കോഴിക്കോട് : ഡോക്ടര്‍മാര്‍ക്ക് നേരെ നടക്കുന്ന തുടര്‍ച്ചയായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ - സ്വകാര്യ ഡോക്ടര്‍മാരുടെ പണിമുടക്ക് ആരംഭിച്ചു. പണിമുടക്കിനെ തുടര്‍ന്ന് രോഗികള്‍ വലയുകയാണ്. സംസ്ഥാനത്ത് വൈറല്‍ പനിയും കടുത്ത ചൂട് മൂലമുള്ള അസുഖങ്ങളും വ്യാപകമാണ്. ആശുപത്രികളില്‍ ഒ പി സേവനം പണിമുടക്കിനെ തുടര്‍ന്ന് നിലച്ചതിനാല്‍ രോഗികള്‍ക്ക് മതിയായ ചികിത്സ കിട്ടാത്ത സ്ഥിതിയുണ്ടാകും. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയുള്ള പണിമുടക്കില്‍ കേരള ഗവ. പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍, കേരള ഗവ. സ്‌പെഷലിസ്റ്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍, ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ എന്നീ സംഘടനകള്‍ പങ്കെടുക്കുന്നുണ്ട്. സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികളില്‍ ഒ പി വിഭാഗം പ്രവര്‍ത്തിക്കുന്നില്ല. എന്നാല്‍, അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്. അടിയന്തര ശസ്ത്രക്രിയകള്‍ നടത്തുമെന്നും ഡോക്ടര്‍മാരുടെ സംഘടനകള്‍ അറിയിച്ചു. സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ അത്യാഹിത വിഭാഗവും അടിയന്തര ശസ്ത്രക്രിയാവിഭാഗവും മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ.