റിയാദ്- റിയാദ് കെ.എം.സി.സി കൊണ്ടോട്ടി മണ്ഡലം സംഘടനാ ശാക്തീകരണ കാമ്പയിൻ 'തൻഷീത്തിന്' ലീഡേഴ്‌സ് മീറ്റോടെ തുടക്കമായി. മലസ് അൽമാസ് ഓഡിറ്റോറിയത്തിൽ മണ്ഡലം ആക്ടിംഗ് പ്രസിഡന്റ് ബഷീർ വിരിപ്പാടത്തിന്റെ അധ്യക്ഷതയിൽ ചേർന്ന മീറ്റ് റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി പ്രസിഡന്റ് മുഹമ്മദ് വേങ്ങര ഉദ്ഘാടനം ചെയ്തു.
ഷാഫി മാസ്റ്റർ തുവ്വൂർ 'മുസ്‌ലിം ലീഗ് രാഷ്ട്രീയം ചരിത്രവും ലക്ഷ്യവും' എന്ന വിഷയത്തിൽ സംസാരിച്ചു. ശേഷം നടന്ന സെഷനിൽ 'മാതൃകാ നേതാവ്' എന്ന വിഷയത്തിൽ റിയാദ് എസ്.ഐ.സി പ്രസിഡന്റ് കോയ വാഫി പ്രിതിനിധികളോട് സംവദിച്ചു. പ്രത്യേക അതിഥിയായി പരിപാടിയിൽ പങ്കെടുത്ത നാസർ ഫൈസി കൂടത്തായി, 'നേതാവിന് ഉണ്ടാവേണ്ട ഗുണങ്ങൾ' എന്തായിരിക്കണമെന്നു സദസ്സിനെ ഉദ്‌ബോധിപ്പിച്ചു. ഇന്ററാക്ഷൻ സെഷനിൽ ഷാഫി മാസ്റ്റർ ചിറ്റത്തുപാറ 'സംഘടന, സംഘാടനം, സഘാടകൻ' എന്ന വിഷയത്തിൽ ക്ലാസെടുത്തു. സംഘടനാ നേതാക്കൾ എങ്ങനെയായിരിക്കണമെന്നും സംഘടനാ പ്രവർത്തനത്തിൽ എന്തൊക്കെ ശ്രദ്ധിക്കണമെന്നും വിശദമായി സംസാരിച്ചു. മുസ്ലിം ലീഗ് സ്ഥാപക ദിനത്തിൽ തന്നെ പരിപാടി സംഘടിപ്പിച്ചത് പ്രവർത്തകർക്കിടയിൽ പ്രത്യേക ആവേശം ഉണ്ടാക്കുന്നതായിരുന്നു. മുഴുവൻ പഞ്ചായത്തുകളിൽനിന്നും മുൻസിപ്പാലിറ്റിയിൽനിന്നും തെരഞ്ഞെടുത്ത അൻപതോളം പ്രതിനിധികൾ പങ്കെടുത്തു. റിയാദ് മലപ്പുറം ജില്ലാ സീനിയർ വൈസ് പ്രസിഡന്റ് മുനീർ വാഴക്കാട്, കൊണ്ടോട്ടി മണ്ഡലം മുൻ പ്രസിഡന്റ് അലവിക്കുട്ടി ഒളവട്ടൂർ എന്നിവർ ആശംസകൾ അർപ്പിച്ചു. ബഷീർ ചുള്ളിക്കോട്, അബ്ദുൽ വാഹിദ്, അബ്ദുൽ വഹാബ്, ജാഫർ ഹുദവി, ആഷിക് കൊണ്ടോട്ടി, സലീം സിയാംകണ്ടം, സൈദ് പെരിങ്ങാവ്, ലത്തീഫ് പുളിക്കൽ, നിസാം പരതക്കാട്, ലത്തീഫ് എച്ച്.എൻ.ടി കുറിയോടം എന്നിവർ നേതൃത്വം നൽകി. മണ്ഡലം സെക്രട്ടറി ഷറഫു പുളിക്കലിന്റെ സ്വാഗതത്തോടെ തുടങ്ങിയ പരിപാടിയിൽ ഹനീഫ മുതുവല്ലൂർ ഖിറാഅത്തും ഫിറോസ് പള്ളിപ്പടി നന്ദിയും പറഞ്ഞു.