Sorry, you need to enable JavaScript to visit this website.

കലമുടയ്ക്കുന്ന കലഹപ്രിയർ

സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ നിരന്തരം പ്രതികരിച്ചും പ്രതിഷേധിച്ചും ജനങ്ങളെ ഒപ്പം കൂട്ടി ഒറ്റക്കെട്ടായി നിൽക്കുക എന്ന ഒരൊറ്റ മാർഗമേ, അടുത്ത തെരഞ്ഞെടുപ്പിൽ തിരിച്ചുവരണമെന്നുണ്ടെങ്കിൽ കോൺഗ്രസിനും യു.ഡി.എഫിനും മുന്നിലുള്ളൂ. അപ്പോഴാണ് എന്തു വന്നാലും ഞങ്ങൾ ഒരുമിച്ച് നിൽക്കില്ലെന്ന മട്ടിൽ കോൺഗ്രസ് നേതാക്കൾ തമ്മിലടിക്കുന്നത്. ഇതാണ് പോക്കെങ്കിൽ ഇടതുമുന്നണിക്ക് കേരളത്തിൽ മൂന്നാമൂഴം കിട്ടാൻ അധികം വിയർപ്പൊഴുക്കേണ്ടിവരില്ല.


എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാവൂല്ല എന്ന പഴഞ്ചൊല്ല് കേരളത്തിൽ ഏറ്റവുമധികം യോജിക്കുന്നത് ആർക്കെന്ന് ചോദിച്ചാൽ സംശയം വേണ്ട, കോൺഗ്രസ് പാർട്ടിക്കാണ്. സംസ്ഥാനത്തിലാവട്ടെ, ദേശീയ തലത്തിലാവട്ടെ പാർട്ടി ഇത്രയേറെ വെല്ലുവിളികൾ നേരിടുന്ന ഘട്ടത്തിൽ കേന്ദ്ര, കേരള സർക്കാരുകളുടെ നയങ്ങളും നടപടികളും ജനങ്ങളെ വരിഞ്ഞുമുറുക്കുന്ന ഈ വേളയിൽ അതിൽനിന്നെല്ലാം മുഖം തിരിച്ച് തമ്മിൽ തല്ലാനും പരസ്പരം ഏറ്റുമുട്ടി നശിക്കാനുമാണ് ആ പാർട്ടിയിലെ നേതാക്കൾ ഒരുമ്പെട്ടിറങ്ങിയിരിക്കുന്നത്. പാർട്ടി രാജ്യത്ത് നിലനിൽപിനായുള്ള പിടച്ചിൽ പിടയവേ അതൊന്നും തങ്ങളെ ബാധിക്കില്ലെന്ന മട്ടിൽ ഇല്ലാത്ത വിഷയം ഉണ്ടാക്കിയെടുത്ത് പോർവിളി നടത്തുന്ന വിവരദോഷികൾ. മോഡിയും പിണറായിയും ജനങ്ങളെ എങ്ങനെയെല്ലാം ഞെക്കിപ്പിഴിഞ്ഞാലും ഇവർക്കൊരു പ്രശ്‌നവുമില്ല, പാർട്ടിയിൽ ഞാൻ പറയുന്നതാവണം അവസാന വാക്കെന്ന മർക്കട മുഷ്ടിയാണ് ഓരോരുത്തർക്കും. ഇങ്ങനെ തൊഴുത്തിൽ കുത്തിയും കുതികാൽ വെട്ടിയുമാണ് പാർട്ടി ഈ കോലത്തിലായതെന്ന ബോധം പോലുമില്ലാത്ത അൽപന്മാർ. കോൺഗ്രസിന്റെ തിരിച്ചുവരവ് സ്വപ്‌നം കണ്ട് അതിനു വേണ്ടി വിയർപ്പൊഴുക്കുന്ന സാധാരണ പ്രവർത്തകരെ മാത്രമല്ല, രാജ്യത്ത് മതേതര - ജനാധിപത്യ മൂല്യങ്ങൾ സ്വഛന്ദമായി നിലനിന്നു കാണണമെന്ന് ആഗ്രഹിക്കുന്ന മുഴുവൻ ജനങ്ങളെയും നിരാശപ്പെടുത്തുകയാണ് ഈ കലാപമോഹികൾ.


ഇപ്പോൾ കേരളത്തിൽ ഉണ്ടായിരിക്കുന്ന തമ്മിൽ തല്ലിനും പോർവിളിക്കും എന്താണ് കാരണമെന്നു പോലും സാധാരണ ജനങ്ങൾക്ക് മനസ്സിലാവുന്നില്ല. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും നേതൃത്വത്തിൽ ഒരുവിധം കുഴപ്പമില്ലാത്ത വിധത്തിലാണ് പാർട്ടിയുടെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നത്. തെറ്റുകുറ്റങ്ങളില്ലെന്നല്ല, അത് കോൺഗ്രസ് പാർട്ടിയിൽ എല്ലാ കാലത്തുമുള്ളതാണല്ലോ. എങ്കിലും ജനകീയ പ്രശ്‌നങ്ങളിൽ സജീവമായി ഇടപെട്ടും നിയമസഭയിലും പുറത്തും വിവിധ വിഷയങ്ങളിൽ സർക്കാരിനെ മുൾമുനയിൽ നിർത്തിയും സാധാരണ ജനങ്ങളിൽ പ്രതീക്ഷ വളർത്തുന്നതിന് ഇപ്പോഴത്തെ നേതൃത്വത്തിന് നല്ലൊരളവിൽ സാധിക്കുന്നുണ്ട്. സംഘടന തലത്തിലെ പ്രശ്‌നങ്ങൾ ചിലതെല്ലാം പരിഹരിക്കപ്പെടാതെ കിടക്കുന്നുണ്ടെന്നത് ശരി തന്നെ. എങ്കിലും മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി താഴെ തട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്താനും പ്രവർത്തകരെ സജീവമാക്കാനുമുള്ള പ്രവർത്തനങ്ങൾ പുരോഗമിച്ചുവരുന്നു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പ്രവർത്തകർക്ക് വലിയൊരു ഉണർവാണ് നൽകിയത്. സോഷ്യൽ മീഡിയ ഇടപെടലിന്റെ കാര്യത്തിൽ ബി.ജെ.പിയുടെയോ സി.പി.എമ്മിന്റെയോ നിലവാരത്തിൽ എത്തിയിട്ടില്ലെങ്കിലും രണ്ട് വർഷം മുമ്പത്തെ അവസ്ഥ വെച്ചുനോക്കുമ്പോൾ ബഹുദൂരം മുന്നേറാൻ കോൺഗ്രസിന് ഇപ്പോൾ കഴിഞ്ഞിട്ടുണ്ട്. അണികൾക്ക് പ്രതീക്ഷ നൽകുന്ന ഈ മുന്നേറ്റത്തെയാണ് നേതാക്കളുടെ തമ്മിൽപോര് ഇല്ലാതാക്കുന്നത്.


സംഘടന ഭാരവാഹികളെ നിശ്ചയിക്കുന്നതിനെ ചൊല്ലി നിലനിൽക്കുന്ന അസ്വാരസ്യങ്ങളാണ് പാർട്ടിക്ക് മൊത്തത്തിൽ അവമതിപ്പ് ഉണ്ടാക്കും വിധം പരസ്യ പൊട്ടിത്തെറിയിലേക്ക് എത്തിയിരിക്കുന്നത്. സുധാകരന്റെ കണ്ണൂർ ശൈലി, അയഞ്ഞ ചട്ടക്കൂടിൽ പ്രവർത്തിച്ചു ശീലിച്ച കോൺഗ്രസ് നേതാക്കൾക്ക് പൊതുവെ സ്വീകാര്യമല്ല. എ-ഐ ഗ്രൂപ്പുകളുടെ താൽപര്യങ്ങളെ മറികടന്ന് സുധാകരനെ കെ.പി.സി.സി അധ്യക്ഷനും വി.ഡി. സതീശനെ പ്രതിപക്ഷ നേതാവുമാക്കിയ ഹൈക്കമാൻഡ് തീരുമാനം ഗ്രൂപ്പ് മാനേജർമാരിൽ ഉണ്ടാക്കിയിട്ടുള്ള അമർഷം നീറിനീറി പുകയുന്നുമുണ്ട്. പാർട്ടി കാര്യങ്ങൾ കൂടിയാലോചിക്കുന്നില്ലെന്നു പറഞ്ഞ് കെ.പി.സി.സി നേതൃത്വത്തെ കടന്നാക്രമിച്ച് കോഴിക്കോട് എം.പി എം.കെ. രാഘവനാണ് ഏറ്റവുമൊടുവിൽ വെടിപൊട്ടിച്ചത്. കെ. മുരളീധരൻ എം.പി രാഘവന്റെ അഭിപ്രായത്തെ പരസ്യമായി പിന്തുണച്ചു. ഇരുവർക്കുമെതിരെ പാർട്ടി അച്ചടക്കം ലംഘിച്ചുവെന്ന് കാട്ടി കാരണം കാണിക്കൽ നോട്ടീസ് നൽകാനുള്ള കെ.പി.സി.സി പ്രസിഡന്റിന്റെ തീരുമാനം കാര്യങ്ങൾ കൂടുതൽ വഷളാക്കി. താനിനി മത്സരിക്കാനേ ഇല്ലെന്നും പാർട്ടി പദവികളും വേണ്ടെന്നും വേണമെങ്കിൽ പാർട്ടി പ്രവർത്തനം തന്നെ അവസാനിപ്പിക്കാമെന്നുമാണ് മുരളീധരൻ രോഷത്തോടെ പ്രതികരിച്ചത്. കെ. സുധാകരന്റെ തീരുമാനത്തിനെതിരെ രമേശ് ചെന്നിത്തലയും എം.എം. ഹസനുമടക്കമുള്ളവർ രംഗത്തു വന്നു. സുധാകരന്റെ ഏകാധിപത്യ ശൈലിക്കെതിരെ ഏതാനും എം.പിമാർ ഹൈക്കമാൻഡിന് പരാതി നൽകിയിരിക്കുകയാണ്. ഹൈക്കമാൻഡ് എന്നുവെച്ചാൽ കെ.സി. വേണുഗോപാൽ. എല്ലാവരും പരസ്യമായി പ്രതികരിച്ച് സംഗതി പരമാവധി കുളമാക്കുന്നുണ്ട്.


തങ്ങളുടെ ഇഷ്ടക്കാർക്കെല്ലാം പാർട്ടി പദവികൾ സംഘടിപ്പിക്കാനുള്ള ഗ്രൂപ്പുകളുടെയും നേതാക്കളുടെയും സമ്മർദങ്ങളും അതിന് വഴങ്ങാതെ തനിക്ക് താൽപര്യമുള്ളവരെ കുത്തിനിറക്കാനുള്ള സുധാകരന്റെ മർക്കടമുഷ്ടിയുമാണ് കാര്യങ്ങൾ ഈ വിധം വഷളാക്കിയത്. അൽപം ക്ഷമയും വിട്ടുവീഴ്ചയും കാട്ടി പരസ്പരം ചർച്ച ചെയ്താൽ സമാധാനപരമായി തന്നെ പരിഹരിക്കാവുന്ന പ്രശ്‌നമാണിത്. എന്നാൽ സ്ഥാനമാനങ്ങളിൽ തനിക്കൊപ്പമുള്ളവരെ പരമാവധി കുത്തിനിറച്ച് പാർട്ടി പിടിച്ചെടുക്കാൻ ഓരോ ഗ്രൂപ്പുകളും ഒപ്പം കെ.പി.സി.സി പ്രസിഡന്റും ശ്രമിക്കുന്നെങ്കിൽ പിന്നെ കാര്യങ്ങൾ ഇങ്ങനെ ആയിത്തീരുകയേ ഉള്ളൂ. നേതാക്കളെ സംബന്ധിച്ചിടത്തോളം പാർട്ടിക്കും മേലെയാണ് ഗ്രൂപ്പ്.


കേന്ദ്രത്തിൽ മോഡിയും കേരളത്തിൽ പിണറായി വിജയനും തുടർഭരണം കിട്ടിയതിന്റെ അഹങ്കാരത്തിൽ ജനങ്ങളെ വെല്ലുവിളിച്ച് സധൈര്യം മുന്നോട്ടു പോകുന്നതിന്റെ പ്രധാന കാരണം പ്രതിപക്ഷത്തുള്ള കോൺഗ്രസിന്റെ ശക്തിക്ഷയമാണെന്ന് രാജ്യത്തെ ജനങ്ങൾക്കെല്ലാമറിയാം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയത്തിന് തൊട്ടുപിന്നാലെയാണ് കേന്ദ്ര സർക്കാർ പാചകവാതക വില കുത്തനെ കൂട്ടിയത്. ബജറ്റിലെ വൻ വിലക്കയറ്റ നടപടികൾക്ക് പുറമേയാണിത്. കേരളത്തിലാവട്ടെ ജനങ്ങളുടെ നടുവൊടിക്കുന്ന നികുതി ഭാരമാണ് ബജറ്റിൽ വരുത്തിയിരിക്കുന്നത്. എന്തു ചെയ്താലും തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ എന്തെങ്കിലും പൊടിക്കൈകൾ കാട്ടി ജനത്തെ കൈയിലെടുക്കാമെന്ന് മോഡിക്കും പിണറായിക്കുമറിയാം. എന്തു വന്നാലും പിൻവലിക്കില്ലെന്ന് പറഞ്ഞിരുന്ന വിവാദ കർഷക നിയമങ്ങൾ വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട് പിൻവലിക്കാൻ മോഡിക്ക് ആലോചിക്കേണ്ടിവന്നില്ല. അതുപോലെ രാമക്ഷേത്രം, ഏക സിവിൽ കോഡ്, ഹിജാബ് തുടങ്ങിയ സ്ഥിരം നമ്പറുകൾ വേറെയും.
കേരളത്തിലാണെങ്കിൽ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കിറ്റ് കൊടുത്താൽ മതി, ജനം വോട്ട് ചെയ്‌തോളുമെന്ന് പിണറായിക്കറിയാം. അതുകൊണ്ടാണ് ബജറ്റിൽ നടപ്പാക്കിയ പെട്രോൾ, ഡീസൽ സെസിൽ പോലും ചെറിയ കുറവ് വരുത്താൻ മുഖ്യമന്ത്രി തയാറാവാത്തത്. പ്രതിപക്ഷം ആവശ്യപ്പെട്ടിട്ട് നികുതി കുറക്കില്ലെന്ന് അഹങ്കാരത്തോടെയാണ് അദ്ദേഹത്തിന്റെ നിൽപ്. അഴിമതി ആരോപണങ്ങളൊന്നും ജനങ്ങൾ കാര്യമാക്കില്ലെന്ന അമിത ആത്മവിശ്വാസവും പിണറായിക്കുണ്ട്.


സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ നിരന്തരം പ്രതികരിച്ചും പ്രതിഷേധിച്ചും ജനങ്ങളെ ഒപ്പം കൂട്ടി ഒറ്റക്കെട്ടായി നിൽക്കുക എന്ന ഒരൊറ്റ മാർഗമേ അടുത്ത തെരഞ്ഞെടുപ്പിൽ തിരിച്ചുവരണമെന്നുണ്ടെങ്കിൽ കോൺഗ്രസിനും യു.ഡി.എഫിനും മുന്നിലുള്ളൂ. അപ്പോഴാണ് എന്തു വന്നാലും ഞങ്ങൾ ഒരുമിച്ച് നിൽക്കില്ലെന്ന മട്ടിൽ കോൺഗ്രസ് നേതാക്കൾ തമ്മിലടിക്കുന്നത്. ഇതാണ് പോക്കെങ്കിൽ ഇടതു മുന്നണിക്ക് കേരളത്തിൽ മൂന്നാമൂഴം കിട്ടാൻ അധികം വിയർപ്പൊഴുക്കേണ്ടിവരില്ല.

Latest News