കൊച്ചി- ജനാധിപത്യ ഭരണം അട്ടിമറിച്ച് ഇന്ത്യയിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കാൻ പോപ്പുലർ ഫ്രണ്ട് ലക്ഷ്യമിട്ടുവെന്ന് എൻ.ഐ.എ. പോപ്പുലർ ഫ്രണ്ട് നിരോധന കേസിൽ കേരളത്തിൽ റജിസ്റ്റർ ചെയ്ത കേസിലെ കുറ്റപത്രത്തിലാണ് ഇക്കാര്യമുള്ളത്. 59 പേരാണ് പ്രതിപ്പട്ടികയിൽ ഉള്ളത്. റിപ്പോർട്ടേഴ്‌സ് വിംഗ്, കായിക പരിശീലന വിഭാഗം, സേവന സംഘം എന്നിങ്ങനെയുള്ള വിഭാഗങ്ങൾ രൂപീകരിച്ച് പ്രവർത്തനം നടത്തിയെന്നും കുറ്റപത്രത്തിലുണ്ട്.
കേരളത്തിലെ ഇതര മതസ്ഥരായ വ്യക്തികളെ ഇല്ലാതാക്കാൻ ശ്രമിച്ചു, പി.എഫ്.ഐയ്‌ക്കെതിരായ ഏത് ആക്രമണത്തിനും തിരിച്ചടി നൽകാനും പ്രതികാരം ചെയ്യാനും കേഡർ വിഭാഗത്തെ സജ്ജമാക്കി, തെരഞ്ഞെടുത്ത് വ്യക്തമികളെ ഇല്ലാതാക്കാൻ ആയുധ പരിശീലന വിഭാഗം തുടങ്ങി, ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകരസംഘടനയെ പിന്തുണച്ചു എന്നീ കാര്യങ്ങളും കുറ്റപത്രത്തിലുണ്ട്. പാലക്കാട് ശ്രീനിവാസൻ കൊലക്കേസിലെ പ്രതികളെക്കൂടി ഉൾപ്പെടുത്തിയാണ് 30,000 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.