ചോദ്യം: ആറ് മാസം മുമ്പാണ് ഞാൻ ഇന്ത്യയിൽനിന്ന് തൊഴിൽ വിസയിൽ സൗദിയിലെത്തിയത്. ഇതുവരെയും സ്‌പോൺസർ ഇഖാമ എടുത്തു നൽകിയിട്ടില്ല. എന്റെ കൈവശം സൂക്ഷിച്ചിരുന്ന പാസ്‌പോർട്ടും ഇതിനകം അദ്ദേഹം കൈക്കലാക്കി. ഇപ്പോൾ എന്റെ കൈയിൽ ഒരു രേഖയുമില്ല. ഇതുവരേക്കും ശമ്പളവും ലഭിച്ചിട്ടില്ല. ഇത്തരമൊരു സാഹചര്യത്തിൽ ഞാൻ എന്താണു ചെയ്യേണ്ടത്. എവിടെ പോയാണ് പരാതി പറയേണ്ടത്?
ഉത്തരം: മനുഷ്യ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയ നിയമ പ്രകാരം ഒരു തൊഴിലാളി സൗദിയിലെത്തിയാൽ മൂന്നു മാസത്തിനകം സ്‌പോൺസർ ഇഖാമ എടുത്തു നൽകണമെന്നാണ് വ്യവസ്ഥ. മൂന്നു മാസക്കാലം പരിശീലന കാലയളവാണ്. ഇതിനിടെ സ്‌പോൺസർക്കു വേണ്ടെങ്കിൽ തൊഴിലാളിയെ മടക്കി അയക്കാം. അതുപോലെ തൊഴിലാളിക്ക് പറഞ്ഞ പ്രകാരമല്ല കാര്യങ്ങളെങ്കിൽ മടങ്ങിപ്പോകുന്നതിനും അവകാശമുണ്ട്. പരിശീലന കാലയളവായ മൂന്നു മാസത്തിനു ശേഷമാണ് ഇഖാമ എടുക്കുന്നതെങ്കിൽ സ്‌പോൺസർക്ക് കാലതാമസം വരുത്തിയതിന്റെ പേരിൽ 500 റിയാൽ പിഴ നൽകേണ്ടിവരും.
ഇഖാമ നൽകുന്നതിനു മുൻപായി തൊഴിലാളിയും സ്‌പോൺസറുമായുള്ള കരാർ ഒപ്പിടുകയും അതു അബ്ശിറിലെ ഖുവ പ്ലാറ്റ്‌ഫോം വഴി രജിസ്റ്റർ ചെയ്യുകയും വേണം. ഇതിന്റെ കോപ്പി സ്‌പോൺസർ തൊഴിലാളിക്കു നൽകുകയും വേണമെന്നാണ് ലേബർ നിയമം അനുശാസിക്കുന്നത്. നിങ്ങൾക്ക് ഇതുവരേക്കും ഒരു രേഖയും നൽകാത്ത സാഹചര്യത്തിൽ സ്‌പോൺസർക്കെതിരായി മനുഷ്യ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിൽ പരാതി നൽകാം. മന്ത്രാലയത്തിലെ ഡിസ്പ്യൂട്ട് സെറ്റിൽമെന്റ് അതോറിറ്റിയെ ആണ് ഇതിനായി സമീപിക്കേണ്ടത്. ഈ വിഭാഗമാണ് തൊഴിലാളിയും സ്‌പോൺസറും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നത്.
മന്ത്രാലയത്തിൽ പരാതി നൽകുന്നതിന് നിങ്ങൾക്ക് ഇന്ത്യൻ എംബസിയെയോ കോൺസുലേറ്റിനെയോ സമീപിക്കാം. നയതന്താലയത്തിലെ സാമൂഹ്യക്ഷേമ വിഭാഗമാണ് തൊഴിലാൡകളുടെ പരാതികൾ സ്വീകരിക്കുന്നത്. അവരുടെ സഹായത്തോടെ മതിയായ രേഖകളുമായി മന്ത്രാലയത്തിൽ പരാതി നൽകി നിങ്ങളുടെ പ്രശ്‌നത്തിന് പരിഹാരം തേടാൻ കഴിയും.
ഇഖാമ സസ്‌പെൻഷൻ വിസിറ്റിംഗ് വിസയെ ബാധിക്കുമോ
ചോദ്യം: എന്റെ ഇഖാമ സസ്‌പെന്റ് ചെയ്തിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വിസിറ്റിഗ് വിസയിലുള്ള എന്റെ കുടുംബത്തിന്റെ വിസിറ്റിംഗ് വിസ പുതുക്കാൻ കഴിയുമോ?
ഉത്തരം: ഇഖാമ സസ്‌പെന്റ് ചെയ്തതിന്റെ പേരിൽ കുടുംബത്തിന്റെ വിസിറ്റിംഗ് വിസ പുതുക്കൽ തടസ്സമാവില്ല. മൾട്ടിപ്പിൾ എൻട്രി വിസയിലാണ് കുടുംബം എത്തിയിട്ടുള്ളതെങ്കിൽ അബ്ശിർ വഴി വിസിറ്റിംഗ് വിസ പുതുക്കാൻ കഴിയും. അതിന് ആദ്യം ഇൻഷുറൻസ് എടുക്കുകയാണ് വേണ്ടത്. അതിനു ശേഷം പുതുക്കുന്നതിനാവശ്യമായ ഫീസ് അടച്ച് അബ്ശിർ വഴി വിസിറ്റിംഗ് വിസ പുതുക്കാം. വിസിറ്റിംഗ് വിസ എടുക്കും നേരം സ്‌പോൺസർ ചെയ്യുന്ന ആളുടെ ഇഖാമക്ക് സാധുത ഉണ്ടായിരിക്കൽ നിർബന്ധമാണ്.
രാജ്യം വിടുന്നതിന് മാസ്‌ക് പിഴ അടയ്ക്കണോ?
ചോദ്യം: മാസ്‌ക് നിർബന്ധമാക്കിയിരുന്ന വേളയിൽ മാസ്‌ക് ധരിക്കാത്തതിന്റെ പേരിൽ എനിക്കു പിഴ ചുമത്തിയിരുന്നു. അത് ഇതുവരെ അടച്ചിട്ടില്ല. ഇപ്പോൾ ഫൈനൽ എക്‌സിറ്റിൽ നാട്ടിൽ പോകാൻ ഉദ്ദേശിക്കുന്നു. ഫൈനൽ എക്‌സിറ്റ് കിട്ടുന്നതിന് ഈ പിഴ അടയ്‌ക്കേണ്ടതുണ്ടോ?
ഉത്തരം: റസിഡന്റ് പെർമിറ്റ് (ഇഖാമ) ഉള്ള വിദേശിക്ക് ഫൈനൽ എക്‌സിറ്റ് ലഭിക്കുന്നതിന് അദ്ദേഹത്തിന്റെ പേരിലുള്ള എല്ലാ പിഴകളും അടയ്ക്കൽ നിർബന്ധമാണ്. എങ്കിൽ മാത്രമേ രാജ്യം വിട്ടുപോകുന്നതിന് അനുമതി ലഭിക്കൂ.