കല്‍പറ്റ-നാഷണല്‍ ഇന്നൊവേഷന്‍ ഫൗണ്ടേഷന്‍(എന്‍.ഐ.എഫ്)ഏപ്രില്‍ 10 മുതല്‍ 13 വരെ രാഷ്ട്രപതി ഭവനില്‍ സംരംഭകത്വ-കണ്ടുപിടിത്ത ഉത്സവത്തിന്റെ ഭാഗമായി നടത്തുന്ന പ്രദര്‍ശനത്തിലേക്ക് വയനാട് സ്വദേശിയായ ഗ്രാമീണ കര്‍ഷക ശാസ്ത്രജ്ഞന് ക്ഷണം. 'കെട്ടിനാട്ടി' നെല്‍കൃഷി രീതി വികസിപ്പിച്ച അമ്പലവയലിലെ യുവകര്‍ഷകന്‍ മാളിക കുന്നേല്‍ അജി തോമസിനാണ് 'കെട്ടിനാട്ടി' കൃഷി രീതി പ്രദര്‍ശിപ്പിക്കുന്നതിന് എന്‍.ഐ.എഫിന്റെ ക്ഷണം ലഭിച്ചത്. ക്ഷണക്കത്ത് കഴിഞ്ഞ ദിവസം അജി തോമസിന് ലഭിച്ചു. ഏപ്രില്‍ 10ന് രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുന്നത്.
വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിലൂടെ വികസിപ്പിച്ച കൃഷിരീതി രാഷ്ട്രപതി ഭവനില്‍ പ്രദര്‍ശിപ്പിക്കുന്നതിനു ലഭിച്ച അവസരത്തെ സവിശേഷ അംഗീകാരമായാണ് കാണുന്നതെന്ന് അജി തോമസ് പറഞ്ഞു. 'കെട്ടിനാട്ടി' സാമഗ്രികളുമായി ന്യൂഡല്‍ഹിക്കും തിരിച്ചുമുള്ള യാത്രയ്ക്കും താമസത്തിനുമുള്ള സൗകര്യം എന്‍.ഐ.എഫ് ഒരുക്കുമെന്നാണ് ക്ഷണക്കത്തില്‍. ഏപ്രില്‍ ഒമ്പതിന് ന്യൂഡല്‍ഹിയില്‍ എത്തണമെന്നാണ് നിര്‍ദേശം.
പ്രത്യേക കളിക്കൂട്ടിലും വളക്കൂട്ടിലും തയാറാക്കുന്ന നെല്‍വിത്ത്(പെല്ലറ്റ്) ഉപയോഗിച്ചുള്ള നെല്‍കൃഷിയാണ് 'കെട്ടിനാട്ടി. മെച്ചപ്പെട്ട നെല്ലുത്പാദനം സാധ്യമാക്കുന്നതിനും കൃഷിച്ചെലവ് ഗണ്യമായി കുറയ്ക്കുന്നതിനും സഹായകമാണ് ഈ കൃഷിരീതി. 2013-'14ല്‍ നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെയും അമ്പലവയല്‍ കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ മേല്‍നോട്ടത്തിലും അജി തോമസ് വികസിപ്പിച്ച കൃഷിരീതി നിരവധി തവണ പരിഷ്‌കരിച്ചിരുന്നു. 'കെട്ടിനാട്ടി' രീതിയില്‍ ഒരേക്കര്‍ വയലില്‍ കൃഷിക്ക് 64,000 പെല്ലറ്റുകളാണ് ആവശ്യം.