റിയാദ്- സൗദി അറേബ്യയിലെ ടെലികോം സേവന ദാതാക്കളിൽനിന്ന് പോസ്റ്റ് പെയ്ഡ് സിം വാങ്ങുകയും പണമടക്കാതിരിക്കുകയും ചെയ്യുന്നവർ ജാഗ്രതൈ. പണം കുടിശ്ശിക വരുത്തിയാൽ റീ എൻട്രിയിലോ ഫൈനൽ എക്‌സിറ്റിലോ പോകാൻ സാധിക്കില്ല. കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരം കേസുകളുടെ പേരിൽ ഏതാനും പേരെ വിമാനത്താവളങ്ങളിൽ നിന്ന് തിരിച്ചയച്ചു. ശേഷം കോടതിയുമായി ബന്ധപ്പെട്ട് നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് ഇവർക്ക് നാട്ടിൽ പോകാനായതെന്ന് ബന്ധപ്പെട്ടവർ മലയാളം ന്യൂസിനോട് പറഞ്ഞു.
നാലു വർഷം മുമ്പ് ഒരു കമ്പനിയിൽ ജോലി ചെയ്യുമ്പോഴാണ് കോട്ടയം സ്വദേശി സെയിനില്‍ നിന്ന് പോസ്റ്റ് പെയ്ഡ് സിം എടുത്തത്. ഫൈനൽ എക്‌സിറ്റ് അടിച്ചപ്പോൾ സെയിന്‍ ഓഫീസിൽ പോയി കുടിശ്ശികയടച്ചു സിം റദ്ദാക്കാൻ അപേക്ഷ നൽകിയിരുന്നുവെന്ന് ഇദ്ദേഹം പറഞ്ഞു. മൂന്ന് വർഷത്തിന് ശേഷം പുതിയ വിസയിലെത്തി മറ്റൊരു കമ്പനിയിൽ ജോലിക്ക് കയറി. ഒരു വർഷത്തിന് ശേഷം അവധിയിൽ പോകാനായി ടിക്കറ്റുമെടുത്ത് റിയാദ് വിമാനത്താവളത്തിലെത്തി. തന്റെ പേരിൽ കോടതിയിൽ കേസുള്ളത് കാരണം നാട്ടിൽ പോകാൻ അനുവദിക്കില്ലെന്ന് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ഇദ്ദേഹത്തോട് പറഞ്ഞു. തിരിച്ചുവന്ന് നിലവിലെ ഇഖാമയിൽ കേസുകളുണ്ടോയെന്ന് പരിശോധിച്ചു. കേസുകളൊന്നുമുണ്ടായിരുന്നില്ല. നേരത്തെയുണ്ടായിരുന്ന ഇഖാമ നമ്പറിൽ പരിശോധിച്ചപ്പോഴും പ്രത്യക്ഷത്തിൽ കേസുകളൊന്നും കണ്ടില്ല. തുടർന്ന് തൻഫീദ് കോടതിയിൽ പോയി പുതിയതും പഴയതുമായ ഇഖാമ നമ്പർ പരിശോധിച്ചപ്പോൾ പഴയ ഇഖാമയിൽ സെയിനില്‍ പണമടക്കാനുണ്ടെന്ന് കോടതി ഉദ്യോഗസ്ഥൻ പറഞ്ഞു. കോടതി പണമടക്കാനുള്ള റഫറൻസ് നമ്പർ നൽകുകയും ചെയ്തു. പണമടച്ച് രണ്ടു മണിക്കൂറിന് ശേഷം കേസ് ഒഴിവാകുമെന്നും അറിയിച്ചിരുന്നു. അപ്രകാരം പണമടച്ച് മണിക്കൂറുകൾ കാത്തിരുന്നപ്പോൾ കേസ് ഒഴിവായി എന്നുറപ്പുവരുത്തി പുതിയ ടിക്കറ്റെടുത്തു വിമാനത്താവളത്തിലെത്തി. പ്രശ്‌നങ്ങളൊന്നുമില്ലാതെ നാട്ടിൽ പോകാൻ സാധിക്കുകയും ചെയ്തു. എന്നാൽ ആദ്യ ഇഖാമയിൽ എടുത്ത സിം സെയിന്‍ ഓഫീസിൽ പോയി കട്ട് ചെയ്തിരുന്നുവെന്നും പിന്നീട് എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് അറിയില്ലെന്നും ഇദ്ദേഹം മലയാളം ന്യൂസിനോട് പറഞ്ഞു.
പോസ്റ്റ് പെയ്ഡ് സിം ഉപയോഗിച്ചിരുന്ന മറ്റൊരാൾ റീ എൻട്രിയിൽ പോയി തിരിച്ചുവരാൻ സാധിക്കാതെ മൂന്നു വർഷത്തിന് ശേഷം പുതിയ വിസയിലെത്തി റീ എൻട്രിയിൽ പോയപ്പോഴും സമാന അനുഭവമുണ്ടായി.
ടെലികോം കമ്പനികളിൽ നിന്ന് പോസ്റ്റ്‌പെയ്ഡ് സ്‌കീമിൽ സിംകാർഡ്, റൂട്ടർ, മൊബൈൽ ഫോൺ തുടങ്ങിയവ കൈപറ്റുമ്പോൾ ഇതിന്റെ പണം ഞാൻ കൃത്യമായി അടക്കുമെന്നും നിശ്ചിത തിയ്യതിക്കകം അടച്ചില്ലെങ്കിൽ തന്റെ പേരിൽ നിയമനടപടി സ്വീകരിക്കാമെന്നും സമ്മതിച്ച് ഒപ്പ് വെക്കുന്നുണ്ട്. ഇതാണ് നിയമനടപടികളിലേക്ക് നയിക്കുന്നത്. പണം അടക്കാൻ വൈകിയാൽ കമ്പനി ആദ്യഘട്ടത്തിൽ ഓർമ്മപ്പെടുത്താനായി മൊബൈലുകളിൽ സന്ദേശമയക്കും. പിന്നീട് തൻഫീദ് കോടതിയിൽ കേസ് നൽകും. കോടതിയും പണം നിശ്ചിത തിയ്യതിക്കകം അടച്ചുതീർക്കണമെന്ന് ആവശ്യപ്പെട്ട് മൊബൈൽ ഫോണിൽ സന്ദേശമയക്കും. പണമടക്കാതിരുന്നാൽ യാത്രാവിലക്കേർപ്പെടുത്തി സേവനം മരവിപ്പിക്കും. ഫൈനൽ എക്‌സിറ്റിൽ പോയതാണെങ്കിലും കേസ് ഇഖാമ നമ്പറിൽ തുടരും. പിന്നീട് സൗദിയിലേക്ക് പുതിയ വിസയിലെത്തി തിരിച്ചുപോകുമ്പോൾ വിമാനത്താവളത്തിൽ വിരലടയാളമെടുക്കുമ്പോഴായിരിക്കും കേസുണ്ടെന്ന് അറിയുക. പഴയ ഇഖാമ അപ്പോഴും ഇയാളുടെ വിരലടയാളവുമായി ബന്ധിപ്പിച്ചിട്ടുണ്ടാകും.
പോസ്റ്റ് പെയ്ഡ് വിഭാഗത്തിൽ ടെലികോം സേവനദാതാക്കളിൽ നിന്ന് കൈപറ്റുന്ന സിമ്മുകളും മറ്റും ഇതുവരെ ആരും ഗൗരവത്തിലെടുത്തിരുന്നില്ല. ഫൈനൽ എക്‌സിറ്റിൽ പോകുമ്പോൾ അത് കാൻസൽ ചെയ്യാനും ആരും തയ്യാറാകലില്ല. എന്നാൽ ഇത്തരം ചെയ്തികൾ ഇനി നിയമക്കുരുക്കിലേക്ക് നയിക്കുമെന്നാണ് പുതിയ നടപടികൾ വ്യക്തമാക്കുന്നത്. എല്ലാ പണമിടപാട് കരാറുകളും വിരലടയാളമുള്ള ഇഖാമയുമായി ബന്ധിപ്പിക്കുന്നതിനാൽ വിമാനത്താവളങ്ങളിലൂടെ കടന്നുപോകുമ്പോൾ അത്തരം കേസുകളെല്ലാം പൊങ്ങിവരും. അത് ടിക്കറ്റ് കാൻസലാകുന്നതടക്കമുള്ള പണ നഷ്ടത്തിലേക്കും സമയനഷ്ടത്തിലേക്കും വഴിയൊരുക്കും.