റിയാദ് - രാജ്യത്ത് കഴിയുന്ന ദശലക്ഷക്കണക്കിന് സ്വദേശികൾക്കും വിദേശികൾക്കും ഏറെ ആശ്വാസമായി അരിയും പഞ്ചസാരയും അടക്കം 141 റമദാൻ ഉൽപന്നങ്ങളുയെും നിത്യോപയോഗ വസ്തുക്കളുടെയും വില കുറക്കുന്ന പദ്ധതിക്ക് ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്‌സ് തുടക്കം കുറിച്ചു. വിശുദ്ധ റമദാൻ സമാഗതമാകാറായതോടനുബന്ധിച്ച് മുഴുവൻ പ്രവിശ്യകളിലെയും ഹൈപ്പർമാർക്കറ്റുകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. നിത്യോപയോഗ വസ്തുക്കൾ കുറഞ്ഞ വിലയിൽ ഉപയോക്താക്കൾക്ക് ലഭ്യമാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഉപയോക്താക്കളിൽ നിന്ന് ഏറ്റുമധികം ആവശ്യമുള്ള 141 റമദാൻ ഉൽപന്നങ്ങൾ നിർണയിച്ചാണ് അവ താരതമ്യേന കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്ന പദ്ധതി നടപ്പാക്കുന്നത്.
കോഴിയിറച്ചി, മുട്ട, അരി, പഞ്ചസാര, വെജിറ്റബിൾ ഓയിൽ, ഫ്രഷ് പാൽ, മോര് (ലബൻ), തൈര്, കാപ്പി, കീമ (അരച്ച ഇറച്ചി), ചീസ്, തക്കാളി പേസ്റ്റ്, ബേബി ഫുഡ്, മക്‌റോണി, ഒലീവ് ഓയിൽ, സവാള, വെണ്ണ, ടിൻ ട്യൂന, ആട്ടിറച്ചി, ടിൻ ചീസ്, ബ്രഡ്, ഉപ്പ്, ഇറച്ചി, തക്കാളി, സേമിയ, വെളുത്തുള്ളി, ചെറുനാരങ്ങ, കക്കരി, ഉരുളക്കിഴങ്ങ്, മുളക് സോസ് (ശത്ത) തുടങ്ങി പ്രധാന അടിസ്ഥാന ഭക്ഷ്യവസ്തുക്കളെല്ലാം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജ്യൂസുകൾ, പഴങ്ങളുടെ രുചികളിലുള്ള സാന്ദ്രീകൃത റമദാൻ പാനീയങ്ങൾ, സമ്മൂസ മാവ്, ഫ്രോസൻ പച്ചക്കറികൾ, കസ്റ്റാർഡ് പൗഡർ, അണ്ടികൾ, കോൺ സ്റ്റാർച്ച്, ഇൻസ്റ്റന്റ് യീസ്റ്റ്, അലൂമിനിയം ഫോയിൽ, ടിഷ്യു പേപ്പറുകൾ, ശുചീകരണ വസ്തുക്കൾ എന്നിവയും പദ്ധതിയിൽ അടങ്ങിയിരിക്കുന്നു.
റമദാൻ സാധനങ്ങളുടെ വിലക്കിഴിവ് പദ്ധതിയിൽ പങ്കെടുക്കുന്ന സ്റ്റോറുകൾക്കും ഔട്ട്‌ലെറ്റുകൾക്കും ദേശീയബോധമുള്ളതായി ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്‌സ് സെക്രട്ടറി ജനറൽ ഹുസൈൻ അൽഅബ്ദുൽഖാദിർ പറഞ്ഞു. ദേശീയബോധത്താൽ പ്രചോദിതമായാണ് ഈ സ്ഥാപനങ്ങൾ പദ്ധതിയിൽ പങ്കാളിത്തം വഹിക്കുന്നത്. രാജ്യത്തെ സ്‌നേഹിക്കുന്ന വ്യവസായികളുടെ പങ്കാളിത്തത്തോടെ ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്‌സ് നേരത്തെ നടത്തിയ കാമ്പയിനുകളുടെ തുടർച്ചയെന്നോണമാണ് പുതിയ സംരംഭമെന്നും ഹുസൈൻ അൽഅബ്ദുൽഖാദിർ പറഞ്ഞു.