ജിദ്ദ- സൗദി അറേബ്യയും ഇറാനും തമ്മിൽ ഒപ്പുവെച്ച കരാറുകളുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നു. 2021 ൽ ഇറാഖിൽ ആരംഭിച്ച മുൻ ചർച്ചകളുടെ തുടർച്ചയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറെന്ന് മലയാളം ന്യൂസിന്റെ സഹോദര സ്ഥാപനമായ അറബ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ ഡിസംബറിലെ തന്റെ റിയാദ് സന്ദർശന വേളയിൽ, സൗദി അറേബ്യയും ഇറാനും തമ്മിലുള്ള സംഘർഷം പരിഹരിക്കാൻ സഹായിക്കുന്ന പാലമായി വർത്തിക്കാമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് വാഗ്ദാനം ചെയ്തിരുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഈ നീക്കത്തെ സ്വാഗതം ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച കരാർ ഒപ്പിടുന്നതിന് മുമ്പ് ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ ചൈനയുടെ സാന്നിധ്യത്തിൽ അഞ്ചു ദിവസം രാവും പകലുമില്ലാതെ ചർച്ച നടത്തിയാണ് കരാറിൽ ഒപ്പിട്ടത്. മൂന്നു പ്രധാന കാര്യങ്ങളാണ് ചർച്ചയിൽ ഉൾക്കൊള്ളിച്ചിരുന്നത്. ആദ്യത്തെത് അതാത് രാജ്യങ്ങളുടെ പരമാധികാരത്തോടുള്ള ആദരവായിരുന്നു. രണ്ടാമതായി, അടുത്ത രണ്ട് മാസത്തിനുള്ളിൽ നയതന്ത്രബന്ധങ്ങൾ പുനഃസ്ഥാപിക്കുക, ഇത് ഇരു രാജ്യങ്ങൾക്കും വിശദാംശങ്ങൾ അവലോകനം ചെയ്യാനും അന്തിമമാക്കാനും സമയം നൽകും. നയതന്ത്രജ്ഞരെ വീണ്ടും അയക്കാനും ഇതുവഴി തീരുമാനിച്ചു.
2001-ലെ സുരക്ഷാ ഉടമ്പടി ഉൾപ്പെടെ, ഇറാനും സൗദി അറേബ്യയും തമ്മിൽ മുമ്പ് സമ്മതിച്ച ഉഭയകക്ഷി ഉടമ്പടികളുടെ പുനരുജ്ജീവനമായിരുന്നു മൂന്നാമത്തെ കാര്യം. അന്തരിച്ച സൗദി ആഭ്യന്തര മന്ത്രി പ്രിൻസ് നായിഫ് ബിൻ അബ്ദുൽ അസീസും അക്കാലത്തെ ഇറാൻ സഹമന്ത്രി ഹസൻ റൂഹാനിയുമാണ് അന്ന് കരാറിൽ ഒപ്പുവച്ചിരുന്നത്.
മേഖലയിൽ സംഘർഷത്തിന്റെ കാർമേഘങ്ങൾ വകഞ്ഞുമാറ്റിയും സമാധാനത്തിന്റെയും അഭിവൃദ്ധിയുടെയും പൊൻകിരണങ്ങൾ പരത്തിയും, വർഷങ്ങൾ നീണ്ട ഇടവേളക്കു ശേഷം സൗദി അറേബ്യയും ഇറാനും നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ തീരുമാനിച്ചത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് മുൻകൈയെടുത്ത് ചൈനയുടെ മധ്യസ്ഥതയിൽ നടന്ന അഞ്ചു ദിവസം ദിവസം നീണ്ട മാരത്തോൺ ചർച്ചകളിലൂടെയാണ് സൗദി അറേബ്യയും ഇറാനും തമ്മിൽ നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ തീരുമാനമായതെന്ന് സൗദി അറേബ്യയും ചൈനയും ഇറാനും പുറപ്പെടുവിച്ച സംയുക്ത പ്രസ്താവന പറഞ്ഞിരുന്നു. സൗദി ദേശീയ സുരക്ഷാ ഉപദേഷ്ടാവും സഹമന്ത്രിയുമായ മുസാഅദ് അൽഈബാന്റെ നേതൃത്വത്തിലുള്ള സൗദി സംഘവും ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അഡ്മിറൽ അലി ശംഖാനിയുടെ നേതൃത്വത്തിലുള്ള ഇറാൻ സംഘവുമാണ് ബെയ്ജിംഗിൽ നടന്ന ചർച്ചകളിൽ പങ്കെടുത്തത്. കഴിഞ്ഞ രണ്ടു വർഷങ്ങൾക്കിടെ സൗദി, ഇറാൻ ചർച്ചകൾക്ക് ആതിഥേയത്വം വഹിച്ച ഇറാഖിനും ഒമാനും നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്ന കരാർ ഒപ്പുവെക്കുന്നതിലേക്ക് നയിച്ച ചർച്ചകൾക്ക് ആതിഥേയത്വം വഹിച്ച ചൈനക്കും സൗദി, ഇറാൻ സംഘം നന്ദി പ്രകടിപ്പിച്ചു.
കരാർ പ്രകാരം സൗദി അറേബ്യ ഇറാനിലെയും ഇറാൻ സൗദിയിലെയും എംബസികളും കോൺസുലേറ്റുകളും രണ്ടു മാസത്തിനുള്ളിൽ വീണ്ടും തുറക്കും. രാജ്യങ്ങളുടെ പരമാധികാരം മാനിക്കുമെന്നും ആഭ്യന്തര കാര്യങ്ങളിൽ ഇടപെടില്ലെന്നും ഇരു രാജ്യങ്ങളും കരാറിൽ വ്യക്തമാക്കിയിട്ടുണ്ട്. കരാർ നടപ്പാക്കാനും അംബാസഡർമാരെ പരസ്പരം നിയമിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്താനും ഉഭയകക്ഷി ബന്ധങ്ങൾ ശക്തമാക്കുന്നതിനെ കുറിച്ച് വിശകലനം ചെയ്യാനും സൗദി, ഇറാൻ വിദേശ മന്ത്രിമാർ യോഗം ചേരും.
സൗദി അറേബ്യയും ഇറാനും 2001 ഏപ്രിൽ 17 ന് ഒപ്പുവെച്ച സുരക്ഷാ സഹകരണ കരാറും സാമ്പത്തിക, വാണിജ്യ, നിക്ഷേപ, സാങ്കേതിക, ശാസ്ത്ര, സാംസ്‌കാരിക, സ്‌പോർട്‌സ്, യുവജന മേഖലകളിൽ പരസ്പര സഹകരണത്തിന് 1998 മെയ് 27 ന് ഒപ്പുവെച്ച പൊതുകരാറും നടപ്പാക്കാനും ഇരു രാജ്യങ്ങളും ധാരണയിലെത്തിയിട്ടുണ്ട്. മേഖലാ, ആഗോള സുരക്ഷയും സമാധാനവും ശക്തമാക്കാൻ മുഴുവൻ ശ്രമങ്ങളും നടത്തുമെന്നും സൗദി അറേബ്യയും ഇറാനും ചൈനയും വ്യക്തമാക്കി.
സൗദി, ഇറാൻ നയതന്ത്രബന്ധം പുനഃസ്ഥാപിക്കാനുള്ള തീരുമാനം അറിയിച്ച് ഇന്നലെ ബെയ്ജിംഗിൽ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ സൗദി ദേശീയ സുരക്ഷാ ഉപദേഷ്ടാവും സഹമന്ത്രിയുമായ മുസാഅദ് അൽഈബാനും ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അഡ്മിറൽ അലി ശംഖാനിയും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന (സി.പി.സി) പൊളിറ്റിക്കൽ ബ്യൂറോ, സെൻട്രൽ കമ്മിറ്റി അംഗവും സി.പി.സി സെൻട്രൽ കമ്മിറ്റി ഫോറീൻ അഫയേഴ്‌സ് കമ്മീഷൻ ഡയറക്ടറുമായ വാംഗ് യി യുമാണ് ഒപ്പുവെച്ചത്.
നയതന്ത്രബന്ധം പുനഃസ്ഥാപിക്കാനുള്ള സൗദി അറേബ്യയുടെയും ഇറാന്റെയും തീരുമാനത്തെ ലോക രാജ്യങ്ങൾ സ്വാഗതം ചെയ്തു. സൗദി അറേബ്യയും ഇറാനും തമ്മിൽ നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിനെയും, യെമൻ യുദ്ധം അവസാനിപ്പിക്കാനും മധ്യപൗരസ്ത്യദേശത്ത് പിരിമുറുക്കങ്ങൾ ശാന്തമാക്കാനും നടത്തുന്ന ഏതു ശ്രമങ്ങളെയും സ്വാഗതം ചെയ്യുന്നതായി വൈറ്റ്ഹൗസ് പറഞ്ഞു. ഒമാനും ഇറാഖും തുർക്കിയും അടക്കം നിരവധി രാജ്യങ്ങൾ സൗദി, ഇറാൻ തീരുമാനത്തെ സ്വാഗതം ചെയ്തു.
എട്ടു വർഷമായി തുടരുന്ന യെമൻ സംഘർഷത്തിന് അന്ത്യമുണ്ടാക്കാൻ സൗദി അറേബ്യയും യെമനും തമ്മിലുള്ള ബന്ധങ്ങൾ സാധാരണ നിലയിലാകുന്നത് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കിഴക്കൻ സൗദിയിൽ ഭീകര, വിധ്വംസക പ്രവർത്തനങ്ങളിൽ പങ്കുള്ള ശിയാ പണ്ഡിതൻ അടക്കമുള്ള ഭീകരർക്ക് വധശിക്ഷ നടപ്പാക്കിയതിൽ പ്രതിഷേധിച്ച് ഇറാനിലെ സൗദി നയതന്ത്രകാര്യാലയങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് ഇറാനുമായുള്ള നയതന്ത്രബന്ധം സൗദി അറേബ്യ വർഷങ്ങൾക്കു മുമ്പ് വിച്ഛേദിച്ചത്. യെമനിലെ ഹൂത്തികളെ ഉപയോഗിച്ച് സൗദി അറേബ്യക്കു നേരെ നിരന്തരം ആക്രമണങ്ങൾ നടത്തിയതും കിഴക്കൻ സൗദിയിൽ ഭീകരർക്ക് പിന്തുണ നൽകിയതും കിഴക്കൻ സൗദിയിൽ എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കു നേരെ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഇറാൻ ആക്രമണങ്ങൾ നടത്തിയതും ഉഭയകക്ഷിബന്ധം കൂടുതൽ വഷളാക്കുകയായിരുന്നു.