എന്നെ സ്‌നേഹിക്കുന്ന കുറെയാളുകളുണ്ട്. വെറുക്കുന്ന പലരുമുണ്ട്. പക്ഷെ എനിക്ക് നിങ്ങളെ എല്ലാവരെയും ഇഷ്ടമാണ്. ഫെഡറേഷൻ ഓഫ് ഇന്റർനാഷണൽ ഫുട്‌ബോൾ അസോസിയേഷ(ഫിഫ)ന്റെ പ്രസിഡന്റ് പദവിയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശേഷം ജിയാനി ഇൻഫാന്റിനോ പറഞ്ഞു തുടങ്ങിയത് ഇങ്ങിനെയാണ്. 2016-ൽ ഫിഫയെ ആകമാനം നാണം കെടുത്തി പടിയിറങ്ങിയ സെപ് ബ്ലാറ്ററുടെ പിൻഗാമിയായി എത്തിയ ജിയാനി ഇൻഫാന്റിനോ കളത്തിലും പുറത്തും ഫുട്‌ബോൾ സംഘടനയെ അടിമുടി വാർത്തെടുത്താണ് വീണ്ടും തലപ്പത്ത് തുടരുന്നത്. 211 അംഗങ്ങളുള്ള ഫെഡറേഷനിൽ ഇത്തവണ ഇൻഫാന്റിനോക്ക് എതിരാളിയേ ഉണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പിൽ എതിരാളികൾ ഉണ്ടായിരുന്നില്ലെങ്കിലും ഇൻഫാന്റിനോയെ ലക്ഷ്യമിട്ട് ഒട്ടേറെ കരുനീക്കങ്ങളുണ്ടായിരുന്നു.
വിവിധ പടിഞ്ഞാറൻ രാജ്യങ്ങളുടെയും പാശ്ചാത്യ മാധ്യമങ്ങളുടെയും കടുത്ത എതിർപ്പിനിടയിലും ഖത്തർ ലോകകപ്പ് വിജയിപ്പിച്ചതിലെ മിടുക്ക് കായിക ലോകം അംഗീകരിച്ചു. ഖത്തറിനെ തുടക്കം മുതൽ ന്യായീകരിച്ച ഇൻഫാന്റിനോ ഫുട്‌ബോൾ വിജയത്തിനപ്പുറത്ത് അറബ് ലോകങ്ങളുടെ ആകമാന പിന്തുണയും സ്വന്തമാക്കി. ഇൻഫാന്റിനോയെ പിന്തുണയ്ക്കില്ലെന്ന് നോർവീജിയൻ ഫുട്‌ബോൾ ഫെഡറേഷൻ പ്രസിഡന്റ് ലിസ് ക്ലാവനെസ് പറഞ്ഞിരുന്നു. ഖത്തർ ലോകകപ്പുമായും ഭാവി ടൂർണമെന്റുകളുമായും ബന്ധപ്പെട്ട് മനുഷ്യാവകാശ ലംഘനങ്ങൾ പരിഹരിക്കാനുള്ള ഫിഫയുടെ ഉത്തരവാദിത്തങ്ങൾ പ്രത്യേകം ചർച്ച ചെയ്യണമെന്നായിരുന്നു നോർവേയുടെ ആവശ്യം. സ്വീഡിഷ് പ്രതിനിധികളും ഇൻഫാന്റിനോയെ വീണ്ടും തെരഞ്ഞെടുക്കുന്നതിനോട് എതിർപ്പ് പ്രകടിപ്പിച്ചു. ഇൻഫാന്റിനോയെ തെരഞ്ഞെടുത്തതിനെ അഭിനന്ദിക്കുന്നതിനായി പ്രതിനിധികൾ എഴുന്നേറ്റപ്പോൾ ഈ രണ്ടു അസോസിയേഷൻ പ്രതിനിധികളും എഴുന്നേറ്റില്ല.
ഫിഫയിലെ തീരുമാനങ്ങൾക്ക് സുതാര്യതയില്ലെന്ന് ജർമനിയും ആരോപിച്ചിരുന്നു. ചില തീരുമാനങ്ങൾ എന്തുകൊണ്ട് കാര്യമായ ചർച്ചകളില്ലാതെ എടുക്കുന്നുവെന്നും ആരൊക്കെയാണ് തീരുമാനങ്ങൾക്ക് പിന്നിൽ എന്നുമായിരുന്നു ജർമനിയുടെ ആശങ്ക. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഇൻഫാന്റിനോയെ പിന്തുണയ്ക്കില്ലെന്ന് ജർമ്മൻ എഫ്.എ പ്രസിഡന്റ് ബെർൻഡ് ന്യൂൻഡോർഫ് പറഞ്ഞിരുന്നു. എങ്കിലും ഇൻഫാന്റിനോക്ക് എതിരെ സ്ഥാനാർത്ഥിയെ അവതരിപ്പിക്കാൻ ജർമനിക്ക് സാധിച്ചില്ല.
പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം മാധ്യമങ്ങൾക്ക് എതിരെയും ഇൻഫാന്റിനോ തിരിഞ്ഞു. 'നിങ്ങളിൽ ചിലർ ഇത്ര നീചന്മാരാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. എനിക്ക് അത് മനസ്സിലാകുന്നേയില്ല. ഇന്ന് ഞാൻ 200ലധികം അംഗീകാര കത്തുകളും ഒരു നിലവിളിയും ലഭിച്ചതിന് ശേഷമാണ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. യൂറോപ്പിലുൾപ്പെടെ ഞാൻ വളരെ നല്ല ജോലിയാണ് ചെയ്യുന്നതെന്ന തോന്നൽ ഭൂരിഭാഗം പേർക്കും ഉണ്ടെന്നും ഇൻഫാന്റിനോ പറഞ്ഞു.
ലോകഫുട്‌ബോളിൽ ഇനിയുമേറെ മാറ്റങ്ങൾ വരുമെന്ന് പ്രസംഗത്തിൽ ഇൻഫാന്റിനോ പറഞ്ഞു. അടുത്ത നാല് വർഷത്തേക്കുള്ള ആലോചനകളാണ് ഉള്ളത്. 2026 ലോകകപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. 48 ടീമുകളിലേക്ക് വിപുലീകരിക്കുന്ന ആദ്യ പതിപ്പാണിത്. എക്കാലത്തെയും ഏറ്റവും വലിയ ലോകകപ്പ്.
വടക്കേ അമേരിക്കയിൽ നടക്കുന്ന ടൂർണമെന്റിൽ 104 മത്സരങ്ങൾ ഉണ്ടായിരിക്കുമെന്ന് ഫിഫ ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ലോകകപ്പിൽ 64 മത്സരങ്ങളാണ് ആകെ ഉണ്ടായിരുന്നത്. ഈ വർഷം അവസാനം ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും നടക്കാനിരിക്കുന്ന വനിതാ ലോകകപ്പിൽ 32 ടീമുകൾ പങ്കെടുക്കും. 2019 ലോകകപ്പിൽ 24 ടീമുകളാണ് ഉണ്ടായിരുന്നത്. പങ്കെടുക്കുന്ന ടീമുകൾക്കുള്ള മൊത്തത്തിലുള്ള സമ്മാനത്തുക 2019ലെ 50 മില്യണിൽ നിന്ന് കുത്തനെ 150 മില്യൺ ഡോളറായി വർധിക്കുകയും ചെയ്തു. 2025 മുതൽ 32 ടീമുകൾ ഉൾപ്പെടുന്ന പുതിയതും വിപുലീകരിച്ചതുമായ ക്ലബ് ലോകകപ്പ് ഓരോ നാല് വർഷത്തിലും അരങ്ങേറും.
2022 വരെയുള്ള നാലു വർഷത്തെ സർക്കിളിൽ 7.5 ബില്യൺ ഡോളറായിരുന്നു ഫിഫയുടെ വരുമാനം. എന്നാൽ, 2026 വരെ ഇത് 11 ബില്യൻ ഡോളറാകുമെന്ന് ഇൻഫാന്റിനോ പ്രഖ്യാപിച്ചു. ക്ലബ് ലോകകപ്പിൽനിന്നുള്ള വരുമാനത്തിന് പുറമെയാണിത്. മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതി കാരണം ഫെഡറേഷനുകൾക്ക് സബ്‌സിഡിയായി നൽകുന്ന പണം വർധിപ്പിക്കും. ഇത് കാരണം അസോസിയേഷൻ അംഗങ്ങൾ ഇൻഫാന്റിനോയെ തുടർന്നും പിന്തുണക്കും.