Sorry, you need to enable JavaScript to visit this website.

പുത്തൻ വാതായനങ്ങൾ തുറന്ന് ഇന്ത്യ-സൗദി സൗഹൃദം

പൗരന്മാർക്ക് ഇരു രാജ്യങ്ങളും സന്ദർശിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഇന്ന് ലളിതവും എളുപ്പവുമാണ്. സൗദി പൗരന്മാർക്ക് ഇന്ത്യ സന്ദർശിക്കുന്നതിന് ഓൺ ലൈൻ ഇ വിസ സൗകര്യം ലഭ്യമാക്കി ഇന്ത്യ ഇക്കാര്യത്തിൽ നടപടികൾ കൂടുതൽ സുതാര്യമാക്കിയപ്പോൾ വിവിധ തരത്തിലുള്ള വിസകൾ അതിവേഗം ലഭ്യമാക്കുന്നതിലൂടെ സൗദിയും ഇക്കാര്യത്തിലുള്ള സഹകരണം മുൻപെന്നത്തേക്കാളും ശക്തമാക്കുകയായിരുന്നു. 


ഇന്ത്യ സൗദി സൗഹൃദത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും അതിപ്പോൾ കൂടുതൽ ശക്തവും വ്യാപകവുമാണ്. ഒരു കാലത്ത് വ്യാപാര, വാണിജ്യത്തിലും മനുഷ്യ വിഭവശേഷി കൈമാറ്റത്തിലും ഒതുങ്ങി നിന്നിരുന്ന പരസ്പര സഹകരണം സർവമേഖലകളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇരു രാജ്യങ്ങൾക്കും ഒരുപോലെ ഗുണകരമാവും വിധത്തിൽ പരസ്പര സഹകരണത്തിന്റെ ആഴവും പരപ്പും വർധിച്ചുവരികയാണ്. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മിൽ നടത്തിയ ചർച്ചകളിൽ ഉരുത്തിരിഞ്ഞ ആശയങ്ങളും തീരുമാനങ്ങളും അതിവേഗമാണ് പ്രാവർത്തികമാക്കുന്നത്. 2016 ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സൗദി സന്ദർശനത്തോടെയും 2019 ൽ കിരീടാവകാശിയുടെ ഇന്ത്യ സന്ദർശനത്തോടെയും തുടർന്നു നടന്ന വിവിധതല ചർച്ചകളുടെയും ഫലമായി നൂറ്റാണ്ടുകളുടെ പരസ്പര സഹകരണത്തിന് പുതിയ രൂപവും ഭാവവും കൈവരികയായിരുന്നു. ഇതിന്റെ പ്രയോജനം ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്കും വ്യാപാര, വാണിജ്യ, നയതന്ത്ര, ശാസ്ത്ര, സാങ്കേതിക, വിദ്യാഭ്യാസം തുടങ്ങിയ  മേഖലകളിലെല്ലാം ലഭിക്കാൻ തുടങ്ങിയതോടെ ഇന്ത്യþ- സൗദി സൗഹൃദത്തിന്റെ പുതിയ വാതായനങ്ങളാണ് തുറക്കപ്പെട്ടത്.


ഇന്ത്യയുമായുള്ള ബന്ധത്തിന് മുന്തിയ പരിഗണനയാണ് നൽകുന്നതെന്നും കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഇന്ത്യ þ- സൗദി പരസ്പര സഹകരണം അതിവിപുലമായി മാറിയിട്ടുണ്ടെന്നും അടുത്തിടെ ഇന്ത്യ സന്ദർശിച്ച സൗദി വിദേശകാര്യ മന്ത്രി ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ വ്യക്തമാക്കിയിരുന്നു. നയതന്ത്ര തലത്തിലും ശാസ്ത്ര, സാങ്കേതിക, വിദ്യാഭ്യാസ, സാംസ്‌കാരിക വിനിമയ തലങ്ങളിലുമെല്ലാം വളർന്നു വന്നിട്ടുള്ള പരസ്പര സഹകരണം ഇതിനു തെളിവാണ്. ഇരു രാജ്യങ്ങളിലെയും പൗരന്മാർക്ക് ഇരു രാജ്യങ്ങളും സന്ദർശിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഇന്ന് ലളിതവും എളുപ്പവുമാണ്. സൗദി പൗരന്മാർക്ക് ഇന്ത്യ സന്ദർശിക്കുന്നതിന് ഓൺ ലൈൻ ഇ വിസ സൗകര്യം ലഭ്യമാക്കി ഇന്ത്യ ഇക്കാര്യത്തിൽ നടപടികൾ കൂടുതൽ സുതാര്യമാക്കിയപ്പോൾ വിവിധ തരത്തിലുള്ള വിസകൾ അതിവേഗം ലഭ്യമാക്കുന്നതിലൂടെ സൗദിയും ഇക്കാര്യത്തിലുള്ള സഹകരണം മുമ്പെന്നത്തേക്കാളും ശക്തമാക്കുകയായിരുന്നു. 


ഇ വിസ ഇന്ത്യയിലേക്കുള്ള സൗദി സന്ദർശകരുടെ എണ്ണത്തിൽ വൻ വർധനയുണ്ടാക്കാൻ സഹായിക്കുമെന്നതിൽ സംശയമില്ല. ഇ ടൂറിസ്റ്റ് വിസ, ഇ ബിസിനസ് വിസ, ഇ മെഡിക്കൽ വിസ, ഇ മെഡിക്കൽ വിസ, ഇ കോൺഫറൻസ് തുടങ്ങിയ വിസകൾ ഓൺ ലൈൻ വഴി സൗദികൾക്ക് ഇപ്പോൾ ലഭ്യമാണ്. ഇന്ത്യയിൽ ബിസിനസുകാരായും സന്ദർശകരായും ചികിത്സകരായും വരുന്നതിന് ഇത് സൗദികളെ സഹായിക്കും. ഇതിന്റെ പ്രയോജനം ഇന്ത്യയുടെ വ്യവസായ, വിനോദ സഞ്ചാര ആരോഗ്യ മേഖലകൾക്ക് കരുത്തേകും. ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യങ്ങൾ കണ്ടാസ്വദിക്കുന്നതിനും കുറഞ്ഞ നിരക്കിൽ മികച്ച ചകിത്സ തേടുന്നതിനുമായി നേരത്തെ തന്നെ നിരവധി സൗദികൾ ഇന്ത്യയിലെത്തിയിരുന്നു. ഇനി അവരുടെ വരവിൽ ഗണ്യമായ വർധനയുണ്ടാവും. ഇതിൽ കൂടുതൽ പ്രയോജനം ലഭിക്കുക കേരളത്തിനാവും. കേരളത്തിന്റെ ആയുർവേദ ചികിത്സ ഗൾഫ് നാടുകളിൽ ഏറെ കീർത്തി കേട്ടതാണ്. കേരളത്തിന്റെ പ്രകൃതി സൗന്ദര്യവും സൗദികൾക്ക് പ്രിയംകരമാണ്. 


അതുപോലെ ഏതൊരു ഇന്ത്യക്കാരനും ഇന്ന് സൗദിയിലെത്തുക വളരെ എളുപ്പമാണ്. വിസ നടപടിക്രമങ്ങളിൽ സൗദി അറേബ്യയും  ഒട്ടേറെ പരിഷ്‌കാരങ്ങൾ വരുത്തിയതോടെ വിവിധ തരത്തിലുള്ള വിസകൾ അതിവേഗം ലഭിക്കും. ട്രാൻസിറ്റ് യാത്രക്കാർക്ക് 48 മണിക്കൂർ രാജ്യത്ത് തങ്ങി ഉംറ തീർഥാടനവും രാജ്യത്ത് എവിടെയും സഞ്ചരിക്കാനും അനുമതി നൽകിയുള്ള സൗദിയുടെ പ്രഖ്യാപനം അടുത്തിടെയാണുണ്ടായത്. വിദേശ തൊഴിലാളികൾക്ക് സന്ദർശക വിസയിൽ കുടുംബാംഗങ്ങളെ മാത്രമല്ല, ബന്ധുക്കളെ കൊണ്ടുവരുന്നതിനും  അനുമതി നൽകിയതും ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ്. കാരണം 27  ലക്ഷത്തിലേറെ ഇന്ത്യക്കാരാണ് സൗദിയിൽ ജോലി ചെയ്യുന്നത്. ഇതിനു പുറമെ വിനോദ സഞ്ചാര വിസകളും വാണിജ്യ വിസകളും ലഭ്യമാണ്. ഇതുവഴിയും നിരവധി ഇന്ത്യക്കാർ സൗദിയിലെത്തുന്നുണ്ട്. ജി.സി.സി രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഏതു പ്രവാസിക്കും സൗദിയിലേക്ക് ഓൺലൈൻ സന്ദർശക വിസയിൽ എത്താമെന്നതിന്റെയും കുടുതൽ പ്രയോജനം ലഭിക്കുക ഇന്ത്യക്കാർക്കായിരിക്കും. ജി.സി.സി വിസയില്ലെങ്കിലും സന്ദർശക വിസക്കാരായ ബന്ധുക്കൾക്കും അവരെ അനുഗമിക്കാനാവും. 


ശാസ്ത്ര സാങ്കേതിക രംഗത്തെ സഹകരണവും അനുദിനം ശക്തമാവുകയാണ്. ഊർജ, ഐ.ടി മേഖലകളിലെ സഹകരണം ഇരു രാജ്യങ്ങളിലും കോടികളുടെ നിക്ഷേപത്തിന് വഴിയൊരുക്കിയിട്ടുണ്ട്. ഇതു വഴി നിരവധി പേർക്ക് ജോലിയും  ലഭിച്ചിട്ടുണ്ട്. ഇപ്പോൾ ബഹിരാകാശ രംഗത്തേക്കും സഹകരണം വ്യാപിപ്പിച്ചിരിക്കുന്നു. ബഹിരാകാശ ഗവേഷണ സഹകരണത്തെക്കുറിച്ചും തന്ത്രപരമായ പങ്കാളിത്തത്തെക്കുറിച്ചും ചർച്ച ചെയ്യുന്നതിനായി സൗദി സ്പേസ് കമ്മീഷൻ (എസ്.എസ്.സി) സി.ഇ.ഒ ഡോ. മുഹമ്മദ് ബിൻ സൗദ് അൽ തമീമി ഇന്ത്യൻ ബഹിരാകാശ രംഗത്തെ പ്രമുഖരുമായി  കൂടിക്കാഴ്ചകൾ നടത്തിയതും അടുത്തിടെയാണ്. ഇന്ത്യയുടെ അനുഭവങ്ങളിൽനിന്ന് പാഠം ഉൾക്കൊണ്ട് സൗദി ബഹിരാകാശ മേഖലയെ ശക്തിപ്പെടുത്തുകയാണ് സന്ദർശന ലക്ഷ്യം. ബഹിരാകാശ സമ്പദ്വ്യവസ്ഥയിലും അതിന്റെ ഭാവി മേഖലകളിലും പൊതു താൽപര്യാർഥമുള്ള സഹകരണവും തന്ത്രപരമായ പങ്കാളിത്തവും ഉണ്ടാക്കുന്നതിനുള്ള വഴികളെക്കുറിച്ചായിരുന്നു ഐ.എസ്.ആർ.ഒ ഗവേഷണ വിഭാഗം മേധാവികളുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമായും ചർച്ച ചെയ്തത്.  ബഹിരാകാശ മേഖലയിലെ സ്വകാര്യ നിക്ഷേപ സാധ്യതകളെക്കുറിച്ചും ഇരുപക്ഷവും ചർച്ച നടത്തിയതും ഈ രംഗത്തെ നിക്ഷേപ സാധ്യതകൾക്കും വഴിയൊരുക്കുന്നതാണ്. വിജ്ഞാന കൈമാറ്റത്തിലും ഇന്ത്യയുമായുള്ള കൈകോർക്കൽ മുൻപെന്നത്തേക്കാളും ശക്തമാണ്. നിരവധി സൗദി വിദ്യാർഥികൾ ഇന്ത്യയിൽ പഠനം നടത്തുന്നുണ്ട്. അതുപോലെ ഇന്ത്യൻ സർവകലാശാലകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സൗദിയിലേക്ക് ക്ഷണിച്ചിരിക്കുകയുമാണ്. കല, സാംസ്‌കാരിക കായിക രംഗത്തെ സൗഹൃദവും കുടതൽ വർണാഭമാണ്. അടുത്തിടെ ജിദ്ദയിൽ നടന്ന രാജ്യാന്തര ഫിലിം ഫെസ്റ്റിവലും കായിക മാമാങ്കവുമെല്ലാം അതിനു തെളിവാണ്. വ്യാപാര രംഗത്തും ഈ ബന്ധം അതിശക്തമാണ്. സൗദി അറേബ്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ വാണിജ്യ പങ്കാളിയാണ് ഇന്ത്യ. കഴിഞ്ഞ വർഷം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര വളർച്ച 67 ശതമാനം തോതിലായിരുന്നു. അതു വർധിച്ചുകൊണ്ടിരിക്കുകയുമാണ്.  ഇങ്ങനെ എല്ലാ തലങ്ങളിലും ഇന്ത്യ സൗദി ബന്ധം കൂടുതുൽ ഊഷ്മളവും ശക്തമാവുമ്പോൾ അതു ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്കിടയിലും സൗഹൃദത്തിന്റെ പുതിയ മേച്ചിൽപുറങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്.   

Latest News