മക്ക- മുമ്പ് ഹജ് ചെയ്തിട്ടില്ലാത്തവർക്കു മാത്രമായി നീക്കിവെച്ച ഹജ് ബുക്കിംഗ് ഒന്നാം ഘട്ടം ഏപ്രിൽ ഒന്നിനു അവസാനിക്കുമെന്ന് സൗദി ഹജ് മന്ത്രാലയം അറിയിച്ചു. ഏപ്രിൽ രണ്ടു മുതൽ ആരംഭിക്കുന്ന രണ്ടാം ഘട്ടത്തിൽ സീറ്റുകളുടെ ലഭ്യതയനുസരിച്ച് അഞ്ചു വർഷത്തിനു മുമ്പ് ഹജ് നിർവഹിച്ചവർക്കും തീരെ ഹജ് ചെയ്യാത്തവർക്കും ബുക്കിംഗ് സൗകര്യമുണ്ടാകും. സ്വദേശികളും വിദേശികളുമായ സൗദിയിൽ താമസിക്കുന്ന 12 വയസിനു മുകളിലുള്ള കോവിഡ് ബാധിതരല്ലാത്ത ആർക്കും ഈ വർഷം ഹജിന് അപേക്ഷിക്കാം.
പതിവിൽ നിന്നു മാറി ഈ വർഷം വളരെ നേരത്തെയാണ് ഹജ് ബുക്കിംഗ് ആരംഭിച്ചിട്ടുള്ളത് മുമ്പ് ഹജ് ചെയ്യാത്തവർക്കു മാത്രമായി മാറ്റിവെച്ച ആദ്യഘട്ട ബുക്കിംഗ് ജനുവരി 5 മുതലായിരുന്നു ആരംഭിച്ചത്. ഹജ് നടപടിക്രമങ്ങൾ കുറ്റമറ്റതാക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കി വരുന്ന പരിഷ്‌കരണങ്ങളുടെ ഭാഗമായാണ് ആഭ്യന്തര ഹാജിമാർക്ക് നേരത്തെ ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തിയത്.