മലപ്പുറം- മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ യോഗം അടുത്ത ശനിയാഴ്ച കോഴിക്കോട് ചേരാനിരിക്കെ പാർട്ടിയിൽ അസ്വാഭാവിക നീക്കം. ജില്ലാ നേതാക്കളെ പാർട്ടി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പാണക്കാട്ടേക്ക് വിളിപ്പിച്ചു. നാളെ(വെള്ളി)പാണക്കാട്ട് എത്താനാണ് നിർദ്ദേശം. പുതിയ ജനറൽ സെക്രട്ടറിയെ അടക്കം ശനിയാഴ്ച തെരഞ്ഞെടുക്കാനിരിക്കെയാണ് ജില്ലാ നേതാക്കളെ വിളിപ്പിച്ചത്. സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഡോ.എം.കെ മുനീറിനെയും നിലവിലുള്ള ആക്ടിംഗ് ജനറൽ സെക്രട്ടറി പി.എം.എ സലാമിനെയും പരിഗണിക്കുന്നുണ്ട്. ഇതിൽ ഇ.ടി മുഹമ്മദ് ബഷീർ, കെ.എം ഷാജി, കെ.പി.എ മജീദ്, പി.വി അബ്ദുൽ വഹാബ് എന്നിവർ മുനീറിനെ ജനറൽ സെക്രട്ടറിയാക്കണം എന്ന നിലപാടുളളവരാണ്. അതേസമയം, പി.കെ കുഞ്ഞാലിക്കുട്ടിയുടെ പിന്തുണ സലാമിനാണ്. ഈ സഹചര്യത്തിലാണ് നേതാക്കളെ പാണക്കാട്ടേക്ക് വിളിപ്പിച്ചത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കെ.പി.എ മജീദ് തിരൂരങ്ങാടിയിൽ മത്സരിച്ചതിനെ തുടർന്നാണ് പി.എം.എ സലാം ആക്ടിംഗ് ജനറൽ സെക്രട്ടറി പദം ഏറ്റെടുത്തത്. പാർട്ടി ഭാരവാഹി തെരഞ്ഞെടുപ്പ് അടക്കം സമയബന്ധിതമായി പൂർത്തിയാക്കാൻ സലാമിന് സാധിച്ചു. തെരഞ്ഞെടുപ്പുകളെല്ലാം ശാസ്ത്രീയമായി പരിഷ്‌കരിച്ചാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. അതേസമയം, ഭാരവാഹികളെ പാണക്കാട്ടേക്ക് വിളിപ്പിച്ചതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.