റിയാദ് - തലസ്ഥാന നഗരിയിലെ കാസബ്ലാങ്ക ഡിസ്ട്രിക്ടിൽ കനത്ത മഴക്കിടെ വെള്ളം കയറിയ റോഡുകളിൽ രണ്ടു കാറുകളിൽ കുടുങ്ങിയ മൂന്നു യാത്രക്കാരെ സിവിൽ ഡിഫൻസ് സുരക്ഷിതമായി രക്ഷിച്ചു. വെള്ളം കയറിയ റോഡിൽ കുടുങ്ങിയ പിക്കപ്പിലെ രണ്ടു യാത്രക്കാർ വാഹനത്തിനു മുകളിൽ കയറിയിരിക്കുകയായിരുന്നു. ഇവരെയും മറ്റൊരു കാറിന്റെ ഡ്രൈവറെയുമാണ് രക്ഷപ്പെടുത്തിയത്. ഇന്നലെ(ബുധൻ) രാത്രി പെയ്ത കനത്ത മഴയിൽ റിയാദിൽ പലയിടത്തും വെള്ളപ്പൊക്കമുണ്ടായിരുന്നു. റിയാദിലെ അൽ മനാഖ് പരിസരത്തെ ടണലുകളിൽ വെള്ളം നിറഞ്ഞ് വാഹനങ്ങൾ മുങ്ങി. ടണലിൽനിന്ന് വെള്ളം ഒഴിഞ്ഞുപോകാത്തതാണ് ദുരന്തത്തിന് കാരണമായത്. ഇതുവഴി ആറുമണിക്കൂറിലേറെ നേരം ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.