്ദർശകരെ സ്വീകരിച്ച് സേവനങ്ങൾ നൽകാൻ വിവിധ വകുപ്പുകൾ പൂർത്തിയാക്കിയ ഒരുക്കങ്ങൾ നേരിട്ട് വിലയിരുത്താൻ മസ്ജിദുന്നബിയുടെ മുറ്റങ്ങളിലും കാൽനടയാത്രക്കാർക്കുള്ള വഴികളിലും അൽസലാം റോഡിലെ ചത്വരങ്ങളിലും ഉഹദിലും മദീന ഗവർണർ സന്ദർശനങ്ങൾ നടത്തുകയും മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തുകയും ചെയ്തു. മദീന മേയർ എൻജിനീയർ ഫഹദ് അൽബുലൈഹിശി, മദീന പ്രവിശ്യ പോലീസ് മേധാവി മേജർ ജനറൽ അബ്ദുറഹ്മാൻ അൽമുശഹൻ, ഹറംകാര്യ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ. നബീൽ അല്ലുഹൈദാൻ, മദീന ഗവർണറേറ്റ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി എൻജിനീയർ മാജിദ് അൽഹർബി എന്നിവർ ഗവർണറെ അനുഗമിച്ചു.
 

Latest News