മക്ക- ഭിന്നശേഷിക്കാർക്കും വീൽ ചെയറിലെത്തുന്നവർക്കും വേണ്ടി പരിശുദ്ധ ഹറം മസ്ജിദിന്റെ ഏട്ടു കവാടങ്ങൾ നീക്കിവെച്ചതായി ഇരു ഹറം കാര്യ പ്രസിഡൻസി അറിയിച്ചു. തിരക്കേറിയ സമയങ്ങളിൽ ഒന്നിച്ചത്തുന്ന വിശ്വാസികൾക്കും വീൽചെയറിലെത്തുന്നവർക്കും അനായാസേന മസ്ജിദിനുള്ളിൽ പ്രവേശിക്കുന്നതിനും കർമങ്ങൾ നിർവഹിക്കുന്നതിനും ഇതിലൂടെ സാധിക്കും. പ്രത്യേക പരിചരണം വേണ്ടവർക്കും വീൽ ചെയറിലെത്തുന്നവർക്കുമായി നീക്കി വെച്ച വാതിൽ നമ്പറുകൾ 68-77-79-84- 89-90-93- 94 എന്നിവയാണ്. വീൽ ചെയറുകൾക്കു കടന്നു പോകാനാവശ്യമായ തരത്തിൽ റാമ്പുകൾ പിടിപ്പിച്ചവയാണ് ഈ ഗെയ്റ്റുകളെല്ലാം. ഏതു ഭാഗത്തുനിന്നു വരുന്നവർക്കും പ്രവേശിക്കാൻ സാധിക്കുന്ന വിധം 174 വാതിലുകളാണ് പരിശുദ്ധ ഹറമിനുള്ളത്. വികസന, നിർമാണ പ്രവൃത്തികൾ മൂലമോ തിരക്കു നിയന്ത്രിക്കുന്നതിന്റെ ഭാഗമായോ ഇവയെല്ലാം ഒന്നിച്ചു തുറക്കാറില്ല. ഇവയിൽ 69 വാതിലുകളാണ് സാധാരണ സമയങ്ങളിൽ ഇരുപത്തിനാലുമണിക്കൂറും തുറന്നിടുന്നത് വെള്ളിയാഴ്ചകളിലും റമദാൻ ഹജ് സീസണുകളിലും മാത്രമാണ് ബാക്കി വാതിലുകൾ ആവശ്യാനുസരണം തുറക്കുന്നത്.